പുസ്തകരൂപത്തിലും സിനിമാ രൂപത്തിലും ലോകം കീഴടക്കിയ ഹാരിപോട്ടർ പരമ്പരയിലെ എട്ടാമത്ത പുസ്തകം വരുന്നു. ലോകമെങ്ങുമുള്ള ഹാരി പോട്ടർ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ജെകെ റൗളിങ്ങിന്റെ ഒമ്പതുവർഷത്തിനുശേഷം ഇറങ്ങുന്ന പുതിയ പുസ്തകത്തിനായി കാത്തിരിക്കുന്നത്.

ഹാരി പോട്ടർ ആൻഡ് ദ കഴ്‌സ്ഡ് ചൈൽഡ് എന്ന നാടകത്തിന്റെ തിരക്കഥയാണ് പുസ്തകരൂപത്തിൽ വരുന്നത്. ജൂലൈ 31-ന് ഇതിന്റെ പ്രകാശനമുണ്ടാകുമെന്ന് നോവലിസ്റ്റ് തന്നെയാണ് പ്രഖ്യാപിച്ചത്. ജൂലൈ 30-നാണ് നാടകം അരങ്ങിലെത്തുന്നത്. മാത്രമല്ല, ജൂലൈ 31 നോവലിലെ കേന്ദ്ര കഥാപാത്രമായ ഹാരിയുടെ ജന്മദിനം കൂടിയാണ്.

ഒമ്പതുവർഷം മുമ്പാണ് പരമ്പരയിലെ ഏഴാമത്തെ പുസ്തകമായ ഡെഡ്‌ലി ഹാലോസ് പുറത്തിറങ്ങിയത്. എട്ടാമത്തെ പുസ്തകമായ കഴ്‌സ്ഡ് ചൈൽസ് രണ്ട് മട്ടിലാണ് പുറത്തിറങ്ങുന്നത്. നാടകത്തിന് ഉപയോഗിച്ച രീതിയിൽ ഉള്ള റിഹേഴ്‌സൽ വെർഷൻ എന്ന നിലയ്ക്കാണ് ആദ്യം പുറത്തുവരിക. കളക്ടേഴ്‌സ് എഡിഷൻ എന്ന നിലയ്ക്ക് പിന്നീട് പുറത്തിറങ്ങും. 

ഹാരിയുടെയും റോണിന്റെയും ഹെർമോയിന്റെയും സാഹസിക യാത്രകൾ എവിടംവരെയെത്തി എന്ന ആകാംഷയോടെ കാത്തിരിക്കുന്ന വായനക്കാർക്ക് ഏറെ ആവേശം പകരുന്നതാണ് ഈ വാർത്ത. പുതിയ പുസ്തകത്തെ ആധാരമാക്കിയുള്ള നാടകം ലണ്ടനിൽ മാത്രമാണ് പ്രദർശിപ്പിക്കുന്നത്.