കോഴിക്കോട്: കൈത്തറി യൂണിഫോം വിതരണത്തിൽ പരാതിയറിയിച്ച പ്രധാനാധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് സസ്പെന്റ് ചെയ്തു. കോഴിക്കോട് തോപ്പയിൽ ഗവ. എൽ പി സ്‌കൂളിലെ പ്രധാനാധ്യാപകൻ രാമകൃഷ്ണനാണ് പ്രതികാര നടപടിക്ക് വിധേയനായത്.

യൂണിഫോം വിതരണത്തിലെ പോരായ്മ സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തിയതിന്റെ പേരിലാണ് നടപടി. സർക്കാരിന്റെ അഭിമാന പദ്ധതിയായ കൈത്തറി യൂണിഫോം വിതരണത്തിന്റെ ശോഭ രാമകൃഷ്ണന്റെ പ്രതികരണത്തോടെ കെട്ടുപോയെന്നാണ്
സസ്പെൻഷൻ ഉത്തരവിലെ പ്രധാന കുറ്റപ്പെടുത്തൽ. ശനിയാഴ്ചയാണ് സസ്പെന്റ് ചെയ്തുള്ള ഉത്തരവ് രാമകൃഷ്ണന് കിട്ടിയത്.

രാമകൃഷ്ണൻ ജോലി ചെയ്യുന്ന തോപ്പയിൽ ഗവ. എൽപി സ്‌കൂളിൽ മതിയായ അളവിൽ യൂണിഫോം തുണി എത്തിയിരുന്നില്ല. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് രണ്ട് സെറ്റ് യൂണിഫോമിനായി 140 മീറ്റർ തുണി വേണ്ടപ്പോൾ 53 മീറ്റർ മാത്രമേ എത്തിയിട്ടുള്ളൂവെന്നായിരുന്നു ഇദ്ദേഹം വെളിപ്പെടുത്തിയത്. കൂടാതെ സ്‌കൂൾ ആവശ്യപ്പെട്ട നിറത്തിലുള്ള യൂണിഫോം തുണിയല്ല കിട്ടിയതെന്നും രാമകൃഷ്ണൻ പറഞ്ഞിരുന്നു.

ഇക്കാര്യം വെളിപ്പെടുത്തിയതിനാണ് വിദ്യാഭ്യാസ വകുപ്പ് രാമകൃഷ്ണനോട് പ്രതികാരം ചെയ്തത്. ഒന്നാം വാർഷികം ആഘോഷിക്കുന്ന സർക്കാറിന് ഇതു സംബന്ധിച്ച വാർത്ത നാണക്കേടായെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തൽ.

യൂണിഫോം വിതരണത്തിലെ അപാകത സംബന്ധിച്ച വാർത്ത പുറത്ത് വന്നതിനെ തുടർന്ന് ഇതേ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ വകുപ്പ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു. വിതരണത്തിൽ അപാകതയുണ്ടെന്ന് മനസിലാക്കി നടപടി എടുക്കാതെ, പരാതി ഉന്നയിച്ച രാമകൃഷ്ണനെതിരേ നടപടി എടുക്കാനാണ് അധികാരികൾ ഉത്സാഹിച്ചത്.