തിരുവനന്തപുരം: തിരുവനന്തപുരം നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തു കേസിലെ പ്രതികളും യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരും വിമാനയാത്രയ്ക്കിടയിൽ ഡോളർ കടത്തിയ സംഭവം പുറത്തു വന്നതോടെ കള്ളപ്പണമിടപാടിന് പുതിയ മാർഗങ്ങൾ തേടി ഹവാല സംഘങ്ങൾ.വിമാനത്താവളങ്ങളിലെ പരിശോധന കർശനമാക്കിയതോടെയാണു കൂടുതൽ സുരക്ഷിതമായ ഹവാല ചാനൽ തുറന്നത്.കള്ളപ്പണം യുഎസ് ഡോളറാക്കി മാറ്റി വിദേശത്തേക്കു കടത്തുന്ന രീതി ഒഴിവാക്കി കുഴൽപണമായി ഡോളർ വിദേശത്തു കൈമാറുന്നതാണ് പുതിയ രീതി.

കേരളത്തിലെ ഹവാല റാക്കറ്റ് ഈ രീതി പരീക്ഷിച്ച് തുടങ്ങിയതായി കേന്ദ്ര സാമ്പത്തിക ഇന്റലിജൻസ് യൂണിറ്റ് (എഫ്‌ഐയു) ന് സൂചന ലഭിച്ചു.ഇന്ത്യയുടെ സാമ്പത്തിക വിനിമയ നയം അനുസരിച്ച് 5000 ഡോളറിലധികം മൂല്യമുള്ള ഒരു വിദേശ കറൻസിയും രാജ്യത്തിനു പുറത്തേക്കു കൊണ്ടുപോകാൻ പാടില്ലെങ്കിലും ലക്ഷക്കണക്കിനു ഡോളർ മാറ്റി നൽകുന്ന റാക്കറ്റുകൾ കേരളത്തിൽ സജീവമാണ്. വിദേശത്തെ ഒരു വ്യക്തിക്കു 1000 യുഎസ് ഡോളർ കൈമാറണമെങ്കിൽ അതിനു തുല്യമായ ഇന്ത്യൻ രൂപയും കമ്മിഷനും കേരളത്തിലെ ഹവാല റാക്കറ്റിനെ ഏൽപ്പിച്ചാൽ മതിയാകും.

രാജ്യത്തു കള്ളപ്പണത്തിന്റെ സമാന്തര സമ്പദ്ഘടന വികസിക്കാൻ ഇതുവഴിയൊരുക്കുമെന്നാണു കേന്ദ്ര ധനമന്ത്രി അധ്യക്ഷത വഹിക്കുന്ന ഇക്കണോമിക്‌സ് ഇന്റലിജൻസ് കൗൺസിലിന്റെ (ഇഐസി) നിഗമനം. കൗൺസിലിന്റെ നിർദേശപ്രകാരമാണു കേന്ദ്ര സാമ്പത്തിക ഇന്റലിജൻസ് യൂണിറ്റിന്റെ നിരീക്ഷണം കേരളത്തിൽ ഊർജിതമാക്കിയത്.

പത്തനംതിട്ട പോപ്പുലർ ഫിനാൻസ് തട്ടിപ്പു കേസിലെ പ്രതികൾ നിക്ഷേപകരിൽ നിന്നു തട്ടിയെടുത്ത പണം ഡോളറാക്കി വിദേശത്തേക്കു കടത്തിയ സംഭവം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഈ കേസിന്റെ നേരിട്ടുള്ള അന്വേഷണത്തിലൂടെ കേരളത്തിൽ നിന്നുള്ള ഡോളർ കടത്തുകളിലും ഹവാല ഡോളർ ഇടപാടുകളിലും ഫലപ്രദമായി ഇടപെട്ടു തടയാനാണു സാമ്പത്തിക ഇന്റലിജൻസ് യൂണിറ്റിനു ലഭിച്ചിരിക്കുന്ന നിർദ്ദേശം.

പോപ്പുലർ കേസിൽ നിക്ഷേപകരെ വഞ്ചിച്ചു തട്ടിയെടുത്ത 2000 കോടി രൂപയിൽ ഒരുഭാഗം ഡോളറാക്കി വിദേശത്തേക്കു കടത്തി അടുത്ത ബന്ധുവിന്റെ എൻആർഐ അക്കൗണ്ട് വഴി രാജ്യത്തു തിരികെ എത്തിച്ചു കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചതായാണു കണ്ടെത്തിയത്.