കൊച്ചി: താരസംഘടനയായ അമ്മയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഒഴിവാക്കണമെന്ന അഭ്യർത്ഥനയുമായി നടൻ ഹരീഷ് പേരടി എത്തുമ്പോൾ താര സംഘടനയിൽ വിമത വികാരം ശക്തമാകുന്നു. താരസംഘടന ക്രിമിനലുകളെ സംരക്ഷിക്കുകയാണെന്നും സ്ത്രീവിരുദ്ധ നിലപാടുകൾ തുടരുകയാണെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. ഇനി അമ്മയുമായി പേരടി സഹകരിക്കില്ല. യോഗത്തിനും പോകില്ലെന്നാണ് സൂചന.

കഴിഞ്ഞ അമ്മയുടെ ഭാരവാഹി തെരഞ്ഞെടുപ്പിൽ വിമതരായി മത്സരിച്ച മൂന്ന് പേരാണ് ജയിച്ചത്. ഇതോടെ തന്നെ മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ളവരുടെ നിലപാടുകളെ അംഗങ്ങൾ തള്ളി പറയുന്നതിന്റെ സൂചനകൾ വിലയിരുത്തലുകളായി എത്തി. മണിയൻപിള്ളരാജുവിനേയും വിജയ് ബാബുവിനേയും ലാലിനേയും തോൽപ്പിക്കാൻ കഴിയാത്തത് ഔദ്യോഗിക പക്ഷത്തിന്റെ വീഴ്ചയായി. ദിലീപ് കേസിനെ തുടർന്നാണ് ഇത്തരമൊരു വിമത സാഹചര്യം സംഘടനയിൽ ഉണ്ടാക്കിയത്. വിജയ് ബാബുവിനെതിരായ പരാതിയോടെ അത് പുതിയ തലത്തിലേക്ക് എത്തി. ഹരീഷ് പേരടിയും ചർച്ചയാക്കുന്നത് ഇതു തന്നെയാണ്.

തന്റെ പ്രാഥമിക അംഗത്വത്തിനായി അടച്ച ഒരുലക്ഷം രൂപ തിരിച്ചുവേണ്ട. ആരോഗ്യ ഇൻഷൂറൻസ് തുടങ്ങിയ എല്ലാ അവകാശങ്ങളിൽ നിന്നും തന്നെ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ബലാത്സംഗക്കേസിൽ ആരോപണവിധേയനായ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് സംഘടനയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലിൽ നിന്ന് മാലാ പാർവതി, ശ്വേതാ മേനോൻ, കുക്കുപരമേശ്വരൻ എന്നിവർ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹരീഷ് പേരടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വന്നിരിക്കുന്നത്.

പീഡനപരാതി നൽകിയ നടിയുടെ പേര് വിജയ്ബാബു വെളിപ്പെടുത്തിയത് കടുത്ത നിയമലംഘനമാണെന്ന് ഏപ്രിൽ 27-ന് ചേർന്ന ഐ.സി.സി. യോഗം വിലയിരുത്തുകയും നടപടിയെടുക്കണമെന്ന് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. എന്നാൽ, മെയ്‌ ഒന്നിന് 'അമ്മ'യുടെ അടിയന്തര നിർവാഹകസമിതി യോഗത്തിനുശേഷം വാർത്തക്കുറിപ്പിൽ എക്‌സിക്യുട്ടീവ് കമ്മിറ്റിയിൽനിന്ന് മാറി നിൽക്കുകയാണെന്ന് വിജയ് ബാബു അറിയിച്ചതായി ഭാരവാഹികൾ വ്യക്തമാക്കി. ഇതാണ് സമിതി അംഗങ്ങളെ പ്രകോപിപ്പിച്ചത്. ശ്വേത അമ്മയുടെ വൈസ് പ്രസിഡന്റ് കൂടിയാണ്.

സിദ്ദിഖും ഇടവേള ബാബുവും ഐസിസിക്ക് യാതൊരു പ്രസക്തിയും ഇല്ലെന്ന തരത്തിലാണ് സംസാരിച്ചതെന്ന് നടി മാലാ പാർവ്വതി വെളിപ്പെടുത്തിയിരുന്നു. തനിക്ക് അമ്മയിൽ ഇനി പ്രതീക്ഷയില്ലെന്നും മാലാ പാർവതി വ്യക്തമാക്കിയായിരുന്നു രാജി പ്രഖ്യാപനം. വിജയ് ബാബുവിനെതിരെ നടപടി എടുക്കുന്നതുമായി ബന്ധപ്പെട്ട് ഐസിസി നൽകിയ ശുപാർശകൾ അതേ പോലെ പാലിച്ചു എന്ന രചന നാരായണൻകുട്ടിയുടെ വാദത്തെയും മാലാ പാർവതി ശക്തമായി എതിർത്തു. ഈ ഘട്ടത്തിലാണ് സിദിഖും ഇടവേള ബാബുവും നടപടിയെടുക്കുന്നതിനെ ശക്തമായി എതിർത്തത്. ബാബുരാജും വനിതകൾക്കൊപ്പമാണ്.

സിദ്ദിഖിൽ നിന്നും ഹാപ്പി സർദാർ എന്ന സിനിമയുടെ സെറ്റിൽ വെച്ച് മോശം അനുഭവമുണ്ടായിട്ടുള്ളത്. അദ്ദേഹത്തിന്റെ നിലപാടുകൾ കാരണം എനിക്ക് സങ്കടപ്പെടേണ്ടി വന്നിട്ടുണ്ട്. അവരൊക്കെ അമ്മയിൽ തന്നെയുള്ളപ്പോൾ എനിക്ക് വലിയ പ്രതീക്ഷയില്ലെന്നും മാലാ പാർവതി പറഞ്ഞു. അതേസമയം മണിയൻപ്പിള്ള രാജുവിന്റെ പരാമർശത്തിനെതിരെ ബാബുരാജ് രൂക്ഷമായി പ്രതികരിച്ചിരുന്നു.

അമ്മയിലെ വനിതാ താരങ്ങൾ പാവകളല്ല എന്ന് തെളിയിക്കാൻ മാലാ പാർവതിയുടെ രാജിക്കായി. സ്ത്രീകൾക്ക് പരാതിപ്പെടാൻ വേറെ സംഘടനയുണ്ടല്ലോ എന്ന് രാജു പറഞ്ഞത് തെറ്റാണ്. ഡബ്ല്യുസിസി ആണെങ്കിൽ അവർ പറഞ്ഞത് തെറ്റായിപ്പോയി എന്നും ബാബുരാജ് പറഞ്ഞിരുന്നു.