മംഗലാപുരം: കേരളാ പൊലീസിനെ മുൾമുനയിലാക്കിയ ഹരിയാന സ്വദേശിനി മംഗലാപുരം ആശുപത്രിയിൽനിന്നും അപ്രത്യക്ഷയായി. പതിനെട്ടുകാരിയായ യുവതി കഴിഞ്ഞ ദിവസം പയ്യന്നൂർ റെയിൽവേ സ്‌റ്റേഷനു സമീപം മനോവിഷമത്തിൽ കഴിയുന്ന നിലയിലാണ് പൊലീസ് കണ്ടെത്തിയത്.

പൊലീസ് കസ്റ്റഡിയിലെടുത്ത് പെൺകുട്ടിയെ അഭയകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. അസ്വസ്ഥത പ്രകടിപ്പിച്ച യുവതിയെ അഭയകേന്ദ്രം അധികൃതർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു പരിശോധന നടത്തി.

യുവതി പീഡനത്തിനിരയായതായി ആശുപത്രിയിലെ പരിശോധനയിൽ വ്യക്തമായിരുന്നു. തുടർന്ന് യുവതിയെ അന്വേഷണത്തിന്റെ ഭാഗമായി പയ്യന്നൂർ പൊലീസ് തന്നെ കണ്ണൂർ വനിതാ സെല്ലിന് കൈമാറി. വനിതാ സെൽ കണ്ണൂരിലെ അഭയകേന്ദ്രത്തിൽ യുവതിയെ പ്രവേശിപ്പിച്ചെങ്കിലും അവർ അവിടെനിന്നും മുങ്ങുകയായിരുന്നു എന്ന് പറയുന്നു.

കഴിഞ്ഞ ദിവസം മംഗലാപുരത്തിനടുത്ത പുത്തൂരിലാണ് യുവതി മനോനില തകർന്ന നിലയിൽ കാണപ്പെട്ടത്. നാട്ടുകാർ ആശുപത്രിയിലെത്തിച്ച യുവതിയെ പരിശോധനയിൽ പീഡനത്തിനിരയായതായി കാണപ്പെട്ടു. കേരളത്തിലെ പൊലീസുകാർ തന്നെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി അവർ ഡോക്ടർമാരോട് പറഞ്ഞു.

ഇതോടെ യുവതിയെ കൂടുതൽ പരിശോധനക്കായി മംഗലാപുരത്തെ ലേഡി ഗോഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെയെത്തിയ യുവതി ഡോക്ടർമാരുമായോ ചികിത്സയുമായോ സഹകരിച്ചിരുന്നില്ല. പുലർച്ചേ മൂന്ന് മണിക്ക് അവർ ആശുപത്രിയിൽനിന്നും കടന്നുകളഞ്ഞെന്നാണ് പറയുന്നത്. ബന്ദർ പൊലീസ് മൊഴിയെടുക്കാനെത്തും മുമ്പേ യുവതി ദുരൂഹമായി സ്ഥലം വിടുകയായിരുന്നു.

പയ്യന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്ത ഹരിയാന യുവതി പയ്യന്നൂരിലെ അനാഥാലയത്തിൽ നിന്നും, തുടർന്ന് പൊലീസ് തന്നെ കണ്ണൂർ അഭയനികേതനത്തിൽ പാർപ്പിച്ചപ്പോൾ അവിടെനിന്നും മുങ്ങിയെന്നു പറയുന്നതിൽ ദുരൂഹതയുണ്ട്. ഏറ്റവും ഒടുവിൽ മംഗലാപുരം ആശുപത്രിയിൽനിന്നും കാണാതാകുന്നതും യുവതി ആരോപണമുന്നയിച്ചതിനെ തുടർന്നാണ്. കേരളാ പൊലീസിനു നേരെ കടുത്ത ആരോപണമുന്നയിച്ച യുവതി ആരേയൊക്കയോ ഭയക്കുന്നതായും സൂചന ലഭിച്ചിട്ടുണ്ട്.

യുവതി കേരളത്തിൽ വച്ചാണ് മാനഭംഗത്തിനിരയായതെങ്കിൽ ഇത് ഗൗരവത്തോടെ കാണേണ്ടതാണ്. താൻ നേരിട്ട ദുരന്തത്തിന്റെ അസ്വസ്ഥതകൾ അവർപ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. അന്യ സംസ്ഥാന യുവതി എന്ന നിലയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് പാർപ്പിച്ച ഇടങ്ങളിൽനിന്നെല്ലാം സ്ഥലം വിടുന്നതിലും ദുരൂഹതയുണ്ട്. മംഗലാപുരം ആശുപത്രിയിലെ ഡോക്ടർമാർ മുമ്പാകേ കേരളാ പൊലീസിനെതിരെ യുവതി ഗുരുതരമായ ആരോപണങ്ങളാണ് ഉയർത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ യുവതിയെ കണ്ടെത്തി വസ്തുത തെളിയിക്കാൻ കേരളാ പൊലീസിനും ഉത്തരവാദിത്വമുണ്ട്.