പഞ്ച്കുല: ഒരു മാസത്തിലേറെയായി ഒളിവിലായിരുന്ന ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീം സിങ്ങിന്റെ ദത്തുപുത്രി ഹണിപ്രീത് ഇൻസാൻ പൊലീസ് കസ്റ്റഡിയിൽ.രാവിലെ മൊഹാലി പൊലീസ് സറ്റേഷനിലെത്തിയ ഹണിപ്രീതിനെ ഹരിയാന പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.റാം റീമിനെ രണ്ടുബലാൽസംഗക്കേസുകളിൽ കോടതി ശിക്ഷിച്ചതിനെ തുടർന്ന് ഹരിയാനയിലും, പഞ്ചാബിലും, ഡൽഹിയിലും വ്യാപകമായ ആക്രമം പൊട്ടിപ്പുറപ്പെട്ടിരുന്നു.അക്രമത്തിന് ആഹ്വാനം ചെയ്ത ഹണിപ്രീതിനും കൂട്ടർക്കുമെതിരെ പൊലീസ് കേസെടുത്തതോടെയാണ് അവർ മുങ്ങിയത്.

ഹണിപ്രീതിനെ കസ്റ്റഡിയിലെടുത്തതായി പഞ്ച്കുല ഡിസിപി മൻബീർ സിങ് സ്ഥിരീകരിച്ചു.കഴിഞ്ഞാഴ്ച ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു.റാം റഹീമം ജയിലിലായതോടെ, ഹണിപ്രീത് നേപ്പാളിലേക്ക് കടന്നെന്നും വാർത്തകൾ പ്രചരിച്ചിരുന്നു.എന്നാൽ, താൻ നേപ്പാളിൽ പോയില്ലെന്നും, രാജ്യത്ത് തന്നെയുണ്ടായിരുന്നെന്നും അവർ മാധ്യമങ്ങളോട് വ്യക്തമാക്കി. സത്യം ഒരിക്കൽ ലോകം തിരിച്ചറിയുമെന്നും, ഇത്തരത്തിലുള്ള ആരോപണങ്ങൾ തങ്ങളെ വേദനിപ്പിക്കുകയും, ഞെട്ടിക്കുകയും ചെയ്തു. തങ്ങൾ ദേശസ്‌നേഹികളാണെന്നും, ഇന്ത്യയ സ്‌നേഹിക്കുന്നുവെന്നും ഹണിപ്രീത് പറഞ്ഞു.

ഹണിപ്രീത്, റാം റഹിമിന്റെ നിർദ്ദേശമനുസരിച്ചാണ് കീഴടങ്ങിയത്. ഇരുവരും തമ്മിൽ അച്ഛൻ-മകൾ ബന്ധമല്ലെന്ന തരത്തിൽ വാർത്തകളുണ്ടായിരുന്നു. എന്നാൽ, ഗുർമീതും താനും അച്ഛനും മകളും പോലെയാണെന്നും അവിഹിത ബന്ധമുണ്ടെന്ന രീതിയിൽ പ്രചാരണം നടത്തരുതെന്നും ഹണിപ്രീത് ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സിർസയിലെ ആശ്രമത്തിൽ ആരും മാനഭംഗപ്പെട്ടിട്ടില്ലെന്നും ആരോപണങ്ങളെല്ലാം കളവാണെന്നും അവർ അഭിപ്രായപ്പെട്ടു.