തിരുവനന്തപുരം: കൊല്ലത്തെ റിയ റിസോർട്‌സ് ആൻഡ് പ്രോപ്പർട്ടീസ് (207 ഏക്കർ), കൊല്ലം ട്രാവൻകൂർ റബ്ബർ ആൻഡ് ടീ ലിമിറ്റഡ് (2700 ഏക്കർ), കോട്ടയത്തെ ചെറുവള്ളി എസ്റ്റേറ്റ് (2263 ഏക്കർ) എന്നിവ കേരള ഭൂസംരക്ഷണ നിയമപ്രകാരം സർക്കാർ ഏറ്റെടുക്കും. സുവിശേഷകൻ കെ.പി.യോഹന്നാൻ ഗോസ്പൽ ഫോർ ഏഷ്യക്കുവേണ്ടി വാങ്ങിയതാണ് ചെറുവള്ളി എസ്‌റ്റേറ്റ്. ഹാരിസൺ മലയാളം പ്ലാന്റേഷൻസ് സ്വന്തമാക്കുകയും പിന്നീട് വിൽക്കുകയും ചെയ്ത മൂന്ന് എസ്റ്റേറ്റുകൾ ഏറ്റെടുക്കാൻ സർക്കാർ ഉത്തരവിറക്കി.

മൊത്തം 5170 ഏക്കർ ഏറ്റെടുക്കാനാണ് സ്‌പെഷൽ ഓഫീസറായ എറണാകുളം കളക്ടർ എം.ജി രാജമാണിക്യം ഉത്തരവിട്ടത്. ഹൈക്കോടതിയുടെ അന്തിമവിധിക്ക് വിധേയമായായിരിക്കും ഏറ്റെടുക്കുകയെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ ഉന്നത തല സമ്മർദ്ദത്തിലൂടെ തീരുമാനത്തെ അട്ടിമറിക്കാനും നീക്കമുണ്ട്. തന്റെ സ്വന്തക്കാരനായ മന്ത്രിയുടെ സഹായത്തോടെ എല്ലാം അട്ടിമറിക്കാനാണ് നീക്കം. എന്തുവിലകൊടുത്തും ചെറുവള്ളി എസ്‌റ്റേറ്റ് ഏറ്റെടുക്കരുതെന്നാണ് ആവശ്യം. ഏറ്റെടുക്കലിന്റെ സ്‌പെഷ്യൽ ഓഫീസർ പദവിയിൽ നിന്ന് രാജമാണിക്യത്തെ മാറ്റണമെന്നാണ് ആവശ്യം. എന്നാൽ പൊതു സമൂഹം ഇത്രയേറെ ചർച്ച ചെയ്ത വിഷയമായതിനാൽ പ്രശ്‌നത്തിൽ ഇടപെടാൻ മന്ത്രിക്ക് ബുദ്ധിമുട്ടുണ്ട്.

കഴിഞ്ഞ ഡിസംബറിൽ ഹാരിസണിൽ നിന്ന് 29,185 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തിരുന്നു. എന്നാൽ ഭൂസംരക്ഷണ നിയമപ്രകാരം സ്‌പെഷൽ ഓഫീസറെ നിയമിച്ച് നടപടികൾ തുടരണമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അത് താത്കാലികമായി സ്റ്റേ ചെയ്തിരുന്നു. അതിന്റെ തുടർച്ചയായി സ്‌പെഷ്യൽ ഓഫീസർ രാജമാണിക്യം എസ്റ്റേറ്റ് ഉടമകൾക്ക് നോട്ടീസ് നൽകുകയും രേഖകൾ പരിശോധിക്കുകയും ചെയ്ത ശേഷമാണ് നിയമാനുസൃതം എസ്റ്റേറ്റുകൾ ഏറ്റെടുത്തത്. ഹാരിസണിന്റെ മുഴുവൻ അനധികൃത ഭൂമിയും ഏറ്റെടുക്കും.

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനു മുൻപ് ഇംഗ്ലണ്ടിൽ രജിസ്റ്റർ ചെയ്ത കമ്പനിയാണ് പിന്നീട് കൊച്ചി ആസ്ഥാനമായി ഹാരിസൺസ് മലയാളം ലിമിറ്റഡായി 1984ൽ രൂപാന്തരപ്പെട്ടത്. തിരുവിതാംകൂറിലെ രാജഭരണ കാലത്ത് വിദേശ കമ്പനി അനധികൃതമായി കൈവശംവച്ച ഭൂമിയാണ് ഹാരിസൺസിന് കിട്ടിയത്. ഇംഗ്‌ളണ്ടിൽ തയാറാക്കിയ വ്യാജരേഖ പ്രകാരമാണ് ഹാരിസൺ എസ്‌റ്റേറ്റുകൾ വിറ്റതെന്നു നേരത്തേ വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എട്ടുജില്ലകളിലായി 62,500 ഏക്കറാണ് ഹാരിസൺ അനധികൃതമായി കൈവശം വച്ചിട്ടുള്ളത്.

ഇംഗ്‌ളണ്ടിൽനിന്നുള്ള സാധുതയില്ലാത്ത രേഖകളുടെ അടിസ്ഥാനത്തിലും ഇല്ലാത്ത മേൽവിലാസത്തിലുമാണ് സർക്കാർ ഭൂമിയുടെ അവകാശമുന്നയിച്ച് ഹാരിസൺ ലാൻഡ് ബോർഡിന് രേഖകൾ സമർപ്പിച്ചതെന്ന സർക്കാരിന്റെ വാദം ഹൈക്കോടതി അംഗീകരിച്ചിരുന്നു. കൈയേറിയ സർക്കാർ ഭൂമികളിൽ പിന്നീട് വ്യാജരേഖകളിലൂടെ അവകാശം സ്ഥാപിക്കുകയാണ് കമ്പനി ചെയ്തതെന്നാണ് സ്‌പെഷ്യൽഓഫീസറുടെ പരിശോധനയിൽ വ്യക്തമായത്. പതിനായിരം ഏക്കറോളം ഭൂമി വിറ്റിട്ടുണ്ട്. ഭൂമിയുടെ ചരിത്രം മറച്ചുവച്ചാണ് കോടതിയിൽ കമ്പനി പല രേഖകളും ഹാജരാക്കിയതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.