മലപ്പുറം: അന്തർദേശീയ മയക്കുമരുന്ന് മാഫിയസംഘ തലവൻ കുഴൽപണവുമായി അറസ്റ്റിൽ. കൊണ്ടോട്ടി മാലാപറമ്പിൽ, കൗങ്ങിൻ തോട്ടത്തിൽ (കെ.ടി) മുഹമ്മദ് (32) ആണ് 12 ലക്ഷം രൂപയുമായി ഇന്നലെ പൂക്കോട്ടുംപാടം പൊലീസിന്റെ അറസ്റ്റിലായത്. പെരിന്തൽമണ്ണ ഡിവൈ.എസ്‌പി. പി. മോഹനചന്ദ്രനും നിലമ്പൂർ സിഐ കെ.എം. ബിജുവിനും ലഭിച്ച രഹസ്യ സന്ദേശത്തെത്തുടർന്നാണ് പൂക്കോട്ടുംപാടം എസ്.ഐ. അമൃത്രംഗന്റെ നേതൃത്വത്തിൽ നിലമ്പൂർ പൂക്കോട്ടുംപാടം അഞ്ചാംമൈൽ അമരമ്പലം റോഡിൽവെച്ച് ഇന്നോവ കാറിൽനിന്ന് രേഖകളില്ലാത്ത പണം പിടികൂടിയത്.

കൊണ്ടോട്ടി സ്വദേശിയുടെ പേരിലാണ് കാസർകോട് രജിസ്ട്രേഷനിലുള്ള വാഹനം. തനിക്ക് അപ്പപ്പോൾ ലഭിക്കുന്ന വിവരത്തിനനുസരിച്ച് പണം കൈമാറുകയാണെന്നാണ് പ്രതി പറയുന്നത്. പ്രതിയുടെ കൂട്ടാളികളെന്ന് സംശയിക്കുന്ന കൊണ്ടോട്ടി, ചോക്കാട് സ്വദേശികളായ രണ്ടുപേർ കസ്റ്റഡിയിലുള്ളതായി സൂചനയുണ്ട്.

ഉയർന്ന വീര്യമുള്ള മെത്താമെഫ്റ്റാമെൻ(ഷബു) എന്ന മയക്കുമരുന്ന് പൊടി മുഹമ്മദിൽ നിന്ന് പൊലീസ് പിടിച്ചെടുത്തതായും വിവരമുണ്ട്. എന്നാൽ ഇതു സംബന്ധിച്ച വിവരം പൊലീസ് പുറത്തു വിടാൻ തയ്യാറായിട്ടില്ല. അതേസമയം, പിടിയിലായ മുഹമ്മദ് അന്തർദേശീയ മയക്കു മരുന്ന് മാഫിയാ സംഘവുമായി ബന്ധമുണ്ടെന്ന ഇൻഫർമേഷൻ ലഭിച്ചതായി സി.ഐ മറുനാടൻ മലയാളിയോടു പറഞ്ഞു.

ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ വീട്ടിൽ പരിശോധന നടത്തിയതായും കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും സി.ഐ പറഞ്ഞു. പാക്കിസ്ഥാൻ, സൗദിഅറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ മയക്കുമരുന്ന് കണ്ണികളുമായി ബന്ധപ്പെട്ട് മുഹമ്മദ് പ്രവർത്തിച്ചിരുന്നതായാണ് പൊലീസിനു ലഭിച്ച വിവരം. മയക്കുമരുന്ന് സംബന്ധിച്ച ചില നിർണായക വിവരങ്ങൾ ലഭിച്ചതായും ഇത് പരിശോധിച്ചു വരികയാണെന്നും ഡി.വൈ.എസ്‌പി എംപി മോഹനചന്ദ്രൻ പറഞ്ഞു.

എന്നാൽ കുഴൽപ്പണം കടത്തി എന്ന കുറ്റം മാത്രമാണ് ഇപ്പോൾ മുഹമ്മദിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. വിവിധ രാഷ്ട്രീയ കക്ഷികളുമായും ഉന്നത നേതാക്കളുമായും അടുത്ത ബന്ധം പുലർത്തുന്നയാളാണ് പിടിയിലായ മുഹമ്മദ്. പ്രതിക്കു വേണ്ടി സ്ഥലം എംഎ‍ൽഎ പി.വി അൻവർ അടക്കം ഉന്നത തലത്തിൽ നിന്നുള്ളവർ പൊലീസിനു മേൽ സമ്മർദം ശക്തമാക്കിയിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.