- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിമൂന്ന് പേരെ കുരുതി കൊടുത്തിട്ടും പൊലീസ് നടപടിയെ ന്യായീകരിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി; ജനകീയ സമരത്തിന്റെ മുഖത്തേക്ക് കാറിത്തുപ്പിയ പളനിസ്വാമിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തെങ്ങും പ്രതിഷേധം: തൂത്തുക്കുടി വെടിവെയ്‌പ്പിൽ പ്രതിഷേധിച്ച് തമിഴ്‌നാട്ടിൽ ഇന്ന് ബന്ദ്: പ്രതിപക്ഷ കക്ഷികൾ സമരം ഏറ്റെടുത്തതോടെ പ്രക്ഷോഭം തമിഴ്‌നാടിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുന്നു
ചെന്നൈ: തൂത്തുക്കുടിയിലെ പൊലീസ് വെടിവെയ്‌പ്പിൽ മരണ സംഖ്യ പതിമൂന്നായി ഉയർന്നു. പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി ഇന്നലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മരിച്ചവരിൽ രണ്ടു പേർ സ്ത്രീകളാണ്. ചൊവ്വാഴ്ചത്തെ വെടിവയ്പിൽ ഗുരുതരമായി പരുക്കേറ്റു ചികിൽസയിലായിരുന്ന സായർപുരം സ്വദേശി സെൽവശങ്കർ (42) ആണു മരിച്ചത്. അതേസമയം പതിമൂന്ന് പേരെ കൊലയ്ക്കു കൊടുത്തിട്ടും നരനായാട്ട് നടത്തുന്ന തൂത്തുക്കുടിയിലെ പൊലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി രംഗത്തെത്തി. പ്രതിപക്ഷ പാർട്ടികളും ചില സാമൂഹിക വിരുദ്ധരുമാണു സംഘർഷത്തിനു പിന്നിലെന്നും പൊലീസിനെ വെടിവയ്ക്കാൻ നിർബന്ധിതരാക്കുകയായിരുന്നുവെന്നുമാണ് എടപ്പാടിയുടെ വിശദീകരണം. ഇത് ജനങ്ങളെ കൂടുതൽ പ്രക്ഷോഭകാരികളാക്കി. ഇതോടെ പളനിസ്വാമിയുടെ രാജി ആവശ്യപ്പെട്ട് ജനങ്ങൾ തെരുവിലിറങ്ങിയത് സംഘർഷത്തിൽ കലാശിച്ചു. എടപ്പാടി സർക്കാരിന്റെ രാജി ആവശ്യപ്പെട്ട് ഇന്നലെ സംസ്ഥാനമൊട്ടാകെ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധിച്ചു. സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ ചേംബറിന
ചെന്നൈ: തൂത്തുക്കുടിയിലെ പൊലീസ് വെടിവെയ്‌പ്പിൽ മരണ സംഖ്യ പതിമൂന്നായി ഉയർന്നു. പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി ഇന്നലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മരിച്ചവരിൽ രണ്ടു പേർ സ്ത്രീകളാണ്. ചൊവ്വാഴ്ചത്തെ വെടിവയ്പിൽ ഗുരുതരമായി പരുക്കേറ്റു ചികിൽസയിലായിരുന്ന സായർപുരം സ്വദേശി സെൽവശങ്കർ (42) ആണു മരിച്ചത്.
അതേസമയം പതിമൂന്ന് പേരെ കൊലയ്ക്കു കൊടുത്തിട്ടും നരനായാട്ട് നടത്തുന്ന തൂത്തുക്കുടിയിലെ പൊലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി രംഗത്തെത്തി. പ്രതിപക്ഷ പാർട്ടികളും ചില സാമൂഹിക വിരുദ്ധരുമാണു സംഘർഷത്തിനു പിന്നിലെന്നും പൊലീസിനെ വെടിവയ്ക്കാൻ നിർബന്ധിതരാക്കുകയായിരുന്നുവെന്നുമാണ് എടപ്പാടിയുടെ വിശദീകരണം. ഇത് ജനങ്ങളെ കൂടുതൽ പ്രക്ഷോഭകാരികളാക്കി. ഇതോടെ പളനിസ്വാമിയുടെ രാജി ആവശ്യപ്പെട്ട് ജനങ്ങൾ തെരുവിലിറങ്ങിയത് സംഘർഷത്തിൽ കലാശിച്ചു.
എടപ്പാടി സർക്കാരിന്റെ രാജി ആവശ്യപ്പെട്ട് ഇന്നലെ സംസ്ഥാനമൊട്ടാകെ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധിച്ചു. സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ ചേംബറിനു മുന്നിൽ കുത്തിയിരുന്ന പ്രതിപക്ഷ നേതാവ് ഡിഎംകെ വർക്കിങ് പ്രസിഡന്റ് എം.കെ.സ്റ്റാലിനെയും 20 എംഎൽഎമാരെയും അറസ്റ്റ് ചെയ്തു നീക്കി. നിരോധനാജ്ഞ ലംഘിച്ചു തൂത്തുക്കുടിയിലെ ജനറൽ ആശുപത്രി സന്ദർശിച്ച സ്റ്റാലിൻ, എംഡിഎംകെ നേതാവ് വൈകോ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. തൂത്തുക്കുടിയിൽ അറസ്റ്റിലായ എഴുപതിലധികം പേരെ റിമാൻഡ് ചെയ്തു. അതേസമയം പ്ലാന്റ് അടച്ചുപൂട്ടാൻ തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവിട്ടതിനു പിന്നാലെ ഇവിടേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചു.
വെടിവയ്പിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ അനുവദിക്കണമെന്ന തമിഴ്‌നാട് സർക്കാരിന്റെ ഹർജി ഹൈക്കോടതി തള്ളി. രണ്ടു ദിവസത്തെ സംഘർഷത്തിനു ശേഷം തൂത്തുക്കുടി ഇന്നലെ പൊതുവേ ശാന്തമായി. രാവിലെ ഒറ്റപ്പെട്ട ചില അക്രമങ്ങൾ നടന്നെങ്കിലും പൊലീസ് ഇടപെട്ടു നിയന്ത്രിച്ചു. ഇതുവരെ 33 പൊലീസുകാരുൾപ്പെടെ 102 പേർക്കു പരുക്കേറ്റതായാണ് ഔദ്യോഗിക കണക്ക്. രണ്ടുദിവസങ്ങളിലായി അറസ്റ്റു ചെയ്ത 133 പേരിൽ 65 പേരെ മദ്രാസ് ഹൈക്കോടതി ഉത്തരവുപ്രകാരം വ്യാഴാഴ്ച വിട്ടയച്ചു. ദേശീയ മനുഷ്യാവകാശ കമ്മിഷൻ സംഭവസ്ഥലം സന്ദർശിക്കണമെന്നാവശ്യപ്പെട്ടു ഡൽഹിയിലെ അഭിഭാഷകൻ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.
തമിഴ്‌നാട്ടിൽ ഇന്ന് ബന്ദ്
തൂത്തുക്കുടി വെടിവയ്പിൽ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത തമിഴ്‌നാട് ബന്ദ് ഇന്നു രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ. ഡിഎംകെയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാർട്ടികളാണ് ബന്ദിന് ആഹ്വാനം ചെയ്തത്. അണ്ണാ സർവകലാശാല ഇന്നത്തെ പരീക്ഷകൾ മാറ്റിവച്ചു. സമരക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചും വെടിവെയ്‌പ്പിൽ മരിച്ചവർക്ക് അനുശോചിച്ചും ഇന്ന് തമിഴ്‌നാട്ടിലെ കട കമ്പോളങ്ങൾ അടഞ്ഞ് കിടക്കും. ഇന്ന് ജില്ലാ ആസ്ഥാനങ്ങളിൽ സർവകക്ഷി പ്രതിഷേധം സംഘടിപ്പിക്കും.
പ്രക്ഷോഭം തമിഴ്‌നാടിന്റെ മറ്റ് ഭാഗങ്ങളിലേക്കും
പ്രതിപക്ഷകക്ഷികൾ സമരം ഏറ്റെടുത്തതോടെ പ്രക്ഷോഭം തമിഴ്‌നാടിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ചു. കുറ്റവാളികൾക്കെതിരേ നടപടിയും മുഖ്യമന്ത്രിയുടെ രാജിയും ആവശ്യപ്പെട്ടാണ് സംസ്ഥാനം ഒട്ടാകെ പ്രക്ഷോഭം നടക്കുന്നത്. അതേസമയം പുറമേ അൽപ്പം ശാന്തമായെങ്കിലും തൂത്തുക്കുടിയിൽ സംഘർഷാവസ്ഥ തുടരുകയാണ്.
ഫാക്ടറി പൂർണമായും അടയ്ക്കാതെ മൃതദേഹങ്ങൾ ഏറ്റുവാങ്ങില്ലെന്ന ഉറപ്പിച്ച് ബന്ധുക്കൾ
സ്റ്റെർലൈറ്റ് ചെമ്പു സംസ്‌ക്കരണ ശാല പൂർണ്ണമായും അടച്ചു പൂട്ടാതെ വെടിവെയ്‌പ്പിൽ മരിച്ചവരുടെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് മരിച്ചവരുടെ ബന്ധുക്കൾ. മൃതദേഹം സംസ്‌ക്കരിക്കുന്നത് കോടതിയും തടഞ്ഞു. ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ മാത്രമേ പോസ്റ്റ്മോർട്ടം നടത്തുകയുള്ളൂവെന്ന് ജില്ലാകളക്ടർ ഇവരെ അറിയിച്ചു. മെയ് 30-നകം പോസ്റ്റ്മോർട്ടം റിപ്പോർട്ട് സമർപ്പിക്കാനാണ് മദ്രാസ് ഹൈക്കോടതിയുടെ നിർദ്ദേശം.
തൂത്തുക്കുടിയിൽ ഇന്റർനെറ്റിന് വിലക്ക്
സംഭവത്തിൽ സർക്കാർ നിയമിച്ച ഏകാംഗ കമ്മിഷൻ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചു. വാട്ട്സാപ്പിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും സന്ദേശങ്ങൾ പ്രചരിക്കുന്നതു ചെറുക്കാൻ തൂത്തുക്കുടി മേഖലയിൽ അഞ്ചുദിവസത്തേക്ക് ഇൻർനെറ്റ് കണക്ഷൻ നിരോധിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് ഡി.എം.കെ. രണ്ടുലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ് തൂത്തുക്കുടി സംഭവത്തിൽ ഖേദം രേഖപ്പെടുത്തി. സംസ്ഥാനസർക്കാരിൽ നിന്ന് റിപ്പോർട്ടും തേടി. തൂത്തുക്കുടിയിൽ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാൻ എല്ലാവിധ നടപടികളും സ്വീകരിച്ചതായി കളക്ടർ സന്ദീപ് നന്ദൂരി വ്യാഴാഴ്ച രാത്രി വിളിച്ച പത്രസമ്മേളനത്തിൽ അറിയിച്ചു.