തലശേരി: ഒരു ഫോൺവിളി മതി ജീവിതം മാറാൻ എന്നു പറയുന്നതു പോലെയാണ് കണ്ണവം പൊലീസ് സ്‌റ്റേഷനിലെ പൊലീസുകാരന്റെ കാര്യം. പുന്നോലിൽ താഴെവയലിലെ ഹരിദാസനെ വെട്ടിക്കൊല്ലുന്നതിന് തൊട്ടുമുൻപ് മുഖ്യപ്രതിയും ബിജെപി നേതാവുമായ കെ ലിജേഷ് വിളിച്ചത് കണ്ണവം സ്റ്റേഷനിലെ പൊലീസുകാരൻ സുരേഷ് നരിക്കോടനെയായിരുന്നു. ആദ്യം ബിജെപി നേതാവ് വിളിച്ചപ്പോൾ സുരേഷ് എടുത്തില്ല. പിന്നീട് സുരേഷ് ലിജേഷിനെ തിരിച്ചു വിളിച്ച് വാട്സ്ആപ്പ് കോളിൽ നാല് മിനിറ്റ് നേരം സംസാരിക്കുകയായിരുന്നു.

ഈ ഫോൺവിളിയാണ് പൊലീസുകാരനെ സംശയ നിഴലിൽ ആക്കിയതും. ലിജേഷ് ഫോണിൽ സേവ് ചെയ്ത നമ്പറുകളിലെ സാമ്യതയാണ് സുരേഷിന് വാട്് ആപ്പ് കോൾ പോകാൻ ഇടയാക്കിയതെന്നാണ് അറിയുന്നത്. റിമാൻഡിലായ പ്രതിയുടെ മൊബൈൽഫോൺ പരിശോധിച്ചപ്പോഴാണ് പൊലീസുകാരനെ തിങ്കളാഴ്ച പുലർച്ചെ ഒരുമണിക്ക് വിളിച്ച കാര്യം ശ്രദ്ധയിൽപെട്ടത്. അതിന് ശേഷമാണ് ലിജേഷിന്റെ പങ്കിനെ കുറിച്ച് കൂടുതൽ അന്വേഷണം നടന്നതും. ഇതിന് ശേഷമാണ് ഒന്നിച്ച് ജോലിചെയ്യുന്ന സുനേഷ് എന്ന മണിയെ വിളിച്ച് ഹരിദാസൻ മത്സ്യബന്ധനം കഴിഞ്ഞ് ഹാർബറിൽ തിരിച്ചെത്തിയതായി മനസിലാക്കിയതും കൊലയാളി സംഘത്തിന് വിവരം കൊടുത്തതും.

പൊലീസുകാരനെ അന്വേഷക സംഘം വിളിച്ചുവരുത്തി ചോദ്യംചെയ്തു. മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തി്ട്ടുണ്ട്. ആള്മാറി വിളിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. വാട്സ്ആപ്പ് കോൾ റിക്കവറി ചെയ്യാൻ വിദഗ്ധരുടെ സേവനം പൊലീസ് തേടിയിട്ടുണ്ട്. അറസ്റ്റിലായ പ്രതികളുടെ മൊബൈൽഫോൺ വിവരങ്ങൾ ബുധനാഴ്ച അന്വേഷകസംഘത്തിന് ലഭിക്കും. കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പ്രത്യേക അന്വേഷക സംഘം കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യംചെയ്തുവരുന്നു.

കൊലയുടെ മുഖ്യസൂത്രധാരൻ നഗരസഭാ കൗൺസിലറും ബിജെപി തലശേരി മണ്ഡലം പ്രസിഡന്റുമായ കെ. ലിജേഷാണെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. സംഭവദിവസം രാത്രി ഒരുമണിക്ക് ലിജേഷ് നടത്തിയ വാട്സ് ആപ് കാളാണ് നിർണായക തെളിവായി പൊലീസിന് ലഭിച്ചത്. ലിജേഷ് വിളിച്ച കാൾ ആളുമാറി അദ്ദേഹത്തിന്റെ ബന്ധുവായ പൊലീസുകാരനിലേക്കാണ് എത്തിയത്. തുടർന്ന് ബന്ധു തിരിച്ചു വിളിച്ചിരുന്നു. പിന്നീട് ലിജേഷ് വിളിച്ചത് സുനേഷിനെയാണ്. ഇയാളാണ് ഹരിദാസൻ ഹാർബറിൽ നിന്ന് വീട്ടിലേക്ക് പുറപ്പെട്ട കാര്യം ഇവരെ അറിയിച്ചത്. മണി എന്ന പേരിലാണ് സുനേഷ് അറിയപ്പെടുന്നത്. ഇയാളും ബിജെപി പ്രവർത്തകനാണ്.

ഹരിദാസന്റെ അതേ ഫൈബർ ബോട്ടിലെ ജീവനക്കാരനായിരുന്നു സുനേഷ്. ഹരിദാസൻ പണിക്ക് വരുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ഏൽപ്പിച്ചത് സുനേഷിനെയാണ്. കൊലപാതകം നടന്ന ദിവസം രണ്ടു തവണ സുനേഷും ലിജേഷും തമ്മിൽ വാട്സാപ്പിൽ ആശയവിനിമയം നടന്നിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി. ഇതിനൊപ്പം ക്വട്ടേഷൻ ഏറ്റെടുത്തവരും വിമിനും അമലും തമ്മിലും വാട്സാപ്പിൽ ചർച്ച നടത്തി. ഇതെല്ലാം വാട്സാപ്പ് ഓഡിയോ സന്ദേശമായിരുന്നു. ഇതും ഗൂഢാലോചനയ്ക്ക് തെളിവായി പൊലീസ് വിലയിരുത്തിയിട്ടുണ്ട്.

ഒരാഴ്ചയോളമുള്ള ആസൂത്രണമായിരുന്നു ഇവർ കൊലപാതകത്തിനായി നടത്തിയിരുന്നത്. ലിജേഷ് ആത്മജ് എന്ന ബിജെപി പ്രവർത്തകൻ ഉൾപ്പെടുന്ന സംഘത്തെ തയ്യാറാക്കി നിർത്തിയിരുന്നു. ഈ സംഘം ഹരിദാസനെയും പ്രതീക്ഷിച്ച് വീടിന് മുന്നിൽ തയ്യാറായി നിന്നു. രണ്ട് ബൈക്കുകളിലായിരുന്നു ഇവർ എത്തിയത്. തുടർന്ന് വീടിന് സമീപത്ത് എത്തിയ ഹരിദാസനെ സംഘം ആക്രമിക്കുകയായിരുന്നു. സൂത്രധാരനായ ലിജേഷിന്റെ വിവാദ പ്രസംഗമാണ് കേസിൽ നിർണായക തെളിവുകളിലൊന്നായി പൊലീസ് പരിഗണിച്ചതും തുടർന്നാണ് ലിജേഷിനെ ചുറ്റിപ്പറ്റി അന്വേഷണം നടത്തുന്നതും.