വാഷിങ്ടൻ: തുടർച്ചയായി വംശീയ ആക്രമണത്തിൽ ഇരയാകുന്നതിൽ കുടത്ത ആശങ്കയിലായി അമേരിക്കയിലെ ഇന്ത്യൻ വംശജർ. താരതമ്യേന സമാധാനപ്രിയരായ ഇന്ത്യക്കാർക്കു നേർക്ക് പത്തുദിവസത്തിനിടെ മൂന്ന് ആക്രമണങ്ങാണ് യുഎസിൽ ഉണ്ടായത്. ഇതിൽ രണ്ടു പേർ കൊല്ലപ്പെട്ടു. രണ്ട് ആക്രമണങ്ങൾ തീർത്തും വംശീയ ആക്രമണങ്ങളുമായിരുന്നു.

ഇന്ത്യൻ വംശജർക്കു നേരെ നടന്ന ആക്രമണങ്ങളിൽ ഉടൻ നീതിപൂർവമായ നടപടി സ്വീകരിക്കുമെന്ന് യുഎസ് അധികൃതർ വ്യക്തമാക്കി. സംഭവങ്ങളിൽ യുഎസ് അനുശോചനം രേഖപ്പെടുത്തിയതായി വാഷിങ്ടനിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ട ഏജൻസികൾക്കു നിർദ്ദേശം നൽകുമെന്നും യുഎസ് ഉറപ്പു നൽകി.

ആക്രമണങ്ങളിൽ യുഎസിലെ ഇന്ത്യൻ അംബാസഡർ നവ്‌തേജ് സർന ആശങ്ക രേഖപ്പെടുത്തിയിരുന്നു. അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിനു നേരെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനുള്ള ശക്തമായ നടപടികൾ ഉണ്ടാവണമെന്നും അംബാസഡർ അമേരിക്കൻ അധികൃതരോട് ആവശ്യപ്പെട്ടു.

വംശീയമായ ഇത്തരം അക്രമ സംഭവങ്ങളിൽ അപലപിക്കുന്നതായും ഈ വിധത്തിലുള്ള പ്രവർത്തനങ്ങളിൽ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും അമേരിക്കൻ കോൺഗ്രസ് അംഗം റിക് ലാർസൻ പറഞ്ഞു. അടുത്തിടെയുണ്ടായ സംഭവങ്ങൾ സംബന്ധിച്ച് അമേരിക്കൻ അന്വേഷണോദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ടു വരികയാണ്. അക്രമത്തിനിരയായവരുടെ കുടുംബാഗങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും അനുശോചനം അറിയിക്കുകയും ചെയ്തതായും ഇന്ത്യൻ എംബസി വൃത്തങ്ങൾ അറിയിച്ചു.

വംശീയ കലാപങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ യുഎസിലേക്ക് വരാൻ ഇന്ത്യക്കാർ ഭയപ്പെടുന്നതായും നവ്‌തേജ് അറിയിച്ചിരുന്നു. രണ്ടാഴ്ചയ്ക്കിടെ നടന്ന മൂന്നാമത്തെ ആക്രമണത്തിൽ ദീപ് റായ് (39) എന്ന സിഖ് വംശജനാണ് കഴിഞ്ഞ ദിവസം വെടിയേറ്റത്. ഇതിനുപിന്നാലെയാണ് ശക്തമായ പ്രതിഷേധവുമായി ഇന്ത്യ രംഗത്തെത്തിയത്. മുഖംമൂടി ധരിച്ചെത്തിയ അക്രമി 'നിങ്ങളുടെ രാജ്യത്തേക്കു മടങ്ങിപ്പോകൂ' എന്ന് ആക്രോശിച്ചാണു വെടിയുതിർത്തതെന്ന് ദീപ് റായ് വെളിപ്പെടുത്തി.

സൗത്ത് കാരലൈനയിൽ ഇന്ത്യൻ വംശജനും വ്യാപാരിയുമായ ഹർണിഷ് പട്ടേൽ (43) വെടിയേറ്റു മരിച്ചതു കഴിഞ്ഞദിവസമാണ്. അതിനു തൊട്ടുപിന്നാലെ നടന്ന ആക്രമണം ഇന്ത്യൻ സമൂഹത്തിനു ഞെട്ടലായി. തന്റെ കട പൂട്ടിയശേഷം വീട്ടിലേക്കു പോകുന്നവഴിക്കാണു ഹർണിഷ് പട്ടേൽ കൊല്ലപ്പെട്ടത്. വീടിനു മുന്നിൽ കാറിൽ വെടിയേറ്റു മരിച്ചുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

ദിവസങ്ങൾക്കു മുൻപു കാൻസസ് സിറ്റിയിൽ ഇന്ത്യൻ എൻജിനീയർ ശ്രീനിവാസ് കുച്ചിഭോട്ല (32) വെടിയേറ്റു മരിച്ചിരുന്നു. ഹൈദരാബാദുകാരനായ ശ്രീനിവാസ്, കാൻസസ് സിറ്റിയിലെ തിരക്കേറിയ ബാറിലാണ് ആക്രമിക്കപ്പെട്ടത്. 'എന്റെ രാജ്യത്തുനിന്നു പുറത്തുപോകെടാ, തീവ്രവാദി' എന്ന് അധിക്ഷേപിച്ചാണ് അക്രമി വെടിവച്ചത്. യുഎസ് നാവികസേനയിൽ സേവനമനുഷ്ഠിച്ചിട്ടുള്ള ആദം പുരിന്റോൺ (51) എന്നയാളെ കൊലപാതകത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.