- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി ത്രിവർണത്തിന്റെ ഉത്സവത്തിൽ ആറാടാം; 'ഹർ ഘർ തിരംഗ'യ്ക്ക് ഇന്നു തുടക്കമാകും; ദേശീയ പതാക ഇന്ന് മുതൽ വീടുകളിൽ ഉയർത്താം; മൂന്ന് ദിവസം രാത്രി പതാക താഴ്‌ത്തേണ്ടതില്ല; സർക്കാർ സർക്കാരിതര ഓഫിസുകളിൽ കൊടിമരത്തിൽ അല്ലാതെ ഉയർത്തുന്ന പതാകയും താഴ്‌ത്തേണ്ടതില്ല
തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഇന്ന് മുതൽ എല്ലാവർക്കും ത്രിവർണത്തിൽ ആറാടം. വീടുകളിൽ ദേശീയ പതാക ഉയർത്താനുള്ള 'ഹർ ഘർ തിരംഗ'യ്ക്ക് ഇന്നു തുടക്കമാകും. 15 വരെ വീടുകളിലും സർക്കാർ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലും സർക്കാർ കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും ദേശീയ പതാക ഉയർത്താം.
വീടുകളിൽ ഉയർത്തുന്ന ദേശീയ പതാക ഈ 3 ദിവസം രാത്രി താഴ്‌ത്തേണ്ടതില്ല. സർക്കാർ സർക്കാരിതര ഓഫിസുകളിൽ കൊടിമരത്തിൽ അല്ലാതെ ഉയർത്തുന്ന പതാകയും 3 ദിവസം താഴ്‌ത്തണമെന്നില്ല. സർക്കാർ ഓഫിസുകളിലെ ഔദ്യോഗിക കൊടിമരത്തിലെ പതാക 15ന് ഉയർത്തിയാൽ മതി.
ദേശീയ പതാകയെ കുറിച്ച് അറിയേണ്ടതെല്ലാം
ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രവുമായി ബന്ധപ്പെട്ടു തന്നെയാണ് ഇന്ത്യൻ പതാകയുടെ പിറവിയും. ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിലെത്തി സ്വാതന്ത്ര്യ സമരത്തിന്റെ നേതൃത്വം ഏറ്റെടുത്ത മഹാത്മാ ഗാന്ധിയാണ് ദേശീയ പതാകയെ കുറിച്ചുള്ള ആവശ്യത്തിൽ ബോധവാനായത്. കറകളഞ്ഞ ദേശീയവാദി പിംഗലി വെങ്കയ്യയുമായുള്ള സൗഹൃദവും കൂടിക്കാഴ്‌ച്ചയുമായിരുന്നു നാം എന്നും നെഞ്ചേറ്റുന്ന ത്രിവർണ പതാക നെയ്തു തുടങ്ങാൻ ഇടയാക്കിയത്.
ആന്ധ്രയിലെ മച്ചിലിപ്പട്ടണത്തിനടുത്ത് 1876 ഓഗസ്റ്റ് 2 നു പിംഗലി അഥാവാ ജപ്പാൻ വെങ്കയ്യ ജനിച്ചത്. ഭൂമിശാസ്ത്രത്തിലും കൃഷിയിലും തൽപരനായ അദ്ദേഹത്തിന്റെ സ്‌കൂൾ വിദ്യാഭ്യാസം ചെന്നൈയിലായിരുന്നു. ബിരുദം നേടിയത് ഇംഗ്ലണ്ടിലെ പ്രശസ്തമായ കേംബ്രിജ് സർവകലാശാലയിൽ നിന്ന്. മച്ചിലിപ്പട്ടണത്തെ ആന്ധ്ര നാഷനൽ കോളജിൽ അദ്ധ്യാപകനായി. ജാപ്പനീസ് ഭാഷ നന്നായി സംസാരിക്കുമായിരുന്നതിനാൽ ജപ്പാൻ വെങ്കയ്യ എന്നും അടുപ്പമുള്ളവർ വിളിച്ചു.
ചെറുപ്പം മുതൽ പതാക നിർമ്മാണത്തിൽ കമ്പമുണ്ടായിരുന്ന വെങ്കയ്യ 1916ൽ തന്നെ 'ഇന്ത്യയ്ക്കായി ദേശീയ പതാക' എന്ന പേരിൽ 24 പതാകകളുടെ മാതൃകകൾ ഉൾക്കൊള്ളിച്ച പുസ്തകം തയാറാക്കിയിരുന്നു. 1921 ൽ വിജയവാഡയിലെ ഇന്ത്യൻ നാഷനൽ കോൺഗ്രസ് സമ്മേളനത്തിൽ ഗാന്ധിയെ കണ്ട വെങ്കയ്യ നല്ലൊരു മാതൃക അദ്ദേഹത്തെ കാണിച്ചു. മുകളിൽ പച്ചയും താഴെ ചുവപ്പും നാടകൾ ചേർത്തു തുന്നി, അതിനു നടുവിൽ ചർക്കയുടെ ചിത്രമുള്ള ഖാദി പതാകയായിരുന്നു അത്. ഗാന്ധിജി നിർദേശിച്ചതനുസരിച്ച് ഒരു വെളുത്ത നാട കൂടി ഏറ്റവും മുകളിൽ ഉൾപ്പെടുത്തി. അങ്ങനെ ത്രിവർണ പതാക രൂപം കൊണ്ടു.
1921 മുതലുള്ള സമ്മേളനങ്ങളിലെല്ലാം അനൗദ്യോഗികമായി കോൺഗ്രസ് പിംഗലിയുടെ പതാക ഉപയോഗിച്ചു തുടങ്ങി. എന്നാൽ 1931 ൽ കറാച്ചിയിൽ നടന്ന സമ്മേളനത്തിൽ പതാക പരിഷ്‌കരിച്ചു. ചുവപ്പിനു പകരം കുങ്കുമം നൽകി. മുകളിലെ വെള്ള നിറം നടുക്കു കൊണ്ടു വന്നു. താഴെ പച്ചയും. ചർക്കയുടെ സ്ഥാനം വെള്ളയിലായി. ഇന്നത്തെ നമ്മുടെ പതാകയിൽ നിന്നുള്ള വ്യത്യാസം ചർക്ക മാത്രമായിരുന്നു.
സ്വാതന്ത്ര്യം ലഭിക്കുന്നതിന് ഏകദേശം ഒരു മാസം മുൻപ് 1947 ജുലൈ 22 ന് ചർക്കയ്ക്കു പകരം അശോക ചക്രം ഉൾപ്പെടുത്തി. കോൺഗ്രസിന്റെ പതാക പരിഷ്‌കരിച്ച് സ്വതന്ത്ര ഇന്ത്യയിൽ ഉപയോഗിക്കാമെന്നു പതാക തിരഞ്ഞെടുക്കാൻ ചേർന്ന കമ്മിറ്റി ശുപാർശ ചെയ്തതാണു കാരണം. സ്വാതന്ത്ര്യം ലഭിച്ച രാവ് മുതൽ ത്രിവർണ പതാക ഇന്ത്യയുടെ അഭിമാന ചിഹ്നമായി.
1963 ജൂലൈ 4 നു പിംഗലി അന്തരിച്ചു. ആരാലും അറിയപ്പെടാതെ നിസ്വാർഥനായ ഒരു സാധാരണക്കാരനായാണ് അദ്ദേഹം ജീവിച്ചത്. തന്റെ മൃതദേഹത്തിൽ ദേശീയ പതാക പുതപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 2009 ൽ അദ്ദേഹത്തിന്റെ ചിത്രമുള്ള പോസ്റ്റൽ സ്റ്റാംപ് ഇന്ത്യ പുറത്തിറക്കി. മരണശേഷം പല തവണ ഭാരതരത്‌ന ബഹുമതിക്ക് അദ്ദേഹത്തെ ശുപാർശ ചെയ്‌തെങ്കിലും നടപ്പായില്ല. ഈ മാസം രണ്ടിന് പിംഗലിയുടെ 146 -ാം ജന്മവാർഷികത്തിൽ ഒരു വിശേഷാൽ സ്റ്റാംപ് കൂടി പുറത്തിറക്കി ഇന്ത്യ അദ്ദേഹത്തെ ആദരിച്ചു.
നിറങ്ങൾ പറയട്ടെ
കുങ്കുമം: രാജ്യത്തിന്റെ ത്യാഗം, ധീരത എന്നിവ സൂചിപ്പിക്കുന്നു
വെള്ള: സത്യം, സമാധാനം എന്നിവയെ സൂചിപ്പിക്കുന്നു
പച്ച: രാജ്യത്തിന്റെ സമ്പത്തിനെയും മണ്ണിന്റെ ഫലപുഷ്ടിയെയും സൂചിപ്പിക്കുന്നു
അശോക ചക്രം
24 ആരക്കാലുകളുള്ള അശോക ചക്രത്തിന്റെ സ്ഥാനം പതാകയിൽ വെളുപ്പിന്റെ ഒത്ത നടുക്കാണ്. നേവി ബ്ലൂ ആണ് ചക്രത്തിന്റെ നിറം. ബുദ്ധമതം അനുശാസിക്കുന്ന 12 ധർമങ്ങളുടെ മുന്നോട്ടും പിന്നോട്ടുമുള്ള പ്രയാണങ്ങളെയാണ് 24 ആരക്കാലുകൾകൊണ്ട് അർഥമാക്കുന്നത്. ധർമചക്രം എന്നും ഇതിനു പേരുണ്ട്. സാരാനാഥിലെ അശോക സ്തംഭത്തിൽ നിന്നു കടം കൊണ്ടതാണ് ഇത്. ദേശീയ പതാകയിലെ വെളുത്ത ഭാഗത്തിന്റെ ഉയരത്തിന്റെ നാലിൽ മൂന്നു ഭാഗമാണ് അശോക ചക്രത്തിന്റെ വ്യാസം.
ദേശീയ പതാക ഉയർത്തുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിച്ച് 2002 ൽ കേന്ദ്ര സർക്കാർ ഇന്ത്യൻ ഫ്‌ളാഗ് കോഡ് പുറത്തിറക്കിയിട്ടുണ്ട്. അത് ലംഘിച്ചാൽ നിയമനടപടികൾ നേരിടേണ്ടി വരും. 2021 ഡിസംബറിലും 2022 ജൂലൈയിലും ഫ്‌ളാഗ് കോഡിൽ ഭേദഗതികൾ വരുത്തിയിട്ടുണ്ട്.
നീളം, വീതി: ദേശീയ പതാക ദീർഘചതുരാകൃതിയിൽ മാത്രമേ നിർമ്മിക്കാവൂ. നീളവും വീതിയും തമ്മിലുള്ള അനുപാതം 3:2 തന്നെ ആകണം.
ഏതു വലുപ്പത്തിലും ദേശീയ പതാക നിർമ്മിക്കാം. മൂന്നു നിറങ്ങളും ഒരേ വലുപ്പത്തിൽ പതാകയിൽ ഉണ്ടായിരിക്കണം.
പതാകയോടുള്ള ആദരം സൂക്ഷിച്ചുകൊണ്ട് ഏതൊരു പൗരനും സ്ഥാപനങ്ങൾക്കും ഏതു ദിവസവും ദേശീയ പതാക ഉയർത്താം.
2021 ലെ ഭേദഗതി അനുസരിച്ച് കോട്ടൺ, പോളിസ്റ്റർ, കമ്പിളി, പട്ട്, ഖാദി തുടങ്ങിയ വസ്തുക്കളാൽ പതാക നിർമ്മിക്കാം. യന്ത്രനിർമ്മിതമോ കൈ കൊണ്ടു തുന്നിയവയോ ആകാം.
2022 ലെ ഭേദഗതി പ്രകാരം പകലോ രാത്രിയോ പതാക ഉയർത്താം. നേരത്തേ രാത്രി പതാക ഉയർത്താൻ അനുമതി ഇല്ലായിരുന്നു. പുതിയ മാറ്റം പ്രകാരമാണ് വീടുകളിൽ ഉൾപ്പെടെ എല്ലാവരും പതാക ഉയർത്താൻ പ്രധാന മന്ത്രിയുടെ ആഹ്വാനം.
കൊടിമരത്തിൽ ദേശീയ പതാക അല്ലാതെ മറ്റു പതാകകൾ പാടില്ല.
ദേശീയപതാകയ്ക്കു മുകളിലോ ഒപ്പമോ കാണുന്ന രീതിയിൽ മറ്റു പതാകകൾ പ്രദർശിപ്പിക്കരുത്.
പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, പ്രധാനമന്ത്രി, ഗവർണർ തുടങ്ങി 2022 ലെ ഫ്‌ളാഗ് കോഡിൽ പറഞ്ഞിരിക്കുന്നവരുടെ വാഹനങ്ങളിൽ മാത്രമേ ദേശീയ പതാക ഉപയോഗിക്കാവൂ.
പ്രത്യേക സർക്കാർ നിർദേശമില്ലാതെ പതാക താഴ്‌ത്തിക്കെട്ടരുത്.
ഒരു വസ്തുവും പൊതിയാൻ പതാക ഉപയോഗിക്കരുത്. എന്നാൽ പതാക ഉയർത്തുമ്പോൾ താഴെ വീഴുന്ന തരത്തിൽ പൂക്കൾ നിറയ്ക്കുന്നത് അനുവദനീയമാണ്.
ദേശീയ പതാക തറയിലോ വെള്ളത്തിലോ മുട്ടുന്ന തരത്തിൽ സ്ഥാപിക്കുകയോ പിടിക്കുകയോ ചെയ്യരുത്.
മനഃപൂർവം തലകീഴായി ഉയർത്തുകയോ പിടിക്കുകയോ ചെയ്യരുത്.
മറുനാടന് മലയാളി ബ്യൂറോ