തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികൾക്ക് ഡോക്ടർമാർ നിർദ്ദേശിക്കുന്ന മരുന്നുകളുടെ കുറിപ്പടിയുമായി എത്തിയാൽ കാരുണ്യ ഫാർമസിയിൽ നിന്നും മരുന്നു ലഭിക്കുന്നില്ലെന്ന പരാതിയിൽ അതിവേഗ നടപടിയുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഇന്നലെ രാത്രി മെഡിക്കൽ കോളേജിൽ മന്ത്രി വീണ്ടും അപ്രതീക്ഷിത സന്ദർശനം നടത്തിയിരുന്നു.

സന്ദർശനത്തിനിടെ പത്തൊമ്പതാം വാർഡിലെ രോഗിയായ പത്മാകുമാരിയുടെ ഭർത്താവ് മന്ത്രിയെ നേരിട്ടു കണ്ട് സാഹചര്യം ബോധിപ്പിച്ചതോടെയാണ് നടപടിയെടുത്തത്. കുറിപ്പടിയിൽ നിർദ്ദേശിക്കുന്ന മരുന്നുകളൊന്നും കാരുണ്യ ഫാർമസിയിൽ നിന്നും കിട്ടുന്നില്ലെന്നായിരുന്നു പരാതി. അദ്ദേഹത്തിൽ നിന്നും മന്ത്രി മരുന്നിന്റെ കുറിപ്പ് വാങ്ങി കാരുണ്യ ഫാർമസിയിലെത്തി. മന്ത്രി പുറത്തു നിന്ന ശേഷം ഒരാളെ കാരുണ്യ ഫാർമസിയിലേക്കയച്ചു. മരുന്നില്ലെന്നു നേരത്തേ പറഞ്ഞതല്ലേയെന്നു പറഞ്ഞു ജീവനക്കാരി ദേഷ്യപ്പെട്ടു.



ഉടൻ തന്നെ മന്ത്രി കൗണ്ടറിലെത്തി ആ കുറിപ്പ് കാണിച്ചു. അപ്പോഴും മരുന്നില്ലെന്ന് പറഞ്ഞു. എന്ത്കൊണ്ട് മരുന്നില്ലെന്ന് ചോദിച്ചു. മറുപടി പറയാൻ ജീവനക്കാർ പതറി. ഉടൻ തന്നെ മന്ത്രി ഫാർമസിക്കകത്ത് കയറി കംപ്യൂട്ടറിൽ മരുന്നുകളുടെ ലിസ്റ്റ് പരിശോധിച്ചു. ഡോക്ടർമാർ എഴുതുന്ന മരുന്നുകളുടെ ലിസ്റ്റെടുത്ത്, ആവശ്യകതയനുസരിച്ച് കൃത്യമായി മരുന്നുകൾ സ്റ്റോക്ക് ചെയ്യണമെന്ന് മന്ത്രി നിർദ്ദേശം നൽകി.

അത്യാവശ്യ മരുന്നുകൾ കൃത്യമായി സ്റ്റോക്ക് ചെയ്യാൻ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കാൻ കെ.എം.എസ്.സി.എൽ.നോട് മന്ത്രി നിർദ്ദേശം നൽകി. മരുന്നുകൾ ലഭ്യമല്ലാത്ത കാരണത്താൽ കാരുണ്യ ഡിപ്പോ മാനേജറെ അന്വേഷണ വിധേയമായി വ്യാഴാഴ്ച സസ്പെൻഡ് ചെയ്തു.

മറ്റ് മെഡിക്കൽ കോളേജുകളിലും ജനറൽ ആശുപത്രികളിലും പ്രവർത്തിക്കുന്ന കാരുണ്യ ഫാർമസികളിൽ മരുന്ന് ലഭ്യത ഉറപ്പാക്കണമെന്ന് മന്ത്രി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.



ബുധനാഴ്ച രാത്രി ഒമ്പതേകാലോടെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയ മന്ത്രി, ഒന്നര മണിക്കൂറോളം ആശുപത്രിയിൽ ചെലവിട്ടു. അത്യാഹിത വിഭാഗത്തിലെത്തിയ മന്ത്രി വിവിധ എമർജൻസി വിഭാഗങ്ങൾ സന്ദർശിച്ചു പ്രവർത്തനം വിലയിരുത്തി. ഇതോടൊപ്പം ഡ്യൂട്ടി ലിസ്റ്റ് പരിശോധിക്കുകയും ചെയ്തു. സീനിയർ ഡോക്ടർമാർ അത്യാഹിത വിഭാഗത്തിൽ രാത്രിയിൽ ഡ്യൂട്ടിക്കുണ്ടെന്നു ബോധ്യമായി. അത്യാഹിത വിഭാഗം കാര്യക്ഷമമായി പ്രവർത്തിക്കുന്നതായും മനസിലായി.



കഴിഞ്ഞ ഒക്ടോബർ 28ന് മന്ത്രി മെഡിക്കൽ കോളജിൽ പഴയ അത്യാഹിത വിഭാഗത്തിൽ രാത്രിയിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയിരുന്നു. മന്ത്രിയുടെ അന്നത്തെ നിർദ്ദേശ പ്രകാരം പുതിയ അത്യാഹിത വിഭാഗം ഉടൻ പ്രവർത്തനമാരംഭിച്ചു. സീനിയർ ഡോക്ടർമാർ രാത്രിയിൽ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിക്കില്ലാത്തതു കണ്ടെത്തിയിരുന്നു. അത്തരക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്നു മന്ത്രി പറഞ്ഞിരുന്നു.


അതിനു ശേഷം തുടർച്ചയായി മന്ത്രി മെഡിക്കൽ കോളജ് സന്ദർശിച്ചു. ഇതോടൊപ്പം മെഡിക്കൽ കോളജിന്റെ സേവനം മെച്ചപ്പെടുത്തുന്നതിന് ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റി നിരന്തരം യോഗം ചേർന്നു പോരായ്മകൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചു.

ഇതുകൂടാതെ അത്യാഹിത വിഭാഗത്തിലും വാർഡുകളിലും സീനിയർ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കാൻ കഴിഞ്ഞ ഞായറാഴ്ച മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് അത്യാഹിത വിഭാഗത്തിന്റെ രാത്രികാല പ്രവർത്തനം മനസിലാക്കാൻ മന്ത്രി ഇന്നലെ സന്ദർശിച്ചത്. അത്യാഹിത വിഭാഗം നന്നായി പ്രവർത്തിക്കുന്നതിൽ മന്ത്രി സംതൃപ്തി അറിയിച്ചു.