പഞ്ചകുള: ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ദേരാ സച്ഛാ സൗദ തലവൻ ഗുർമീത് റാം റഹീം സിങ്ങ് ഉൾപ്പെട്ട രണ്ടു കൊലപാതക കേസുകളിൽ ഇന്ന് കോടതിയിൽ നിർണായക വാദം നടക്കും. മാധ്യമപ്രവർത്തകനായ രാം ചന്ദർ ഛത്രപതി, ദേരാ മുൻ മാനേജറായിരുന്ന രജ്ഞിത് സിങ് എന്നിവരെ കൊലപ്പെടുത്തിയ കേസുകളിലാണ് പ്രത്യേക സിബിഐ കോടതിയിൽ നിർണായക വാദം നടക്കുന്നത്.

ഇതിന്റെ ഭാഗമായി പൊലീസ് പഞ്ചകുളയിൽ സുരക്ഷ ശക്തമാക്കി. ഹരിയാന പൊലീസിനെ കൂടാതെ സുരക്ഷക്കായി അർധസൈനികരേയും നിയോഗിച്ചിട്ടുണ്ട്. ബലാത്സംഗ കേസിൽ റാം റഹീമിനെ ശിക്ഷിച്ച അതേ കോടതിയാണ് കേസിലും വാദം കേൾക്കുന്നത്. കോടതി വിധിയെ തുടർന്ന് ഗുർമീതിന്റെ അനുയായികൾ ഹരിയാണയിലും സമീപ സംസ്ഥാനങ്ങളിലും കലാപം അഴിച്ചുവിട്ടിരുന്നു. പഞ്ചകുളയിലെ സിബിഐ കോടതിക്ക് കർശന സുരക്ഷയാണ് ഒരുക്കിയിട്ടുള്ളതെന്ന് ഹരിയാന ഡിജിപി ബി.എസ്.സന്ധു പറഞ്ഞു.

അതേ സമയം ഗുർമീതിന്റെ അനുയായികളൊന്നും കോടതിക്ക് മുന്നിലോ സമീപത്തോ എത്തിയതായി റിപ്പോർട്ടില്ല. നേരത്തെ ബലാത്സംഗ കേസ് കോടതി പരിഗണിച്ചപ്പോൾ ഒരു ലക്ഷത്തോളം പേരാണ് പഞ്ചകുളയിൽ തമ്പടിച്ചിരുന്നത്. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ഗുർമീതിനെ ഇന്ന് കോടതിയിൽ ഹാജരാക്കില്ല. റോഹ്തകിലെ ജയിലിൽ കഴിയുന്ന ഗുർമീതിനെ വീഡിയോ കോൺഫറൻസ് വഴിയാണ് വിചാരണ ചെയ്യുക.
2002 ലാണ് രഞ്ജിത് സിങ്, ഛത്രപതി കൊലപാതകങ്ങൾ നടന്നത്. ഗുർമീതിന്റെ നിർദേശ പ്രകാരമാണ് കൊലപാതകം നടന്നതെന്നാണ് കേസ്.