കോട്ടയം: മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസർ എ.എം. ഹാരീസിന് സസ്പെൻഷൻ. കൈക്കൂലി കേസിലാണ് നടപടി. രണ്ടാം പ്രതി ജോസ്മോന് എതിരെയും കൂടുതൽ അന്വേഷണം നടത്തും. ഹാരിസിന്റെ ആലുവയിലെ ഫളാറ്റിൽ നടത്തിയ പരിശോധനയിൽ 17 ലക്ഷം രൂപ കണ്ടെത്തിയിരുന്നു. ബക്കറ്റിലും പാത്രങ്ങളിലും കിച്ചൻ കാബിന്റെ അടിയിലും അലമാരയിലും സൂക്ഷിച്ച നിലയിലായിരുന്നു നോട്ടുകൾ.

കോട്ടയത്തെ ഒരു വ്യാപാരിയുടെ കൈയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ കഴിഞ്ഞ ദിവസമാണ് ഹാരീസിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്. ഹാരിസ് അറസ്റ്റിലായതിനു പിന്നാലെ മുൻ ജില്ലാ എൻജിനീയർ ജോസ്‌മോന്റെ വീട്ടിലും റെയ്ഡ് നടന്നിരുന്നു കൊല്ലം എഴുകോൺ ചീരങ്കാവിലുള്ള വീട്ടിൽ ഇന്നലെ രാത്രി നടത്തിയ പരിശോധനയിൽ ഒന്നര ലക്ഷത്തോളം രൂപയും വിദേശ കറൻസികളും സ്വർണവും പിടിച്ചെടുത്തു.1.97 കോടി രൂപയുടെ സ്ഥിരനിക്ഷേപ രേഖകളും കണ്ടെത്തി. ഹാരിസിന്റെ എറണാകുളം ആലങ്ങാട് തിരുവാലൂരിലെ ഫ്‌ളാറ്റിൽ നിന്ന് കഴിഞ്ഞദിവസം 16.89 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. ജോസ് മോനേയും സസ്‌പെന്റ് ചെയ്യും. ഇയാൾ ഒളിവിലാണ്.

പിജെ ട്രേഡ്‌സ് ടയർ റീട്രെഡിങ് എന്ന സ്ഥാപനത്തിന്റെ ലൈസൻസ് പുതുക്കി നൽകാൻ സ്ഥാപന ഉടമ പാലാ ഉള്ളനാട് പനന്താനത്ത് ജോബിൻ സെബാസ്റ്റ്യനിൽ നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് ഹാരിസ് ബുധനാഴ്ച അറസ്റ്റിലായത്. കോട്ടയത്ത് എൻവയൺമെന്റ് എൻജിനീയറായി ജോലി ചെയ്യുന്നതിനിടെ ഒരു സർട്ടിഫിക്കറ്റിനായി ജോബിനോട് ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ജോസ്‌മോന്റെ വീട്ടിലെ റെയ്ഡ്.

ബോർഡിന്റെ തിരുവനന്തപുരം ജില്ലാ ഓഫിസിൽ സീനിയർ എൻവയൺമെന്റ് എൻജിനീയറാണ് ജോസ്‌മോൻ. ഹാരിസ് ദിവസവും ആലങ്ങാട്ടു നിന്നാണ് കോട്ടയത്ത് ജോലിക്കെത്തിയിരുന്നത്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ വാഹനം അനധികൃതമായി ഉപയോഗിച്ചതായി ഇദ്ദേഹത്തിനെതിരെ മുൻപ് പരാതിയുണ്ട്. ഈ കേസിലും ജോസ്‌മോൻ രണ്ടാം പ്രതിയാണ്.

രാത്രി വൈകിയാണ് ജോസ്‌മോന്റെ വീട്ടിൽ പരിശോധന നടന്നത്. 20 സെന്റ് സ്ഥലത്തിൽ 3500 ചതുരശ്രയടി വിസ്തീർണമുള്ള ആഡംബര വീട്, വാഗമൺ ഭാഗത്ത് 7.5 സെന്റ് സ്ഥലവും റിസോർട്ടും, എഴുകോൺ ഭാഗത്ത് 12 സെന്റ് സ്ഥലവും ഇരുനിലകളിലായി 5 കടമുറികളും 2 ഫ്‌ളാറ്റുകളും, എഴുകോൺ ഭാഗത്ത് 5 സെന്റ് സ്ഥലവും വീടും വ്യാപാര സമുച്ചയവും ഉണ്ടെന്നു വിജിലൻസ് കണ്ടെത്തി. 18 ലക്ഷവും 5 ലക്ഷവും വിലവരുന്ന 2 കാറുകളുണ്ട്. ലോക്കറിൽ 72 പവൻ സ്വർണവും വീട്ടിൽ 40 പവൻ സ്വർണവും സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി. വിവിധ ബാങ്കുകളിൽ 48 നിക്ഷേപങ്ങളിലായി 1.97 കോടി രൂപ സ്ഥിരനിക്ഷേപമുണ്ട്.

2 ലക്ഷം രൂപ മുഖവിലയുള്ള 200 കടപ്പത്രം, നെടുമ്പാശേരി വിമാനത്താവളത്തിലും മൾട്ടി സ്‌പെഷ്യൽറ്റി ആശുപത്രിയിലും വൻതുകയുടെ ഓഹരികൾ ഉണ്ടെന്നും സ്ഥിരീകരിച്ചു 1.56 ലക്ഷം രൂപയുടെ നോട്ടുകളും 239 അമേരിക്കൻ ഡോളർ, 835 കനേഡിയർ ഡോളർ, 4725 യുഎഇ ദിർഹം, ഒരു ഖത്തർ റിയാൽ എന്നിവയും പിടിച്ചെടുത്തു. ഇൻഷുറൻസ് പോളിസികൾ, മ്യൂച്വൽ ഫണ്ട് എന്നിവയിലായി 15 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടെന്നും വിജിലൻസ് സംഘം പറഞ്ഞു.

ഹാരിസിനെതിരെ ആദായനികുതി വകുപ്പും അന്വേഷണം ആരംഭിച്ചു. ഹാരിസിനെ തിരുവനന്തപുരം വിജിലൻസ് കോടതി റിമാൻഡ് ചെയ്തു.പരാതിക്കാരനായ ജോബിൻ സെബാസ്റ്റ്യന്റെ സ്ഥാപനത്തിനു ലഭിക്കേണ്ട സർട്ടിഫിക്കറ്റുകൾ വിജിലൻസ് ഇടപെട്ട് ലഭ്യമാക്കുമെന്ന് എസ്‌പി വി.ജി.വിനോദ്കുമാർ പറഞ്ഞു. ഡിവൈഎസ്‌പിമാരായ കെ.എ.വിദ്യാധരൻ, എ.കെ.വിശ്വനാഥൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

അതിനിടെ ഹാരിസിന്റെ ഔദ്യോഗിക വാഹനം ഇടിച്ചു വഴിയാത്രക്കാരൻ മരിച്ച സംഭവത്തെപ്പറ്റി അന്വേഷിക്കണമെന്ന് ആവശ്യം ശക്തമാകുന്നുണ്ട്. ജൂൺ 17ന് എംസി റോഡിൽ രാത്രി 9ന് ആയിരുന്നു അപകടം.ഏറ്റുമാനൂർ വില്ലേജ് ഓഫിസിനു സമീപത്തുകൂടി നടന്നുപോയ പട്ടിത്താനം കൊടികുത്തിയേൽ വീട്ടിൽ കെ.ആർ.രാജീവ് മോനെ (30) ഇടിച്ചു തെറിപ്പിച്ച ജീപ്പ് നിർത്താതെ പോയെന്നാണു പരാതി. പരുക്കേറ്റ രാജീവ് മോൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 22നു മരിച്ചു.

മലിനീകരണ നിയന്ത്രണ ബോർഡ് ഓഫിസിലെ താൽക്കാലിക ഡ്രൈവർ ആർപ്പൂക്കര പനമ്പാലം അങ്ങാടി വെച്ചൂത്തറ വീട്ടിൽ നിഖിലിനെ (29) അന്ന് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടിരുന്നു.ഓഫിസ് ജീപ്പ് അനധികൃതമായി ഉപയോഗിക്കുന്നതിനിടെയാണ് അപകടം നടന്നതെന്നും ഇതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ജനകീയ അന്വേഷണ സമിതി ജനറൽ കൺവീനർ ടി.എൻ.പ്രതാപനാണ് പരാതി നൽകിയത്.