- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അതീഖിന് ഹൃദയസംബന്ധമായ അസുഖം; ശസ്ത്രക്രിയ ആവശ്യമാണ്; അല്ലെങ്കിൽ അവൻ മരിക്കുമെന്ന് ഞങ്ങൾ ഭയപ്പെടുന്നു'; ആശങ്ക അറിയിച്ച് സഹോദരൻ മതീന്റെ വാക്കുകൾ; 'ഹത്രാസ്' സംഭവത്തിൽ ജയിലിൽ കഴിയുന്ന അതിഖ്-ഉർ-റഹ്മാന് ഇടക്കാല ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിൽ കുടുംബം
മുസാഫർനഗർ: ഉത്തർപ്രദേശിൽ ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കാനുള്ള ഗൂഢാലോചന ആരോപിക്കപ്പെട്ട് അറസ്റ്റിലായി ജയിലിൽ കഴിയുന്ന മുസാഫർനഗർ സ്വദേശി അതിഖ് ഉർ റഹ്‌മാന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്ക പ്രകടിപ്പിച്ച് കുടുംബം രംഗത്ത്.
ഹൃദയത്തിന്റെ അയോർട്ടിക് വാൽവ് അടയ്ക്കാത്തപ്പോൾ ഉണ്ടാകുന്ന അയോർട്ടിക് റെഗർഗിറ്റേഷൻ എന്ന ഹൃദയസംബന്ധമായ അസുഖമാണ് അതീഖിനുള്ളത്. ഈ അവസ്ഥയിൽ നിന്ന് ഉണ്ടാകാവുന്ന ഏറ്റവും ഗുരുതരമായ സങ്കീർണത ഹൃദയസ്തംഭനമാണെന്ന് അദ്ദേഹത്തിന്റെ കുടുംബം പറയുന്നു.
'ഞങ്ങൾക്ക് പലപ്പോഴും അതീഖിനെ ആശുപത്രിയിൽ എത്തിക്കേണ്ടി വന്നിട്ടുണ്ട്. അദ്ദേഹത്തിന് ശസ്ത്രക്രിയ ആവശ്യമാണ്, അല്ലെങ്കിൽ അവൻ മരിക്കുമെന്ന് ഞങ്ങൾ ഭയപ്പെടുന്നു,' പടിഞ്ഞാറൻ യുപിയിലെ മുസാഫർനഗറിലെ വീട്ടിൽ നിന്ന് ആശങ്ക പങ്കുവച്ചുകൊണ്ട് അതീഖിന്റെ സഹോദരൻ മതീൻ പറയുന്നു.
'2020 ഒക്ടോബർ 5 ന് അറസ്റ്റ് ചെയ്യപ്പെടുന്നതിന് ഒരു മാസം മുമ്പ്, എയിംസിലെ ഡോക്ടറിൽ നിന്ന് അയോർട്ടിക് വാൽവ് മാറ്റിസ്ഥാപിക്കുന്നതിന് അദ്ദേഹത്തോട് പറഞ്ഞിരുന്നു. അതിനാലാണ് 60 ദിവസത്തേക്ക് ഇടക്കാല ജാമ്യം ലഭിക്കാൻ കുടുംബം ഒരു അപേക്ഷ സമർപ്പിച്ചത്. ജാമ്യം ലഭിച്ചാൽ അദ്ദേഹത്തിന് എയിംസിൽ ശസ്ത്രക്രിയ നടത്താനാകും.
'അതീഖിന് അസുഖം മൂർച്ഛിക്കുമ്പോൾ ശ്വസിക്കാൻ കഴിയില്ല. മാത്രമല്ല കൈകളും കാലുകളും വിറയ്ക്കുകയും അയാൾ വല്ലാതെ വിയർക്കുകയും ചെയ്യും. സംസാരിക്കാനും കഴിയില്ല. ഞങ്ങൾ അവനെ മുസഫർനഗറിലെ ആശുപത്രികളിലേക്കും മീററ്റ്, അലിഗഡ്, ഡൽഹിയിലെ എയിംസ് എന്നിവിടങ്ങളിലേക്കും കൊണ്ടുപോയിട്ടുണ്ട് ' സഹോദരൻ പറഞ്ഞു.
അതീഖ് ജയിലിൽ മരണപ്പെട്ടേക്കുമോ എന്ന ആശങ്കയിലാണ് കുടുംബം. 'അടിയന്തിരമായി ശസ്ത്രക്രിയ നടത്തണമെന്ന് മാത്രമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. അവന്റെ വാൽവ് പ്രവർത്തിക്കുന്നത് നിർത്തിയാൽ ശരീരത്തിലുടനീളം രക്തം പമ്പ് ചെയ്യപ്പെടുകയില്ല, അവൻ മരിക്കും,' മതീൻ പറയുന്നു. അദ്ദേഹത്തിന്റെ അഭിഭാഷകർ അദ്ദേഹത്തിന്റെ ശസ്ത്രക്രിയ നടത്തണമെന്നാവശ്യപ്പെട്ട് ഒരു അപേക്ഷ സമർപ്പിച്ചെങ്കിലും മഥുര കോടതി അത് നിരസിക്കുകയായിരുന്നു.
2020 സെപ്റ്റംബറിൽ പടിഞ്ഞാറൻ യുപിയിലെ ഹത്രാസിൽ ഒരു ദളിത് പെൺകുട്ടി ബലാത്സംഗത്തിനിരയായി മരിച്ചതിന് ശേഷം അവരുടെ വീട് സന്ദർശിക്കാൻ പോയി എന്ന കാരണത്താലാണ് 'ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കാനുള്ള ഗൂഢാലോചന' ആരോപിക്കപ്പെട്ട് ക്യാംപസ് ഫ്രണ്ട് ദേശീയ കമ്മിറ്റി അംഗം അതിഖ്-ഉർ-റഹ്‌മാൻ അടക്കം അറസ്റ്റിലായത്. സംശയാസ്പദമായ നാല് പേർ ഹത്രാസിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് മധുരയിലെ മാത് ടോൾ പ്ലാസയിൽ വെച്ച് വാഹനം തടഞ്ഞുനിർത്തി ഇവരെ ചോദ്യം ചെയ്ത ശേഷമാണ് കസ്റ്റഡിയിലെടുത്തത്.
യുപി പൊലീസിന്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്, അതീഖുറഹ്‌മാനെയും മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഉൾപ്പെടെ ഏഴ് പേരെയും ഐപിസിയുടെ രാജ്യദ്രോഹമുൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്തു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം എന്ന പേരിലുള്ള ഭീകരവിരുദ്ധ നിയമപ്രകാരവും അവർക്കെതിരെ കേസെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ടവർക്ക് ജാമ്യം അസാധ്യമാക്കുകയാണ്.
സെപ്റ്റംബർ 14നാണ് യു.പിയിലെ ഹത്രാസ് ജില്ലയിൽ 19കാരിയായ ദളിത് പെൺകുട്ടിയെ ഉന്നത ജാതിയിൽ പെട്ട നാല് പേർ ചേർന്ന് വയലിൽ വെച്ച് മാനഭംഗപ്പെടുത്തിയത്. ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ പെൺകുട്ടി മരണപ്പെട്ടു. വീട്ടുകാരുടെ അനുമതിയില്ലാതെ യു.പി പൊലീസ് മൃതദേഹം സംസ്‌കരിച്ചതോടെയാണ് സംഭവം വിവാദമായതും രാജ്യവ്യാപകമായി പ്രക്ഷോഭം ഉയർന്നുവന്നതും.
ന്യൂസ് ഡെസ്ക്