തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിന്റെ മറവിൽ വീണ്ടും െൈലെംഗിക ചൂഷണം നടന്നതായി പരാതി. രോഗ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവതിയെ ആരോഗ്യ പ്രവർത്തകൻ പീഡിപ്പിച്ചതായാണ് പരാതി. ആരോഗ്യ പ്രവർത്തകനെതിരെ വെള്ളറട പൊലീസ് കേസെടുത്തു. കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് വാങ്ങാനായി ഹെൽത്ത് ഇൻസ്പക്ടറുടെ വീട്ടിൽ പോയപ്പോഴായിരുന്നു പീഡനമെന്ന് യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പരാതിയിൽ ഹെൽത്ത് ഇൻസ്പക്ടർക്കെതിരെ തിരുവനന്തപുരം വെള്ളറട പൊലീസ് കേസെടുത്തു. പത്തനംതിട്ടയിൽ ആംബുലൻസിൽ യുവതിയെ ഡ്രൈവർ പീഡിപ്പിച്ച സംഭവത്തിന്റെ ഞെട്ടൽ മാറും മുമ്പെയാണ് പുതിയ പീഡനകേസ്.

മലപ്പുറത്ത് ജോലിക്ക് പോയിരുന്ന യുവതി നാട്ടിൽ തിരിച്ചെത്തി ക്വാറന്റൈനിൽ കഴിഞ്ഞിരുന്നു. നിരീക്ഷണ കാലാവധിക്ക് ശേഷം കോവിഡ് പരിശോധന നടത്തുകയും ഫലം നെഗറ്റീവാകുകയും ചെയ്തു. സർട്ടിഫിക്കറ്റ് വാങ്ങാനായി സെപ്റ്റംബർ മൂന്നിന് പാങ്ങോടുള്ള ഹെൽത്ത് ഇൻസ്പെക്ടറുടെ വീട്ടിൽ എത്തിയപ്പോഴാണ് പീഡനം നടന്നതെന്നാണ് പരാതി.

സംഭവത്തിന് ശേഷം വെള്ളറടയിലെ സുഹൃത്തിന്റെ വീട്ടിൽ കഴിഞ്ഞ യുവതി വെള്ളറ പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവതിയുടെ മൊഴി എടുത്ത പൊലീസ് വിശദമായ അന്വേഷണം നടത്താനുള്ള ഒരുക്കത്തിലാണ്. കൊല്ലം കുളത്തൂപ്പുഴ സ്വദേശിനിയാണ് പരാതിക്കാരി.
പരിശോധനയിൽ രോഗബാധയില്ലെന്ന് വ്യക്തമായതോടെ ജോലി സംബന്ധമായ ആവശ്യത്തിനായി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകണമെന്ന് ഹെൽത്ത് ഇൻസ്പെക്ടറോട് ആവശ്യപ്പെട്ടു. എന്നാൽ സർട്ടിഫിക്കറ്റിനായി തിരുവനന്തപുരം പാങ്ങോടുള്ള വീട്ടിലേക്ക് വരണമെന്നാണ് ഹെൽത്ത് ഇൻസ്പെക്ടർ നിർദ്ദേശിച്ചത്. ഇതനുസരിച്ച് പാങ്ങോടെത്തിയ യുവതിയെ വീട്ടിൽവച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.

വെള്ളറട പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയശേഷം കേസ് രജിസ്റ്റർ ചെയ്തു. സംഭവം നടന്നത് പാങ്ങോട് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ കേസ് അവിടേക്ക് മാറ്റും.

ആംബുലൻസിൽ പീഡനം: പ്രതിയെ ഡിഐജി സഞ്ജയ് കുമാർ ഗുരുഡിൻ ചോദ്യം ചെയ്തു

പത്തനംതിട്ടയിൽ കോവിഡ് പോസിറ്റീവായ യുവതിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിലെ പ്രതിയെ ഡിഐജി സഞ്ജയ് കുമാർ ഗുരുഡിൻ ചോദ്യം ചെയ്തു. സംഭവത്തിൽ കുറ്റവാളിക്കെതിരെ ശക്തമായ നടപടികൾ പൊലീസ് ഉറപ്പാക്കും. പ്രതിയായ ആംബുലൻസ് ഡ്രൈവറുടെ ക്രിമിനൽ പശ്ചാത്തലവും, ഇയാളെ ഡ്യൂട്ടിക്ക് നിയോഗിച്ചതും ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണ വിധേയമാക്കുമെന്നും, ഇത്തരം നിർഭാഗ്യകരമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട കർശന നടപടികളെടുക്കുമെന്നും ജില്ലാപൊലീസ് മേധാവി കെ.ജി. സൈമൺ പറഞ്ഞു. സംഭവം റിപ്പോർട്ടായപ്പോൾ തന്നെ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പന്തളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തതായും, തെളിവുകളെല്ലാം ശേഖരിച്ചതായും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

സയന്റിഫിക്, വിരലടയാള വിദഗ്ദ്ധർ അടങ്ങിയ സംഘം ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിയുടെ മുൻകാല ക്രിമിനൽ കേസുകൾ സംബന്ധിച്ചും അന്വേഷണത്തിൽ ഉൾപ്പെടുത്തി എത്രയും വേഗം കോടതിയിൽ കുറ്റപത്രം സമർപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഡിഐജി, പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയും, കുറ്റമറ്റ നിലയ്ക്ക് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ അന്വേഷണസംഘത്തിന് നൽകിയതായും ജില്ലാപൊലീസ് മേധാവി അറിയിച്ചു.

യുവതിയെയും കോവിഡ് രോഗിയായ മറ്റൊരു സ്ത്രീയെയും, ആരോഗ്യപ്രവർത്തകർ ഇല്ലാതെ ഡ്രൈവർ മാത്രമായി ആശുപത്രിയിലേക്ക് കൊണ്ടുപോയ സാഹചര്യവും അന്വേഷണത്തിൽ ഉൾപ്പെടുത്തും. പ്രതിയുമായി സംഭവ സ്ഥലത്തെത്തി പൊലീസ് തെളിവെടുത്തു. ഇത്തരം സംഭവങ്ങൾ അവർത്തിക്കാതിരിക്കാൻ ആവശ്യമായതെല്ലാം ചെയ്യും. രോഗികൾ ഒറ്റക്ക് ഇത്തരം സാഹചര്യങ്ങളിൽ യാത്ര ചെയ്യേണ്ടിവരുന്നത് സംബന്ധിച്ച് കൂടുതൽ സൂക്ഷ്മത പുലർത്തേണ്ട ആവശ്യകതയിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നതെന്നും, ബന്ധപ്പെട്ടവരും സമൂഹവും ജാഗ്രത പാലിക്കണമെന്നും ജില്ലാ പൊലീസ് മേധാവി ഓർമിപ്പിച്ചു.

ക്രിമിനൽ പശ്ചാത്തലമുള്ള ഡ്രൈവർമാർ ആംബുലൻസുകൾ ഓടിക്കുന്ന സാഹചര്യം ഒഴിവാക്കാൻ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കും. ഇങ്ങനെയുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നിയമനടപടികൾ ജില്ലാപൊലീസ് കൈക്കൊള്ളും. ഇതുമായി ബന്ധപ്പെട്ടു വീഴ്ചവരാത്തവിധം നടപടികൾ സ്വീകരിക്കുമെന്നും ജില്ലാപൊലീസ് മേധാവി അറിയിച്ചു.