- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹരിദാസിന്റേത് രാഷ്ട്രീയ കൊലപാതകമാണോ അല്ലയോ എന്ന് സ്ഥിരീകരിച്ചില്ലെന്ന് കമ്മീഷണർ; നാല് പേരെ കസ്റ്റഡിയിലെടുത്തു; അന്വേഷണം റെയ്ഞ്ച് ഡി.ഐ.ജിയുടെ നേതൃത്വത്തിൽ ആറ് സംഘങ്ങളായി തിരിഞ്ഞ്; ഇരുപതിലധികം തവണ വെട്ടേറ്റെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്; ഇടതു കാൽമുട്ടിന് താഴേക്ക് വെട്ടേറ്റ് അറ്റുപോയി
തലശേരി: ന്യൂമാഹിയിൽ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്. കണ്ണുർ റെയ്ഞ്ച് ഡി.ഐ.ജി രാഹുൽ ആർ നായരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ഇളങ്കോവനും സ്ഥലത്തെത്തി.ഹരിദാസിന്റെ കൊലപാതകത്തിൽ അന്വേഷണം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലിസ് അറിയിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൂടുതൽ പേർക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കയാണ്.
കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം നേതാക്കൾ ആരോപിക്കുമ്പോഴും ഇക്കാര്യത്തിൽ പൊലീസ് വ്യക്തത വരുത്തിയിട്ടില്ല. ഹരിദാസിന്റേത് രാഷ്ട്രീയ കൊലപാതകമാണോ അല്ലയോ എന്ന് സ്ഥിരീകരിച്ചില്ലെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ഇളങ്കോവൻ വ്യക്തമാക്കി. ആറ് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സംഭവത്തിന് പിന്നിൽ രാഷ്ട്രീയമുണ്ടോയെന്ന കാര്യം പൊലിസ് വ്യക്തമാക്കിയിട്ടില്ല. എല്ലാ വശങ്ങളും പരിശോധിച്ചു വരികയാണെന്നാണ് കമ്മീഷണർ മാധ്യമ പ്രവർത്തകരോട് പറഞ്ഞത്.
ഇരുപതിലധികം തവണ ഹരിദാസിന് വെട്ടേറ്റന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നത്. ഇടതു കാൽമുട്ടിന് താഴേക്ക് വെട്ടേറ്റ് അറ്റുപോയിട്ടുമുണ്ട്. രണ്ട് ബൈക്കുകളിലായെത്തിയ സംഘമാണ് കൊല നടത്തിയത്. മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശം ആർ.എസ്.എസിനും ബിജെപിക്കും സ്വാധീനമുള്ളതാണ്. എന്നാൽ സിപിഎമ്മിനും ഇവിടെ ദൈനംദിന പ്രവർത്തനം നടത്താനുള്ള ശേഷിയുണ്ട്. പ്രദേശത്തെ ഒരു ക്ഷേത്രത്തിൽ നടന്ന ഉത്സവുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങളും തമ്മിലുള്ള തർക്കത്തിന് രാഷ്ട്രീയ നിറം കൈവരുകയായിരുന്നു. കടലിൽ പോയി ക്ഷീണിച്ച് അവശനായി വീട്ടിലേക്ക് മടങ്ങുന്ന ഹരിദാസനെ അതിക്രൂരമായാണ് ബന്ധുക്കളുടെ മുൻപിൽ വെച്ചു കൊലപ്പെടുത്തിയത്.
വെട്ടേറ്റ ഹരിദാസന്റെ കാൽ പൂർണമായും അറ്റുപോയ നിലയിലായിരുന്നു. വീടിനു സമീപത്ത് വച്ച് നടന്ന ആക്രമണമായതിനാൽ ബഹളം കേട്ട് ബന്ധുക്കളും സംഭവ സ്ഥലത്ത് എത്തിയപ്പോൾ പിന്മാറാതെ അക്രമികൾ ഇവരുടെ കൺമുൻപിൽ വച്ചായിരുന്നു ഹരിദാസനെ വെട്ടിനുറുക്കിയത്. പുന്നോൽ സ്വദേശി ഹരിദാസ് സിപിഎം പ്രവർത്തകനെന്നതിലുപരി സജീവ രാഷ്ട്രീയത്തിലോ അക്രമ രാഷ്ട്രീയത്തിന്റെയോ ഭാഗമായിരുന്നില്ല. അന്നന്ന് കടലിൽ പോയി കഷ്ടിച്ചു ജീവിതം മുൻപോട്ടു കൊണ്ടുപോയിരുന്ന പട്ടിണിയും പരിവട്ടവുമായി കഴിയുന്ന കടലിന്റെ മക്കളുടെ പ്രതീകമായിരുന്നു ഹരിദാസൻ.ഉൾക്കടലിൽ യാനത്തിൽ മത്സ്യ ബന്ധനം കഴിഞ്ഞ് തീരത്തേക്ക് അണഞ്ഞ്. അവശനായി വീട്ടിലേക്ക് പോകുമ്പോഴാണ് വെട്ടേറ്റത്.തിങ്കളാഴ്‌ച്ചപുലർച്ചെ രണ്ട് മണിക്കാണ് അരുംകൊല നടന്നത്.
വീടിനടുത്ത് വച്ചാണ് വെട്ടേറ്റത്. ഹരിദാസനു നേരെയുള്ള അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ ശബ്ദം കേട്ടെത്തിയ സഹോദരൻ സുരനും വെട്ടേറ്റു. വെട്ട് കൊണ്ടു ഗുരുതരവാസ്ഥയിലായ ഹരിദാസനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. ഒരാഴ്ച മുമ്പ് ഉത്സവവുമായി ബന്ധപ്പെട്ട് പുന്നോലിൽ പ്രദേശത്ത് സി പി എം ബി ജെപി സംഘർഷമുണ്ടായിരുന്നു.ഇതിന്റെ പിന്നാലെയാണ് ഹരിദാസനു നേരെ ആക്രമണമുണ്ടായത്.
അക്രമം നടന്ന സ്ഥലത്തും പ്രദേശത്തുമായി കൂടുതൽ പൊലവീസിനെ സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്. അതേസമയം സിപിഎം പ്രവർത്തകനായ ഹരിദാസന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് തലശേരി നഗരസഭ,ന്യൂബ മാഹി പഞ്ചായത്ത് എന്നിവിടങ്ങളിൽ സി പി എം ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മണിക്ക് തുടങ്ങിയ ഹർത്താൽ വൈകിട്ട് ആറ് മണിവരെ നടക്കും. കൊലയ്ക്ക് പിന്നിൽ ആർഎസ്എസ് ബന്ധം, സിപിഎം ആരോപിച്ച സ്ഥിതിക്ക് അക്രമം ഉണ്ടാകാനുള്ള സാധ്യത പൊലീസ് മുന്നിൽ കാണുന്നുണ്ട്. അതുകൊണ്ടുതന്നെ കൂടുതൽ അക്രമം ഉണ്ടാകാതിരിക്കാൻ പൊലീസും അതീവ ജാഗ്രതയിലാണ്. കൊലപാതകം നടത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ബന്ധുക്കളുടെ മൊഴി എടുത്ത പൊലീസ് അക്രമികളുടെ ബൈക്ക് കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ബന്ധുക്കളുടെ മൊഴി അനുസരിച്ച് കൊലപാതകം നടത്തിയവരെ കുറിച്ച് ഏകദേശ ധാരണ പൊലീസ് ലഭിച്ചിട്ടുണ്ട്. ഇവർ കടന്നുകളയും മുമ്പ് കസ്റ്റഡിയിലെടുക്കാനാണ് പഴുതടച്ച അന്വേഷണവുമായി പൊലിസ് മുൻപോട്ടു പോകുന്നത്. കൊലപാതകം നടന്ന സ്ഥലം കണ്ണുർ റെയ്ഞ്ച് ഡി.ഐ.ജി രാഹുൽ ആർ നായർ കണ്ണുർസിറ്റി പൊലിസ് കമ്മിഷണർ ആർ.ഇളങ്കോ എന്നിവർ സന്ദർശിച്ചു. കൊലപാതകത്തിന് പിന്നിലുള്ള കാരണം എന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും എല്ലാ രീതിയിലുള്ള അന്വേഷണവും നടത്തുമെന്ന് സിറ്റി പൊലിസ് കമ്മിഷണർ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ