തലശേരി: പുന്നോൽ താഴെവയലിൽ സിപിഎം പ്രവർത്തകൻ കൊരമ്പിൽ താഴെകുനിയിൽ ഹരിദാസ(54)നെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കൊലയാളി സംഘം പിടിയിലായെന്ന് സൂചന. തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങളിലും പത്തനംതിട്ടയിലും പൊലീസ് നടത്തിയ റെയ്ഡിലാണ് പ്രതികൾ കുടുങ്ങിയത്. പത്തനംതിട്ടയിലെ അടൂരിൽനിന്നാണ് പ്രധാന പ്രതികളിൽ ഒരാൾ പിടിയിലായത്. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല.

അടൂരിൽ നിന്നും പിടികൂടിയ ആളെ ഇന്നു പുലർച്ചയോടെയാണ് കണ്ണൂരിൽ എത്തിച്ചു. കൊലയാളി സംഘത്തിലെ ഒരാളുടെ വീട്ടിലെ വാഷ് ബെയ്‌സിൽനിന്നു പൊലീസ് നടത്തിയ പരിശോധനയിൽ രക്തക്കറ കണ്ടെത്തി. വലയിലായിട്ടുള്ള പ്രതികളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. തെളിവുകൾ ശേഖരിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തും.

ശനിയാഴ്ച കണ്ണൂരിലെത്തിയ എഡിജിപി വിജയ് സാഖറെ കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്തിയിരുന്നു. ഐജി അശോക് യാദവ് രണ്ട് തവണ കണ്ണൂരിലെത്തുകയും സംഭവ സ്ഥലം സന്ദർശിക്കുകയും ചെയ്തു. പ്രദേശത്തെ ചില സ്ഥാപനങ്ങളിൽനിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണങ്ങളുമാണ് കൊലയാളി സംഘത്തെ തിരിച്ചറിയാൻ പൊലീസിനെ സഹായിച്ചത്.

കഴിഞ്ഞ ദിവസങ്ങളിൽ കസ്റ്റഡിയിലെടുത്ത ആറുപേരുടെ മൊഴികളും കേസിൽ നിർണായകമായിട്ടുണ്ട്. ഡിഐജി രാഹുൽ ആർ.നായർ, സിറ്റി കമ്മീഷണൽ ആർ.ഇളങ്കോ , അഡീഷണൽ എസ്‌പി പ്രിൻസ് അബ്രഹാം, എഎസ്‌പി വിഷ്ണു പ്രദീപ്, കണ്ണൂർ എസിപി പി.പി സദാനന്ദൻ, ഇരിട്ടി ഡിവൈഎസ്‌പി പ്രദീപൻ കണ്ണിപ്പൊയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

കേസിൽ സംശയത്തിന്റെ നിഴലിലുള്ള പൊലീസുകാരനെ അന്വേഷണ സംഘം ചോദ്യം നിരന്തരമായി ചെയ്തു വരികയാണ്. കൊലപാതകം നടന്നയുടൻ നിലവിൽ അറസ്റ്റിലായിട്ടുള്ള ബിജെപി നേതാവുമായി പൊലീസുകാരൻ നടത്തിയ വാട്‌സാപ്പ് കോൾ സംഭാഷണമാണ് പൊലീസുകാരനെ സംശയത്തിന്റെ നിഴലിലാക്കിയത്. എന്നാൽ ആരോപണങ്ങൾ പൊലീസുകാരൻ നിഷേധിക്കുകയാണ്.

ഹരിദാസനെ വളഞ്ഞിട്ട് ആക്രമിക്കുന്നതിനിടയിൽ ഇടതുകാൽ വെട്ടിമാറ്റിയത് 'സൈലന്റ് കില്ലർ'എന്നറിയപ്പെടുന്നയാളാണെന്നാണ് സൂചന. നിരവധി ഓപ്പറേഷനുകളിൽ പങ്കെടുക്കുകയും ഇതുവരെ പിടിക്കപ്പെടുകയും ചെയ്യാത്ത 45കാരനാണ് ഹരിദാസനെ കൊലപ്പെടുത്തിയ സംഘത്തിലെ നിശബ്ദ കൊലയാളിയാണെന്നാണ് അന്വഷണ സംഘത്തിന്റെ നിഗമനം. ഇയാളും പടിയിലായെന്നാണ് സൂചന.

ഹരിദാസനെ വകവരുത്തുന്നതിനായി ഒരു തെങ്ങുകയറ്റ തൊഴിലാളിയോട് അയാളുടെ പണിയായുധം ഇയാൾ ചോദിച്ചതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഒളിവിൽ പോയിട്ടുള്ള ഇയാളുടെ വീടും കുടുംബാംഗങ്ങളും പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കൊലപാതകം നടന്നയുടൻ നിലവിൽ അറസ്റ്റിലായിട്ടുള്ള ബിജെപി നേതാവുമായി പൊലീസുകാരൻ നടത്തിയ വാട്ട്സ് ആപ്പ് കോൾ സംഭാഷണമാണ് പൊലീസുകാരനെ സംശയത്തിന്റെ നിഴലിലാക്കിയിട്ടുള്ളത്.

കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന സുനേഷിനെ വിളിച്ചതു മാറി സുനേഷിന്റെ പേരിനോട് സമാനതയുള്ള തന്റെ പേരിലേക്ക് കോൾ വരികയായിരുന്നുവെന്നാണ് പൊലീസുകാരൻ പറഞ്ഞത്. എന്നാൽ മാറി വന്ന കോളിൽ നാലു മിനിറ്റ് ദൈർഘ്യമുള്ള സംഭാഷണം എന്തായിരുന്നുവെന്ന ചോദ്യത്തിന് അന്വേഷണസംഘത്തോടു വ്യക്തമായ മറുപടി നൽകാൻ പൊലീസുകാരന് സാധിച്ചിട്ടില്ലെന്നാണ് അറിയുന്നത്.