കോതമംഗലം: നഴ്‌സിങ് വിദ്യാർത്ഥിനിക്ക് പുനർജന്മമേകി പതിനാലുകാരൻ ഹാഷിം നാട്ടിലെ താരമായി. അയിരൂർപ്പാടത്ത് പെരിയാർവാലി കനാലിൽ ഒഴുക്കിൽപ്പെട്ട നഴ്‌സിങ് വിദ്യാർത്ഥിനിയെയാണ് കോട്ടപ്പടി മാർ ഏലിയാസ് സ്‌കൂളിലെ 10-ാം ക്ലാസ്സ് വിദ്യാർത്ഥിയായ ഹാഷിം അതിസാഹസികമായി രക്ഷപെടുത്തിയത് . ഇന്ന ലെ വൈകിട്ട് 5.30 ഓടെ അയിരൂർപ്പാടം ഹൈ ലെവൽ കനാലിലാണ് സംഭവം .

അടിമാലി മോർണിങ് സ്റ്റാർ ആശുപത്രിയിൽ നിന്നും അയിരൂർപാടം മാനസികാരോഗ്യകേന്ദ്രത്തിൽ പഠനാവശ്യത്തിനായെത്തിയ വിദ്യാർത്ഥിനിയാണ് അബദ്ധത്തിൽ കനാലിൽ വീണത് . പ്രദേശവാസികളായ കുട്ടികൾ കനാലിൽ നീന്തിക്കുളിക്കുന്നത് കണ്ടതാണ് വിദ്യാർത്ഥിനികൾക്ക് കനാലിലിറങ്ങാൻ പ്രചോദനമായത്. .ഇരുപതിൽപ്പരം വിദ്യാർത്ഥിനികളാണ് കനാൽ കാഴ്ചകൾ കാണാനും കുളിക്കാനുമായി ഇവിടെത്തിയത്. ഇതിൽ ആദ്യം കനാലിലേക്കിറങ്ങിയ വിദ്യാർത്ഥിനി ഒഴുക്കിൽപെട്ടു. രക്ഷിക്കാനായി ഇറങ്ങിയ വിദ്യാർത്ഥിനി ഒഴുക്കിൽപ്പെട്ടെങ്കിലും ഒരുവിധത്തിൽ കരയ്ക്കുകയറി. ഇതോടെ കൂട്ടക്കരച്ചിലായി. ഇതുകേട്ടാണ് കൂട്ടുകാരൊടൊപ്പം കനാലിൽ കുളിക്കുകയായിരുന്ന ഹാഷീം സംഭവമറിയുന്നത്. പിന്നെ ഒരു നിമിഷം വൈകാതെ, അടിയൊഴുക്ക് ശക്തമായ കനാലിലൂടെ ഹാഷിം അപകടസ്ഥലത്തേക്ക് കുതിച്ചെത്തി.

ഈ സമയം ശക്തമായ അടിയൊഴുക്കിൽപ്പെട്ട് വിദ്യാർത്ഥിനി അപ്രത്യക്ഷയായിരുന്നു. പിന്നീട് ഹാഷീം മുങ്ങാംകുഴിയിട്ട് നടത്തിയ തിരച്ചിലിൽ ആഴത്തിലേക്ക് നീങ്ങിയിരുന്ന വിദ്യാർത്ഥിനിയെ കണ്ടെത്തുകയും കരയ്‌ക്കെത്തിക്കുകയുമായിരുന്നു. മൂന്നാൾ താഴ്ചയുള്ള കനാൽ നിറഞ്ഞാണ് വെള്ളം ഒഴുകുന്നത്. സദാസമയവും അടിയൊഴുക്ക് ശക്തമാണ്. എന്നാൽ ജലനിരപ്പിൽ ഇതിന്റെ യാതൊരു ലക്ഷണവുമുണ്ടാവാറുമില്ല. ഇതാണ് പ്രദേശവാസികളല്ലാത്തവർ എളുപ്പത്തിൽ അപകടത്തിൽപെടുന്നതിന് കാരണം.

തന്നേക്കാൾ മുതിർന്നവരിൽ പലരും കാഴ്ചക്കാരായി നോക്കിനിൽക്കുമ്പോഴാണ് ഈ കൊച്ചുമിടുക്കൻ മുന്നിലുള്ള അപകടം തൃണവൽഗണിച്ച് കനാലിലെ ആഴങ്ങളിൽ മരണത്തോട് മല്ലിടിച്ചിരുന്ന അപരിചിതയുടെ ജീവൻ രക്ഷിക്കാനിറങ്ങിയത്. ഹാഷീം രക്ഷാപ്രവർത്തനത്തിനിറങ്ങിയപ്പോൾ കരയിൽ നിന്നിരുന്ന കാഴചക്കാർ ശ്വാസം പിടിച്ചിരിക്കുകയായിരുന്നു. സ്ഥിരപരിചിതരുടെ പോലും ജീവനെടുത്തിട്ടുള്ള കനാലിന്റെ രൗദ്രഭാവമായിരുന്നു ഇവരുടെ ഭയാശങ്കകൾക്കുകാരണം. എതാനും മിനിട്ടുകൾക്കുള്ളിൽ ദൗത്യം പൂർത്തിയാക്കി ഹാഷീം കരയ്ക്കണഞ്ഞപ്പോഴാണ് ഇക്കൂട്ടർക്ക് ആശ്വാസമായത്. കരയ്‌ക്കെത്തിച്ച വിദ്യാർത്ഥിനിക്ക് കൂട്ടുകാരികൾ പ്രഥമ ശുശ്രൂഷ നൽകി. കുറച്ചു വെള്ളം കുടിച്ചതൊഴിച്ചാൽ കാര്യമായ അവശതകളൊന്നുമില്ലാതിരുന്ന പെൺകുട്ടിയെ ഉടൻ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

അയിരൂർപ്പാടം പാറേക്കുടി മജീദ് ,സുനീറ ദമ്പതികളുടെ മകനായ ഹാഷിം ഇപ്പോൾ നാട്ടുകാർക്കിടയിലും സ്‌കൂളിലെ കൂട്ടുകാർക്കിടയിലും മിന്നും താരമായി മാറിക്കഴിഞ്ഞു.വിവരമറിഞ്ഞവർ നേരിലും ഫോണിലുടെയും മറ്റും ഹാഷിമിനെ അഭിനന്ദനങ്ങൾകൊണ്ട് മൂടി. പിണ്ടിമന പഞ്ചായത്തംഗം സീതി മുഹമ്മദുൾപ്പെടെ നിരവധി പ്രമുഖർ ഹാഷീമിനെ വീട്ടിലെത്തി അഭിനന്ദിച്ചു.