തിരുവനന്തപുരം: അഴിമതിക്ക് പേരുകേട്ട തദ്ദേശവകുപ്പിൽ അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കും അവരെ സംരക്ഷിക്കുന്ന യൂണിയൻ നേതാക്കൾക്കും മുന്നറിയിപ്പുമായി മന്ത്രി എം വിഗോവിന്ദൻ മാസ്റ്റർ. ഫയലുകൾ പിടിച്ചുവച്ച് പണമുണ്ടാക്കാമെന്ന് കരുതി ആരും സർവീസിൽ ഇരിക്കേണ്ടെ, അതിന് അനുവദിക്കില്ല. ഇത്തക്കാരെ സംരക്ഷിക്കാൻ ഒരു യൂണിയനും ഇറങ്ങിത്തിരിക്കേണ്ട, ആരു വിചാരിച്ചാലും അത് സാധിക്കില്ലെന്നും അദ്ദേഹം തുറന്നടിച്ചു. തദ്ദേശസ്ഥാപനങ്ങളിലെ പ്രബലമായ ഇടതുപക്ഷ സംഘടനയായ കെ.എം.സി.എസ്.യു നേതാക്കൾ കേട്ടു നിൽക്കേ തിരുവനന്തപുരം കോർപറേഷനിൽ ഫയൽ അദാലത്ത് വേദിയിലായിരുന്നു മന്ത്രിയുടെ താക്കീത്.

സംരംഭം തുടങ്ങാനെത്തി ആത്മഹത്യ ചെയ്യേണ്ടിവന്ന കണ്ണൂർ ആന്തൂരിൽ സാജനെന്ന പ്രവാസിയുടെ ആത്മഹത്യ കഴിഞ്ഞ പിണറായി സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. ഇന്നത്തെ തദ്ദേശമന്ത്രിയുടെ ഭാര്യ പി.കെ.ശ്യാമള ചെയർപേഴ്സണായിരിക്കെയാണ് വിവാദ സംഭവമുണ്ടാകുന്നത്. ഫയൽ നീക്കം സംബന്ധിച്ച് ഉയർന്ന പ്രശ്നത്തെ തുടർന്നായിരുന്നു സാജന്റെ ആത്മഹത്യ. വിഷയത്തിൽ ഏറെ പണിപ്പെട്ടാണ് അന്ന് സർക്കാർ മുഖം രക്ഷിച്ചത്. ഈ പശ്ചാത്തലത്തിലാണ് എം വിഗോവിന്ദന്റെ വാക്കുകൾ ശ്രദ്ധേയമാകുന്നത്.

നിങ്ങൾ ഓരോരുത്തരും കാരണം പലവട്ടം തദ്ദേശസ്ഥാനങ്ങളുടെ പടികയറിയിട്ടും അർഹമായ കാര്യങ്ങൾ സാധിക്കാതെ ഇനിയൊരിക്കലും ഈ ഓഫീസിന്റെ പടി കയറേണ്ടി വരരുതെന്ന് ശപിച്ചുകൊണ്ട് ഇറങ്ങിപോയവരെ കണ്ടെത്തി ഒരു സല്യൂട്ട് നൽകണം. അവർക്ക് നഷ്ടമാക്കിയ അവകാശം നൽകണം. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുന്നതിനോട് തനിക്ക് താത്പര്യമില്ലെന്നും സസ്പെൻഷൻ കാലത്ത്
ആറുമാസം വീട്ടിലിരുന്ന് ശമ്പളം വാങ്ങുന്ന സമ്പ്രദായം അവസാനിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. അഴിമതിക്കാരെല്ലാം എല്ലാം പയറ്റി തെളിഞ്ഞവരാണ്. അവർക്ക് സസ്പെൻഷൻ പുത്തരിയല്ല. വീണ്ടും സർവീസിലെത്തി അത് തുടരും.

അഴിമതി കൈയോടെ പിടിച്ചാൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പോലെ വീട്ടിൽ നിന്ന് ആഹാരം കഴിക്കുന്നത് അവസാനിപ്പിക്കും. അവർക്ക് സർക്കാർ ചെലവിൽ ഭക്ഷണം നൽകും. എല്ലാ അഴിമതിയും ക്രമിനൽ കുറ്റമാക്കി പ്രതികളെ ജയിലിലിൽ അടക്കുന്ന സാഹചര്യമുണ്ടാകും. മെയ്‌ മാസത്തോടെ തദ്ദേശവകുപ്പിൽ അദാലത്ത് പൂർത്തിയായാൽ കെട്ടികിടക്കുന്ന ഫയൽ ഉണ്ടാകില്ല. ഓഗസ്റ്റ് 19 മുതൽ എല്ലാം ഓ്ൺലൈൻ സംവിധാനത്തിലെത്തും. പരാതി കിട്ടിയാൽ മന്ത്രി ഫയൽ പരിശോധിക്കും. അനാവശ്യമായി ഫയൽ പിടിച്ചുവച്ചത് ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഫയലുമായി നേരെ സെക്രട്ടേറിയറ്റിലെത്തണം. മറുപടി പറഞ്ഞേ തീരു.

സേവനങ്ങൾ ജനങ്ങൾക്ക് നൽകുന്ന ഔദാര്യമാണെന്ന തോന്നാൽ ഇനിയും ഉള്ളവരുണ്ടെങ്കിൽ അത് വേണ്ട, ജനങ്ങളുടെ ഔദാര്യമാണ് സർക്കാർ ജോലി. അത് ചെയ്യുന്നവർ ജനങ്ങളെ സേവിച്ചേ മതിയാകൂ. ഓൺലൈൻ സംവിധാനമാകുന്നതോടെ ഉദ്യഗസ്ഥരും അപേക്ഷകരും നേർക്കു-നേർ കാണേണ്ടിവരില്ല. അതിന് വിരുദ്ധമായി പ്രവർത്തിക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകരുത്. നിയമങ്ങൾ ജനങ്ങൾക്ക് വേണ്ടിയാണ്. കെട്ടിടങ്ങൾ നിർമ്മിക്കുമ്പോൾ നിസാര സെന്റീമീറ്റർ കൂടി പോയെന്ന് പറഞ്ഞ് അനുമതി നൽകാതെ പിടിച്ചുവയ്ക്കേണ്ടതില്ല. പാവപ്പെട്ടവരെയും ഇടത്തരക്കാരെയും സഹായിക്കാനാണ് നിയമം. നൂലിൽ പിടിച്ച് നിയമം നോക്കി സാധാരണക്കാരെ ബുദ്ധിമുട്ടിക്കരുതെന്നും മന്ത്രി ഓർമ്മിപ്പിച്ചു.

തൊട്ടാൽ പണം എന്ന അവസ്ഥ പല തദ്ദേശ സ്ഥാപനങ്ങളിലും ഇപ്പോഴും തുടരുകയാണ്. എൻജിനിയറിങ് വിഭാഗമാണ് അഴിമതിയുടെ കൂത്തരങ്ങ്. നിസാരകാര്യങ്ങൾ പറഞ്ഞ്. കെട്ടിനിർമ്മാണത്തിന് അനുമതി നിരസിക്കുക. പൂർത്തിയായ കെട്ടിടങ്ങൾക്ക് ടി.സി നൽകാതെ പിടിച്ചുവയ്ക്കുക തുടങ്ങിയവ ഉദ്യോഗസ്ഥരുടെ പതിവ് വിനോദമാണ്. പണവുമായെത്തിയാൽ കുരുക്ക് അഴിയും. പണം നൽകിയില്ലെങ്കിൽ വർഷങ്ങളോളം ഫയൽ പിടിച്ചുവയ്ക്കുന്നതും പതിവാണ്. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ഫയൽ നീക്കത്തിലുള്ള തട്ടുകൾ കുറച്ചുകൊണ്ടുള്ള തീരുമാനം സ്വീകരിച്ച ശേഷം മന്ത്രി ഗോവിന്ദൻ പങ്കെടുത്ത യോഗത്തിലാണ് രൂക്ഷമായ വിമർശനം നടത്തിയത്.

2019 ജൂൺ 18നാണ് ബക്കളം പാർത്ഥാസ് കൺവെൻഷൻ സെന്റർ ഉടമ കണ്ണൂർ കൊറ്റാളിയിലെ സാജൻ പാറയിൽ ആത്മഹത്യ ചെയ്യുന്നത്. പ്രവാസി വ്യവസായിയായ സാജൻ പാറയിൽ നാട്ടിലെത്തിയതിനു ശേഷം കോടികൾ മുടക്കി പണിത പാർത്ഥാസ് കൺവെൻഷൻ സെന്ററിന് ആന്തൂർ നഗരസഭ അനുമതി നൽകാത്തതാണ് സിപിഎം അനുകൂലിയായ സാജൻ ആത്മഹത്യ ചെയ്യാൻ കാരണമെന്ന ആരോപണം ഉയർന്നിരുന്നു. ഇതിനെ തുടർന്ന് സിപിഎമ്മിലും ഭരണതലത്തിലും ഏറെ വിമർശനങ്ങൾ ഉയരുകയും പി.കെ ശ്യാമളയ്ക്കെതിരെ നടപടി വേണമെന്ന ആരോപണം ഉയരുകയും ചെയ്തു. നഗരസഭയ്ക്കെതിരെയുള്ള നടപടിയുടെ ഭാഗമായി നഗരസഭാ സെക്രട്ടറിയും ടെക്നിക്കൽ എൻജിനിയറും നടപടി നേരിടുകയും ചെയ്തു. സിപിഎം കോട്ടയായ ആന്തൂരിൽ പാർട്ടി അനുഭാവിയായ വ്യവസായി ആത്മഹത്യ ചെയ്തത് കോളിളക്കം സൃഷ്ടിച്ചിരുന്നു.

കോൺഗ്രസും ബിജെപിയും ഈ വിഷയത്തിൽ സമര പരമ്പരകളാണ് അഴിച്ചുവിട്ടത്. ഇതോടെ സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ചു ചേർത്തു. എന്നാൽ നഗരസഭാ ചെയർപേഴ്സണ് ഈ വിഷയത്തിൽ വീഴ്ച പറ്റിയെന്ന പി.ജയരാജന്റെ വിമർശനം സിപിഎമ്മിലെ ഭിന്നത മറനീക്കി. എന്നാൽ ഈ നിലപാട് സംസ്ഥാന നേതൃത്വം തിരുത്തി പി.കെ ശ്യാമളയ്ക്കു പിൻതുണയുമായെത്തി.ഇതോടെ പാർട്ടി പത്രം പാറയിൽ സാജന്റെ മരണം ആത്മഹത്യ ഭാര്യയുമായി ബന്ധപ്പെട്ട കുടുംബപരമായ പ്രശ്നമാണെന്ന വാർത്ത ഏറെ വിവാദങ്ങൾക്കിടയാക്കുകയും ചെയ്തിരുന്നു.

സെക്രട്ടറിയേറ്റ് ഫയൽ നീക്കത്തിന്റെ തട്ടുകൾ നിജപ്പെടുത്തും

ഭരണപരിഷ്‌കാര കമ്മീഷൻ ശുപാർശയുടെയും തുടർന്നുള്ള ചർച്ചകളുടെയും അടിസ്ഥാനത്തിൽ സെക്രട്ടറിയേറ്റിലെ ഫയൽ നീക്കത്തിന്റെ തട്ടുകൾ നിജപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

അണ്ടർ സെക്രട്ടറി മുതൽ അഡീഷണൽ സെക്രട്ടറി വരെയുള്ള ഓഫീസർമാരുടെ ഫയൽ പരിശോധനാതലങ്ങൾ രണ്ടാക്കി ചുരുക്കും. വിവിധ സെക്രട്ടറിമാരുടെ തലങ്ങളിലും മന്ത്രിതലത്തിലും മുഖ്യമന്ത്രിതലത്തിലും തീരുമാനം എടുക്കേണ്ട ഫയലുകൾ സംബന്ധിച്ചും രൂപമായി.

നയപരമായ തീരുമാനം, ഒന്നിൽകൂടുതൽ വ്യക്തികളെ ബാധിക്കുന്ന പരാതികൾ, നയപരമായി പ്രാധാന്യമുള്ള വ്യക്തിപരമായ പരാതികൾ, സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതും സങ്കീർണ്ണമായ നിയമപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതുമായ വിഷയങ്ങൾ എന്നിവ ഡെപ്യൂട്ടി സെക്രട്ടറി മുതലുള്ള ഉന്നത തലത്തിൽ വിശദമായി പരിശോധിക്കും. ഫയൽ പരിശോധന നടത്തുന്നതിന് ഒരോ വകുപ്പിലുമുള്ള ഉദ്യോഗസ്ഥർ ( തട്ടുകൾ ) എപ്രകാരമായിരിക്കണമെന്ന് അതതു വകുപ്പുസെക്രട്ടറിമാർ വകുപ്പ് മന്ത്രിമാരുമായി കൂടിയാലോചിച്ച് ഉത്തരവ് പുറപ്പെടുവിക്കും.