മലപ്പുറം: പൊലീസെന്ന വ്യാജേനയെത്തി 80 ലക്ഷം രൂപയുടെ കുഴൽപണം തട്ടിയ കേസിൽ സംഘത്തലവൻ അറസ്റ്റിൽ. നിലമ്പൂർ കുരിശുംമൂട്ടിൽ സിറിൽ മാത്യുവിനെ (34) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൂട്ടാളി തൃശൂർ പൂവത്തൂർ നാലകത്ത് വീട്ടിൽ ആസിഫിനെയും (24) പിടികൂടി.കഴിഞ്ഞ വർഷം നവംബർ 26ന് കോഡൂരിൽ കുഴൽപണ സംഘത്തിന്റെ വാഹനം തടഞ്ഞ് തട്ടിക്കൊണ്ടുപോയാണ് പണം അപഹരിച്ചത്. 10 പേർ നേരത്തേ അറസ്റ്റിലായിരുന്നു.

എറണാകുളം നെടുമ്പാശേരിയിലെ മറ്റൊരു കവർച്ചക്കേസിൽ പിടിയിലായ സിറിൽ ജാമ്യത്തിലിറങ്ങി ഒരാഴ്ചയ്ക്കുള്ളിലാണ് കോഡൂരിലെ സംഭവമുണ്ടായത്. ജയിലിൽ പരിചയപ്പെട്ട കൂട്ടുപ്രതികളുമായി ചേർന്നായിരുന്നു ആസൂത്രണമെന്നു പൊലീസ് പറഞ്ഞു. തട്ടിയ പണം സിറിലിന്റെ നിലമ്പൂരിലെ ഓഫിസ് പ്രവർത്തിക്കുന്ന പഴയ വീട്ടിലെത്തിച്ച് വീതംവയ്ക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

ഡിജിറ്റൽ നാണയ ഇടപാടുമായി ബന്ധപ്പെട്ടും സിറിലിനെതിരെ അന്വേഷണം നടക്കുന്നുണ്ട്. എറണാകുളം, മലപ്പുറം, ആലപ്പുഴ, വയനാട് സ്വദേശികളാണ് നേരത്തേ അറസ്റ്റിലായവർ.

ഇൻസ്‌പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പൊലീസുകാരായ പി. സഞ്ജീവ്, ഹമീദലി, ജസീർ, രജീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.