- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണന്റെ 'ആർത്തവ സ്കാനർ' പരാമർശത്തിനെതിരായ പ്രതിഷേധം അതിർത്തി കടന്നു; വിഷയം ഏറ്റെടുത്ത് ദേശീയ മാദ്ധ്യമങ്ങൾ; 'ഹാപ്പി ടു ബ്ലീഡ്' ഹാഷ് ടാഗ് പ്രതിഷേധം സോഷ്യൽ മീഡിയയിലും ശക്തം; വൈറലായത് പഞ്ചാബ് സ്വദേശിയായ 20കാരിയുടെ തുറന്നകത്ത്
തിരുവനന്തപുരം: ശബരിമല അയ്യപ്പ ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശനം നൽകാത്ത വിഷയം പലപ്പോഴും ചർച്ചകളിൽ നിറഞ്ഞിട്ടുണ്ട്. മുമ്പ് ജയമാലയുടെ ക്ഷേത്ര സന്ദർശനവുമായി ബന്ധപ്പെട്ട വിവാദം ഉണ്ടായിരുന്നപ്പോൾ സോഷ്യൽ മീഡിയ അത്രയ്ക്ക് സജീവമായിരുന്നില്ല. എന്നാൽ, ഇന്ന് സ്ഥിതി മാറിയിട്ടുണ്ട്. എന്തിനോടും ഉടനടി പ്രതിഷേധിക്കുന്ന കാലമാണ് ഇപ്പോൾ. ഇത
തിരുവനന്തപുരം: ശബരിമല അയ്യപ്പ ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശനം നൽകാത്ത വിഷയം പലപ്പോഴും ചർച്ചകളിൽ നിറഞ്ഞിട്ടുണ്ട്. മുമ്പ് ജയമാലയുടെ ക്ഷേത്ര സന്ദർശനവുമായി ബന്ധപ്പെട്ട വിവാദം ഉണ്ടായിരുന്നപ്പോൾ സോഷ്യൽ മീഡിയ അത്രയ്ക്ക് സജീവമായിരുന്നില്ല. എന്നാൽ, ഇന്ന് സ്ഥിതി മാറിയിട്ടുണ്ട്. എന്തിനോടും ഉടനടി പ്രതിഷേധിക്കുന്ന കാലമാണ് ഇപ്പോൾ. ഇത്തവണയും വീണ്ടുമൊരു മണ്ഡലകാലം ആരംഭിച്ചതോടെ യുവതികളായ സ്ത്രീകളുടെ ക്ഷേത്ര സന്ദർശന വിഷയമാണ് ചർച്ചയായത്. എന്നാൽ, ഇതിനിടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശം ഏറെ വിവാദങ്ങൾക്കും ഇടയാക്കിയിരുന്നു.
അശുദ്ധി പരിശോധിക്കാൻ മെഷീൻ സ്ഥാപിക്കുന്ന കാലത്ത് സ്ത്രീകളെ പ്രവേശിപ്പിക്കുന്ന കാര്യം ആലോചിക്കാം എന്ന ഗോപാലകൃഷ്ണന്റെ പ്രസ്താവന ദേശീയ തലത്തിൽ തന്നെ ശ്രദ്ധ നേടി. സോഷ്യൽ മീഡിയാ കാലമായതു കൊണ്ട് തന്നെ അതിവേഗം ഇത് സോഷ്യൽ മീഡിയയുടെ ശ്രദ്ധയിലും ഇടം പിടിച്ചു. ഇതോടെ കടുത്ത പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ അരങ്ങേറുന്നത്. ആർത്തവവുമായി ബന്ധപ്പെട്ട മാമൂലുകളെ ഭേദിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഹാപ്പി ടു ബ്ലീഡ് എന്ന പേരിൽ ഹാഷ് ടാഗ് കാമ്പയിൻ നടത്തിയാണ് സോഷ്യൽ മീഡിയ രംഗം കൊഴുപ്പിക്കുന്നത്. സ്ത്രീ കൂട്ടായ്മ എന്ന നിലയിലാണ് സോഷ്യൽ മീഡിയയിലെ പ്രതിഷേധം തകർക്കുന്നത്.
ആർത്തവത്തിന്റെ നാണക്കേടുകളെ തുടച്ചുകളയുന്നു എന്ന വിധത്തിള്ള ചിത്രങ്ങൾ ഹാപ്പി ടു ബ്ലീഡിന്റെ സോഷ്യൽ പേജിൽ നിറയുകയാണ്. പുരുഷന്മാരടക്കമുള്ളവർ ക്യാമ്പയിന് പിന്തുണയുമായെത്തിയിട്ടുണ്ട്. ശബരിമല ദേവസ്വത്തിന് തുറന്ന കത്ത് എന്ന പേരിൽ നികിത ആസാദ് എഴുതിയ ലേഖനം ഓൺൈലൻ ചർച്ചാ വേദികളിലൊന്നായ യൂത് കി ആവാസിൽ വന്നതോടെയാണ് ഹാപ്പി ടു ബ്ലീഡിനും തുടക്കമാകുന്നത്. പഞ്ചാബ് സ്വദേശിനിയായ നികിതയുടെ കത്ത് സോഷ്യൽ മീഡിയയിൽ അതിവേഗമാണ് വൈറലവായത്. യൂത്ത് കി ആവാസിലാണ് നികിതയുടെ തുറന്ന കത്ത് ആദ്യം പ്രസിദ്ധീകരിച്ചത്. ഈ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടതിന് പിന്നാലെ ഫേസ്ബുക്കിലെ സ്ത്രീവാദ ഗ്രൂപ്പുകളിൽ ഇത് വലിയ ചർച്ചയാകുകായിരുന്നു.
പ്രയാർ ഗോപാലകൃഷ്ണനെ അഡ്രസ് ചെയ്തുകൊണ്ടായിരുന്നു നികിതയുടെ കത്ത്. ഞാൻ 20 വയസ്സുള്ള ഒരു പെൺകുട്ടിയാണ് താന്നെനം ഭൂമിയിലുള്ള മറ്റ് ഏതൊരു മനുഷ്യനെയും പോലെ എനിക്കും കണ്ണും, മൂക്കും, കാതുകളും, ചുണ്ടുകളും, കാലുകളുമൊക്കെയുണ്ട്. പക്ഷെ, നിർഭാഗ്യവശാൽ മുലകളും, ഇടുപ്പും, ആർത്തവരക്തം വരുന്ന യോനിയും എനിക്കുണ്ടായി പോയെന്നും കത്തിൽ നികിത ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞയിടയ്ക്കാണ് എനിക്ക് മനസ്സിലായത് എന്റെ ആർത്തവ രക്തം ശബരിമലയെ അശുദ്ധിയാക്കുമെന്ന്, ആർത്തവമുള്ള ഒരു സ്ത്രീ ആയതിനാൽ എന്നെ അങ്ങോട്ട് പ്രവേശിപ്പിക്കില്ലെന്ന്. ഇതിനെ ചോദ്യം ചെയ്തപ്പോൾ നിങ്ങൾ പറഞ്ഞു, ' വർഷത്തിലുടനീളം എല്ലാ സ്ത്രീകളെയും ക്ഷേത്രത്തിൽനിന്ന് അകറ്റി നിർത്തണമെന്ന് ആളുകൾ ആവശ്യപ്പെടുന്ന സമയം വരും. ആളുകളുടെ ശരീരം സ്കാൻ ചെയ്യാനും ആയുധങ്ങളുണ്ടോ എന്ന് പരിശോധിക്കാനും ഇപ്പോൾ മെഷീനുകളുണ്ട്. സ്ത്രീകൾക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാൻ സാധിക്കുന്ന അവസ്ഥയിലാണോ എന്ന് പരിശോധിക്കുന്ന മെഷീൻ നിർമ്മിക്കുന്ന ഒരു ദിനം വരും. ആ മെഷീൻ നിർമ്മിക്കുമ്പോൾ, നമുക്ക് സ്ത്രീകളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാം'. നിങ്ങളുടെ പ്രസ്താവനയിൽ എനിക്ക് രോഷമില്ല, മറിച്ച് സങ്കടമാണുള്ളതെന്നും നികിത വ്യക്തമാക്കുന്നു.
ഞാൻ വരുന്നത് ഒരു ഹൈന്ദവ കുടുംബത്തിൽനിന്നാണെന്ന് വ്യക്തമാക്കിയാണ് നികിത തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ദൈവങ്ങളുടെയും ദേവതകളുടെയും മുന്നിൽ എങ്ങനെ വണങ്ങണമെന്ന് എന്റെ മാതാപിതാക്കൾ എന്നെ പഠിപ്പിച്ചിട്ടുണ്ട്. എല്ലാ വർഷവും ഞാൻ ചിന്താപുർണി, നൈനാ ദേവി, വൈഷ്ണോ ദേവി, ചാമുണ്ഡദേവി, ജ്വാലാജി എന്നിവടങ്ങളിലേക്ക് ഞാൻ കുടുംബത്തോടൊപ്പം പോകാറുണ്ട്. എങ്ങനെയാണ് ദൈവം സ്ത്രീകളെയും പുരുഷന്മാരെയും സമരായി ഉണ്ടാക്കിയിരിക്കുന്നതെന്നും, എങ്ങനെയാണ് എല്ലാവരും ദൈവത്തിന്റെ മക്കളാകുന്നതെന്നും എന്റെ മാതാപിതാക്കൾ എന്നെ പഠിപ്പിച്ചിട്ടുണ്ട്. നിങ്ങളുടെ പ്രസ്താവന കേട്ട് വിവരണാതീതമാം വണ്ണം സ്തംഭിച്ചിരിക്കുകയാണ് ഞാൻ. ദൈവത്തിലുള്ള എന്റെ വിശ്വാസങ്ങളും ഇതോടെ തകർക്കപ്പെട്ടു.
എന്റെ അമ്മ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്, 'ആ സമയത്ത്' പെൺകുട്ടികൾ ക്ഷേത്രങ്ങളിൽ പോകാറില്ലാ എന്ന്. എന്നാൽ, ഈ വിശ്വാസത്തെ ഏതോ മണ്ടത്തരം എന്ന നിലയിൽ ഞാൻ അവഗണിക്കുകയായിരുന്നു ഇതുവരെ. ഞാൻ കരുതിയിരുന്നത് ഏതോ ഒരു വിഭാഗത്തിന്റെ മാത്രം വിശ്വാസമാണിതെന്നാണ്. എന്നാൽ, ഇന്ത്യയിലെ തന്നെ ചരിത്രപരമായി പ്രാധാന്യമുള്ള ഒരു ക്ഷേത്രത്തിൽ, ആർത്തവം പാപമാണെന്ന് കേട്ടപ്പോൾ ഞാൻ തകർന്നു പോയി- നികിത കത്തിൽ കുറിക്കുന്നു.
എന്റെ അഭിമാനം സംരക്ഷിക്കുന്നതിനായി കുറേക്കാലമായി, നാപ്കിനുകൾ സൂക്ഷിക്കുന്നതിനായി കറുത്ത പോളിത്തീൻ കവറുകൾ കൊണ്ടാണ് ഞാൻ നടക്കുന്നത്. എന്റെ വസ്ത്രത്തിൽ രക്തക്കറ പുരളാതിരിക്കാൻ ഏറെ ശ്രദ്ധയോടെയാണ് ഞാൻ നാപ്കിനുകൾ വെയ്ക്കുന്നത്. ഒരു ദിവസത്തിൽ പല കുറി ഞാൻ വാഷ്റൂമിലേക്ക് പോയി, നാപ്കിനുകൾ ശരിയായ അവസ്ഥയിലാണോ എന്ന് പരിശോധിക്കുകയും ചെയ്യും. വാഷ്റൂമിലേക്ക് കവറുകളുമായി പോകുമ്പോൾ ഞാൻ മിണ്ടാതെ പോകും. ആരെങ്കിലും എവിടെ പോകുവാണെന്ന് ചോദിച്ചാൽ, നാണം കലർന്നൊരു പുഞ്ചിരി മാത്രമാകും എന്റെ മറുപടി. എന്റെ പിതാവും സഹോദരനും കാണാതിരിക്കാൻ ഞാൻ ഡസ്റ്റ്ബിൻ ഇരിക്കുന്നിടത്തേക്ക് ഓടുകയാണ് പതിവ്. സാനിട്ടറി നാപ്കിൻ വാങ്ങുന്നതിനായി ഞാൻ സെയിൽസ് ഗേൾസുള്ള കടകൾ തെരഞ്ഞ് നടക്കും. നമ്മുടെ സമൂഹത്തിന്റെ വിശുദ്ധമായ സംസ്കാരം കാത്തുസൂക്ഷിക്കുന്നതിനാണ് ഞാൻ ഇങ്ങനെ ചെയ്യുന്നത്. ഞാൻ ഒരിക്കലും നിങ്ങളെ വേദനിപ്പിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കുന്നു.
തുടർന്ന് ചില ചോദ്യങ്ങളും നികിത ഉന്നയിക്കുന്നു. ഒരു സ്ത്രീയും പുരുഷനും തമ്മിൽ നടത്തുന്ന ലൈംഗിക വേഴ്ച്ചയുടെ ഫലമായിട്ടുണ്ടാകുന്ന ഉത്പന്നമാണ് ക്ഷേത്രത്തിൽ പ്രവേശിക്കുന്ന എല്ലാ പുരുഷന്മാരും. ഒമ്പതു മാസം കുട്ടിയെ അവളുടെ ഗർഭപാത്രത്തിൽ സൂക്ഷിച്ച്, ഗർഭാശയത്തിലൂടെ ആവശ്യമായ പോഷകങ്ങൾ നൽകി പിന്നീട് യോനിയിലൂടെ പ്രസവിക്കുന്നു. അമ്മയുടെ ഗർഭാശയത്തിൽ ഉണ്ടായ രക്തത്തിന്റെ ഉത്പന്നമല്ലേ ക്ഷേത്രത്തിൽ പ്രവേശിക്കുന്ന എല്ലാ പുരുഷന്മാരും?
കുട്ടിയായിരിക്കുമ്പോൾ, അഷ്ടമി ദിനത്തിൽ എന്നെ ദേവിയായി ആരാധിച്ചിരുന്നു. പക്ഷെ, എനിക്ക് വളർച്ച സംഭവിച്ചപ്പോൾ എന്നോട് പറഞ്ഞു ഞാൻ അശുദ്ധയാണെന്ന്. ബാധ്യത ഒഴിവാക്കാൻ എന്നെ എത്രയും വേഗം വിവാഹം കഴിപ്പിച്ച് അയക്കണമെന്ന് എന്റെ മാതാപിതാക്കളെ നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. എന്റെ അണ്ഡം സമൂഹം തെരഞ്ഞെടുക്കുന്ന ഒരു പുരുഷന്റെ ബീജം കൊണ്ട് ഫലപുഷ്ടമാക്കണമെന്ന് എന്നോട് പറഞ്ഞു. ആ ബീജത്തെ ഞാൻ സ്വയം തെരഞ്ഞെടുത്താൽ ഞാൻ കൈവിടപ്പെടും. അതുപോലെ തന്നെ, നിങ്ങൾ തീരുമാനിച്ചു ഞാൻ എന്റെ അശുദ്ധമായ രക്തം കൊണ്ട് ക്ഷേത്രത്തിലേക്ക് വരേണ്ടെന്ന്. പക്ഷ, ഏത് ദൈവമാണ് എന്റെ രക്തം കൊണ്ട് ഞാൻ എന്തു ചെയ്യണമെന്ന് നിശ്ചയിക്കാനുള്ള അധികാരം മറ്റൊരാൾക്ക് കൊടുത്തിട്ടുള്ളത്?
ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് എനിക്ക് ഒരു താൽപര്യവുമില്ല. സ്വന്തം മക്കളെ അശുദ്ധരെന്ന് എണ്ണുന്ന ദൈവത്തെ വിശ്വസിക്കാൻ ഞാൻ വിസമ്മതിക്കുന്നു. പക്ഷെ, ഞാൻ നിങ്ങളോട് ചോദിക്കാൻ ആഗ്രഹിക്കുന്നു, ഏത് ദൈവത്തിന്റെ അനുവാദത്തോടെയാണ് എന്റെ അശുദ്ധി പരിശോധിക്കണമെന്ന് നിങ്ങൾ ആവശ്യപ്പെടുന്നത്. ക്ഷേത്രത്തിലെ മൂർത്തിക്ക് വിവാഹം ചെയ്ത് നൽകി, സമൂഹത്തിലെ ഉന്നതകുല ജാതർക്ക് വെപ്പാട്ടിയായി തീരുന്ന ദേവദാസി സമ്പ്രദായത്തെക്കുറിച്ച് നിങ്ങൾക്ക് അറിയാമെന്ന് ഞാൻ വിശ്വസിക്കുന്നു. അങ്ങേയറ്റം ജാതീയവും, മനഷ്യത്വരഹിതവും, പുരുഷാധിപത്വപരവുമായ ഈ ആചാരത്തെ വലിയ ബുദ്ധിമുട്ടിയാണ് നമ്മൾ ഒഴിവാക്കിയത്. അശുദ്ധി പരിശോധിക്കാൻ മെഷീൻ സ്ഥാപിക്കുന്നതിലൂടെ ഇത്തരത്തിലൊരു സമ്പ്രദായമാണ് നിങ്ങൾ നിർദ്ദേശിക്കുന്നത്.
ഓരോ രണ്ട് മിനിറ്റിലും ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുന്ന, ഓരോ സെക്കൻഡിലും സ്ത്രീകൾ ഗാർഹിക പീഡനത്തിന് ഇരയായിക്കൊണ്ടിരിക്കുന്ന ഒരു 'ജനാധിപത്യ രാജ്യത്താണ്' നമ്മൾ ജീവിക്കുന്നത്. നിങ്ങളുടെ അഭിപ്രായത്തിൽ, ഒരു പക്ഷെ ഇതിനെല്ലാം കാരണം രക്തമായിരിക്കാം. ക്ഷേത്രത്തിന്റെ വിശുദ്ധി കാക്കാൻ ഉപായം കണ്ടെത്തിയ നിങ്ങൾ, ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സ്ത്രീകളെ വീട്ടിനുള്ളിൽ ഇരുമ്പുകുടുണ്ടാക്കി അതിൽ അടയ്ക്കണമെന്ന് പറയുമോ? തീർച്ചയായും നിങ്ങൾ പറയും. ഡൽഹിയിൽ പീഡനത്തിന് ഇരയായ പെൺകുട്ടി ബലാത്കാരികളെ സഹോദരാ എന്ന് വിളിച്ചിരുന്നെങ്കിൽ അവർ അവളെ വെറുതെ വിടുമായിരുന്നു എന്ന് പറഞ്ഞ നിങ്ങളുടെ സുഹൃത്ത് ആസാറാം ബാപ്പുവിനെ നിങ്ങൾ മിസ് ചെയ്യുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു.
അവസാനത്തെ ചോദ്യം. ആർത്തവത്തെ അശുദ്ധം എന്ന് ടാഗ് ചെയ്ത് നിങ്ങൾ ആകമാന സ്ത്രീ സമൂഹത്തെ അപമാനിച്ചിരിക്കുകയാണ്. അതേസമയം, എന്റെ സഹോദരങ്ങളും, സഹോദരിമാരും നിർമ്മിച്ച ഒരു ക്ഷേത്രം നിങ്ങളുടെ പൂർവീകരുടെ സ്വത്തെന്ന തരത്തിൽ നിങ്ങൾ വാദിക്കുകയും ചെയ്യുന്നു. എന്ത് അധികാരത്തിലാണ് ശബരിമല ക്ഷേത്രത്തെ, നിങ്ങളുടെ ക്ഷേത്രം എന്ന് വിളിക്കുന്നത്? എന്ത് അധികാരത്തിലാണ് എനിക്ക് ക്ഷേത്രത്തിൽ പ്രവേശനമില്ലെന്ന് നിങ്ങൾ തീരുമാനിച്ചത്?
അവസാമായി, നിങ്ങളോട് എനിക്ക് നന്ദി പറയണമെന്ന് ആഗ്രഹമുണ്ട്. സ്വാതന്ത്ര്യമെന്ന ഉട്ടോപ്യൻ ലിബറൽ ചിന്താഗതിയിൽനിന്ന് രക്ഷപ്പെടാൻ സ്ത്രീകൾക്ക് നൽകുകയും സമൂഹത്തിൽ അവരുടെ സ്ഥാനമെന്തെന്ന് വീണ്ടും ചിന്തിക്കുവാൻ അവസരം നൽകുകയും ചെയ്ത നിങ്ങളോട് നന്ദി പറയുന്നു. നിങ്ങളുടെ പ്രസ്താവന അശുദ്ധി അളക്കാനുള്ള മെഷീൻ സ്ഥാപിക്കില്ല, പകരം ഇത്തരം പിന്തിരിപ്പൻ കാടത്ത നയങ്ങൾക്കെതിരെ ശബ്ദമുയർത്താൻ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുമെന്ന് ആവർത്തിച്ചാണ് നികിതയുടെ കത്ത് അവസാനിക്കുന്നത്.
അതേസമയം നികിതയുടെ കത്ത് വൈറലായതോടെ വ്യത്യസ്തമായ നിരവധി അഭിപ്രായങ്ങലാണ് ഫേസ്ബുക്കിൽ നിറഫയുന്നത്. പ്യൂരിറ്റി മെഷീൻ സ്ഥാപിക്കൂ. വർഷത്തിൽ 334 ദിവസവും മദ്യപിച്ചിട്ട് ഒരു മാസം ഉപവാസമെടുത്ത് വരുന്ന പുരുഷന്മാരുടെ രക്തത്തേക്കാൾ പരിശുദ്ധി സ്ത്രീകളുടെ രക്തത്തിനുണ്ടാവുമെന്ന് ചില പുരുഷന്മാർ തന്നെ പറയുമ്പോൾ ഇതേ ആർത്തവം ഉള്ളതുകൊണ്ടാണ് നിങ്ങൾ ഓരോ പുരുഷനും പിറന്നതും ജീവിക്കുന്നതും എന്ന് മറ്റ് ചിലർ പറയുന്നു. എന്തായാലും വാദപ്രതിവാദങ്ങളാൽ പേജ് നിറയുകയാണ്. യുവാക്കൾ അടക്കമുള്ളവരാണ് കൂടുതലായും ഈ വാദത്തെ അനുകൂലിക്കുന്നത്.