ചണ്ഡീഗഡ്: ലോക യൂത്ത് വനിത ബോക്‌സിങ് ചാമ്ബ്യൻഷിപ്പിലെ വിജയികളായി വന്ന താരങ്ങൾക്ക് ഹരിയാനയിലെ കൃഷി മന്ത്രിയായ ഓം പ്രകാശ് ധൻകാർ നൽകിയ സമ്മാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്. വിജയികളായവർക്ക് ഓരോ പശുവിനെയാണ് കൃഷിമന്ത്രി നൽകിയത്.

പശുവിനെ സമ്മാനമായി നൽകിയ കൃഷി മന്ത്രി പശുവിന്റെ മഹത്വങ്ങളും സദസ്സിനെ അറിയിച്ചു. പശുവിനെ സമ്മാനമായി ലഭിക്കുന്നതിലൂടെ താരങ്ങൾക്ക് ഗുണമേന്മയുള്ള പാൽ ലഭിക്കുമെന്നും അങ്ങനെ അവർക്ക് നല്ല സൗന്ദര്യവും ബുദ്ധിയും ലഭിക്കുമെന്നുമാണ് ഓം പ്രകാശ് ധൻകാർ പറഞ്ഞത്.

ഹരിയാനയുടെ അഭിമാനമുയർത്തിയ വനിത താരങ്ങൾക്ക് വ്യത്യസ്തമായൊരു സമ്മാനം തന്നെ കൊടുക്കേണ്ടതുണ്ടെന്നായിരുന്നു മന്ത്രിയുടെ നിലപാട്. സായിയുടെ ബോക്‌സിങ് അക്കാദമിയിൽ നടന്ന സ്വീകരണ പരിപാടിയിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. നവംബറിൽ ഗുവാഹത്തിയിൽ നടന്ന ബോക്‌സിങ് ചാമ്ബ്യൻഷിപ്പിൽ ഹരിയാന സ്വദേശികളായ സാക്ഷി, ജ്യോതി, നീതു, ശശി എന്നിവർ വിവിധ വിഭാഗങ്ങളിലായി സ്വർണ മെഡൽ നേടിയിരുന്നു. രണ്ട് വെങ്കല മെഡലും ഹരിയാനയിൽ നിന്നുള്ള താരങ്ങൾക്ക് ലഭിച്ചു