തിരുവനന്തപുരം: ക്രൈംബ്രാഞ്ചിന് കീഴിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തെ ഹർഷിതാ അട്ടല്ലൂരി നയിക്കുമെന്ന് റിപ്പോർട്ട്. ക്രൈംബ്രാഞ്ച് എഡിജിപിയുടെ മേൽനോട്ടത്തിൽ ഐജിക്കാണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ പൂർണ ചുമതല. സിബിഐയിൽ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിൽ പ്രവർത്തിച്ചു തിരിച്ചുവന്ന ക്രൈംബ്രാഞ്ച് ഐജി ഹർഷിത അട്ടലൂരിയാകും നേതൃത്വത്തിൽ എന്നാണ് സൂചന. ഇന്റലിജൻസിൽ നിന്നും ഹർഷിതയെ ദിവസങ്ങൾക്ക് മുമ്പാണ് ക്രൈംബ്രാഞ്ചിലേക്ക് കൊണ്ടു വന്നത്.

വിജയ് മല്യയെ കുടുക്കിയ കുറ്റാന്വേഷണം നടത്തിയ സിബിഐ ടീമിലെ അംഗമായിരുന്നു ഹർഷിതാ അട്ടല്ലൂരി. മുംബൈയിലെ സിബിഐ യൂണിറ്റിൽ അഴിമതി വിരുദ്ധ വിഭാഗത്തേയും ഹർഷിത നയിച്ചിരുന്നു. കേരളത്തിൽ നടിയെ ആക്രമിച്ച കേസിലും വിസ്മയാ കേസിലും ഹർഷിതാ അട്ടല്ലൂരി അന്വേഷണം നടത്തി. കടയ്ക്കാവൂരിലെ പോക്‌സോ കേസിൽ അമ്മയുടെ നിരപരാധിത്വം കണ്ടെത്തിയതും ഹർഷിതയാണ്. സിബിഐയിൽ പ്രവർത്തിക്കുമ്പോൾ നിരവധി സാമ്പത്തിക കുറ്റാന്വേഷണങ്ങളുടെ ഭാഗമായി.

ഹർഷിതയുടെ ഭർത്താവും ഐപിഎസുകാരനാണ്. കൊച്ചി കമ്മീഷണർ നാഗരാജു. നാഗരാജുവും സിബിഐയിൽ സാമ്പത്തിക കുറ്റാന്വേഷണത്തിന്റെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്. മുംബൈ സ്‌റോക്ക് എക്‌സ്‌ചേഞ്ചിലെ ക്രമക്കേടുകളും നീരവ് മോദി കേസും എല്ലാം അന്വേഷിച്ചവരുടെ കൂട്ടത്തിൽ ഹർഷിതയും നാഗരാജുവും ഉണ്ടായിരുന്നു. ബാങ്കിങ് മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിൽ മികവ് കാട്ടിയ ഐപിഎസ് ഉദ്യോഗസ്ഥയാണ് ഹർഷിത. ഈ സാഹചര്യത്തിലാണ് കേരളത്തിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ തലപ്പത്തേക്ക് ഹർഷിതയെ നിയമിക്കുന്നത്. അൻവാർശേരിയിൽ നിന്നും അബ്ദുൾ നാസർ മദനിയെ അറസ്റ്റ് ചെയ്തതും അട്ടല്ലൂരിയായിരുന്നു. അന്ന് കൊല്ലം എസ് പിയായിരുന്നു അവർ. ആന്ധ്രയിലെ ഗുണ്ടൂർ സ്വദേശിയാണ് അട്ടല്ലൂരി.

എസ്‌ഐ തലത്തിലും സിവിൽ പൊലീസ് ഓഫിസർ തലത്തിലുമായി 200 പേരാണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിൽ നിയമിക്കപ്പെടുന്നത്. 4 റേഞ്ചുകളിലും 4 എസ്‌പിമാർ, 11 ഡിവൈഎസ്‌പിമാർ, 19 സിഐമാർ എന്നിവരാകും ആദ്യഘട്ടത്തിൽ നിയമിക്കപ്പെടുക. നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന സാമ്പത്തിക ഇടപാടു കേസുകളെല്ലാം ഈ വിഭാഗത്തിലേക്കു മാറും. സാമ്പത്തിക കുറ്റാന്വേഷണത്തിൽ മികവു തെളിയിച്ച ഉദ്യോഗസ്ഥരെ മാത്രം പുതിയ വിഭാഗത്തിൽ നിയമിക്കും.

പൊലീസിൽ എസ്‌ഐ വരെയുള്ളവർക്കിടയിൽ നിന്നു പ്രത്യേക പരീക്ഷ നടത്തി നിയമിക്കേണ്ടവരെ കണ്ടെത്തും. ഇന്റലിജൻസ് ഐജിയായിരുന്ന ഹർഷിതയെ പ്രത്യേക ഉത്തരവിലൂടെയാണ് ക്രൈംബ്രാഞ്ചിലേക്ക് സർക്കാർ കൊണ്ടു വന്നത്. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ ഘടന തീരുമാനിക്കാനും മറ്റുമായിരുന്നു ഇത്. അതിനിടെ കേസന്വേഷണഘട്ടത്തിൽ തന്നെ പഴുതടച്ചു മുന്നോട്ടുപോകാൻ നിയമോപദേശവും ലഭ്യമാക്കാൻ സിബിഐ മാതൃകയിൽ ക്രൈംബ്രാഞ്ചിനും നിയോപദേശകരെ നിയമിക്കുന്നു. 4 പേരെ നിയമിക്കുന്നതിനുള്ള ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് ഉടൻ ഇറങ്ങും.

സെക്രട്ടേറിയറ്റിലെ നിയമവകുപ്പിൽ നിന്നു ഡപ്യൂട്ടേഷനിൽ ലീഗൽ അഡൈ്വസർമാരുടെ തസ്തികയിൽ നിയമിക്കാമെന്ന സർക്കാരിന്റെ നിർദ്ദേശത്തിൽ പൊലീസ് എതിർപ്പറിയിച്ചതിനെത്തുടർന്ന്, കോടതിയിൽ പ്രവൃത്തിപരിചയമുള്ള അഭിഭാഷകരിൽ നിന്നു തന്നെ നിയമനം നടത്താനാണ് തീരുമാനം. നിലവിൽ പ്രോസിക്യൂട്ടർമാരിൽ നിന്നാണ് കേസിൽ നിയമോപദേശം ക്രൈംബ്രാഞ്ച് തേടുന്നത്. ക്രൈംബ്രാഞ്ചിന്റെ 4 റേഞ്ചിലും ഇനി നിയമോപദേശകർ വരും.

ക്രൈംബ്രാഞ്ചിൽ പുതിയ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം രൂപീകരിച്ചതിന്റെകൂടി പശ്ചാത്തലത്തിലാണ് നിയമോപദേശകരുടെ നിയമനം. പുതിയ വിഭാഗത്തിന്റെ പ്രവർത്തനം ഒരു മാസത്തിനുള്ളിൽ തുടങ്ങും.