കോടിയേരി: സിപിഎം. പ്രവർത്തകൻ പുന്നോൽ താഴെവയലിൽ കുരമ്പിൽ താഴെക്കുനിയിൽ ഹരിദാസനെ കൊലപ്പെടുത്തിയതിന് പിന്നിലെ രാഷ്ട്രീയം ഉറപ്പിക്കാൻ പൊലീസ്. പൊലീസ് കസ്റ്റഡിയിലെടുത്ത ബിജെപി നേതാവിന്റെ പ്രസംഗം വിവാദമായിരുന്നു. ഈ പ്രസംഗത്തിന്റെ പേരിലാണു ബിജെപി മണ്ഡലം പ്രസിഡന്റും തലശ്ശേരി നഗരസഭ അംഗവുമായ കെ.ലിജേഷിനെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നതെന്നു പൊലീസ് പറയുന്നു. എന്നാൽ ലിജേഷിൽ നിന്ന് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന സൂചനയാണ് പൊലീസ് നൽകുന്നത്. പത്തോളം പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായും സൂചനയുണ്ട്. ഇവരേയും ചോദ്യം ചെയ്യുകയാണ്. അന്വേഷണം അതീവ രഹസ്യമായാണ് പുരോഗമിക്കുന്നത്. വിവരങ്ങൾ പുറത്തു പോകാതിരിക്കാൻ പൊലീസ് ജാഗ്രത കാട്ടുന്നുണ്ട്.

തിങ്കളാഴ്ച പുലർച്ചെ 1.30-ന്. മത്സ്യത്തൊഴിലാളിയായ അദ്ദേഹം ജോലി കഴിഞ്ഞ് വീട്ടിലെത്തി അടുക്കളഭാഗത്ത് ഭാര്യയുടെ കൈയിൽ മീൻസഞ്ചി നൽകി മുൻവശത്തേക്ക് വരുമ്പോഴാണ് ആക്രമണം. ഹരിദാസനെ അടുത്ത് അറിയാവുന്നവരാണ് ആക്രമിച്ചതെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. വീട്ടുമുറ്റത്തും പറമ്പിലുമിട്ടാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. രക്ഷപ്പെട്ടോടാൻ ശ്രമിച്ചപ്പോൾ അക്രമികൾ സംഘംചേർന്ന് വെട്ടുകയായിരുന്നു. മുൻവശത്തെ മതിലിനോടുചേർന്നാണ് ഹരിദാസൻ വീണുകിടന്നത്. അവിടെ രക്തം തളംകെട്ടിയിരുന്നു. അതിക്രൂരമായിരുന്നു ആക്രമണം.

ഹരിദാസന്റെ നിലവിളികേട്ട് വാതിൽ തുറന്ന് ഭാര്യയും ഇളയ സഹോദരൻ സുരേന്ദ്രനും വീട്ടിലുള്ള മറ്റുള്ളവരും പുറത്തേക്ക് വന്നപ്പോഴാണ് അക്രമിസംഘം ഓടിരക്ഷപ്പെട്ടത്. സംഘം രണ്ട് വഴികളിലൂടെയാണ് രക്ഷപ്പെട്ടതെന്ന് കരുതുന്നു. രണ്ട് വഴികളിലും രക്തം കണ്ടെത്തിയിട്ടുണ്ട്.
അതിനിടെ ഹരിദാസനെ കൊലപ്പെടുത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങൾ വീട്ടുപറമ്പിൽനിന്ന് ന്യൂമാഹി പൊലീസ് കണ്ടെടുത്തു. 'എസ്' ആകൃതിയിൽ ഒന്നരയടി നീളമുള്ള കൈപ്പിടിയുള്ള വടിവാളും രണ്ടടി നീളമുള്ള ഇരുമ്പ് പൈപ്പുമാണ് കണ്ടെത്തിയത്.

വിരലടയാളവിദഗ്ധ സിന്ധുവിന്റെ നേതൃത്വത്തിൽ ഇവ പരിശോധിച്ചു. വാൾ ചോരപുരണ്ട നിലയിലായിരുന്നു. പി.എം. ജിജേഷിന്റെ നേതൃത്വത്തിൽ ശ്വാനസേനയും പരിശോധന നടത്തി. സംഭവസ്ഥലത്തും തലശ്ശേരി മേഖലയിലും വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽനിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരെ ന്യൂമാഹിയിലും തലശ്ശേരിയിലും നിയോഗിച്ചു. ന്യൂമാഹി പൊലീസ് ഇൻസ്പെക്ടർ വി.വി. ലതീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

പുന്നോൽ താഴെവയൽ മൂത്തകൂലോത്തു ക്ഷേത്രത്തിലെ തിറ ഉത്സവത്തിനിടെ സംഘപരിവാർ പ്രവർത്തകരെ സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച് ഈ മാസം 9ന് പുന്നോലിൽ നടന്ന പ്രതിഷേധ പ്രകടനത്തിനു ശേഷം ലിജേഷ് നടത്തിയ പ്രസംഗത്തിലെ വിവാദഭാഗം വലിയ ചർച്ചയായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ലിജേഷിനെ അറസ്റ്റു ചെയ്തത്.

'ധീരമായി ഇതിനെ പ്രതിരോധിക്കാൻ വേണ്ടിയിട്ടാണ് ഈ പ്രതിഷേധ പ്രകടനം ഒരു സന്ദേശം എന്നുള്ള രീതിയിൽ ഇവിടെ സംഘടിപ്പിച്ചിട്ടുള്ളത്. നമ്മുടെ പ്രവർത്തകരുടെ മേൽ, അവരുടെ ശരീരത്തിനു മേൽ കൈ വച്ചാൽ അത് എങ്ങനെയാണു കൈകാര്യം ചെയ്യേണ്ടതെന്ന കൃത്യമായ ബോധ്യം നമുക്കെല്ലാവർക്കും ഉണ്ട്. സമാധാന അന്തരീക്ഷം നിലനിൽക്കുന്ന ഈ പ്രദേശത്തു കൊടുംക്രിമിനലുകളായ 2 പേരുടെ തോന്ന്യാസത്തിന്റെ പേരിൽ നമ്മുടെ നാട് അശാന്തിയിലേക്കു പോകേണ്ടതില്ല എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇതു ജനങ്ങളുടെ മുന്നിൽ തുറന്നു കാണിക്കാൻ ഈ പ്രകടനം നിശ്ചയിച്ചത്.'-ഇതായിരുന്നു പ്രസംഗം,

ഹരിദാസനെ വകവരുത്താൻ ആർഎസ്എസുകാരുടെ 2 സംഘങ്ങൾ തയാറായി നിന്നിരുന്നുവെന്നും തലശ്ശേരി നഗരസഭ അംഗമായ ബിജെപി നേതാവിന്റെ പ്രകോപനപരമായ പ്രസംഗം കൊലപാതകത്തിനു പ്രേരണ ആയതായും സിപിഎം ജില്ലാ സെക്രട്ടറി എം വിജയരാജൻ ആരോപിച്ചു. കൊലപാതകവുമായി ബിജെപിക്കു ബന്ധമില്ലെന്നു ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസൻ പറഞ്ഞു.

പരേതനായ ഫൽഗുനന്റെയും ചിത്രാംഗിയുടെയും മകനാണു കൊല്ലപ്പെട്ട ഹരിദാസൻ. മക്കൾ ചിന്നു, നന്ദന. മരുമകൻ കലേഷ്. മറ്റു സഹോദരങ്ങൾ ഹരീന്ദ്രൻ, സുരേഷ്ബാബു, സുചിത്ര, സുജിത. പരിയാരം ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം സിപിഎം നേതാക്കൾ ഏറ്റുവാങ്ങിയ മൃതദേഹം വിലാപയാത്രയായി എത്തിച്ചു പുന്നോൽ താഴെവയലിൽ സംസ്‌കരിച്ചു.