തിരുവനന്തപുരം: മിനിക്കോയ് ദ്വീപിന് സമീപത്തായി 730 കിലോമീറ്റർ വടക്കുപടിഞ്ഞാറായി ന്യൂനമർദ്ദം അതി ശക്തമായതോടെ ജാഗ്രതയോടെ കേരളം. കാലാവസ്ഥാ വകുപ്പ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇതിനിടെ സംസ്ഥാനത്ത് മധ്യകേരളത്തിൽ പലയിടത്തും ഒറ്റപ്പെട്ട മഴ പെയ്തു. ന്യൂനമർദ്ദം ശക്തമായി ഒമാൻ, യമൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന വിവരം. 24 മണിക്കൂറിനകം ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാമെന്നാണ് മുന്നറിയിപ്പ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

നാളെയും മറ്റന്നാളും സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇതിനിടെ കാലാവസ്ഥാ വകുപ്പ് ആദ്യ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സെൽ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ദുരന്ത നിവാരണ അഥോറിറ്റി, ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ എന്നിവരും ഇതിൽ പ്രവർത്തിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.

അതിലിനിടെ കേരളത്തിൽ ജാഗ്രത തുടരാൻ ദുരന്തനിവാരണ അഥോറിറ്റിയുടെ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇടുക്കി, മലപ്പുറം ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് പിൻവലിച്ചു. ഈ ജില്ലകളടക്കം അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും. ചുഴലിക്കാറ്റും കനത്ത മഴയും കാരണം തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിലും ഇരിങ്ങാലക്കുടയിലും നാശനഷ്ടം. മരങ്ങൾ കടപുഴകി വീണ് വൈദ്യുതി ബന്ധം തടപ്പെട്ടിട്ടുണ്ട്. ഇടുക്കി കുമളിക്കടുത്ത് ഒട്ടകത്തലമേട്ടിൽ ഉരുൾപൊട്ടി. രണ്ടാം മൈലിൽ മണ്ണിടിഞ്ഞ് കട്ടപ്പന-കുമളി റോഡിൽ ഗതാഗതം തടസപ്പെട്ടു. കുമളി ഒന്നാം മൈൽ റോഡിൽ വെള്ളം കയറിയിട്ടുണ്ട്.

എറണാകുളം നഗരത്തിലും പരിസര പ്രദേശങ്ങളിലും ശനിയാഴ്‌ച്ച വൈകുന്നേരം ശക്തമായ ഇടിമിന്നലോട് കൂടിയ മഴ പെയ്തു. ഏതാണ്ട് ഒന്നര മണിക്കൂറോളം പെയ്ത മഴയിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അടിയന്തിര സാഹചര്യങ്ങളിൽ ഇടപെടാൻ ജില്ലാ കലക്ടർ റവന്യൂ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

മലയോരമേഖലയിലെ വിനോദസഞ്ചാരത്തിനും രാത്രിയാത്രക്കും ഉള്ള നിയന്ത്രണങ്ങൾ തുടരും. മറ്റ് മുൻകരുതൽ നടപടികളും തുടരാനാണ് തീരുമാനം. കേരളതീരത്ത് മണിക്കൂറിൽ 60 കിലോമീറ്റർവരെയുള്ള കാറ്റിന് സാധ്യതയുണ്ട്. തീരപ്രദേശത്തുള്ളവർ ശ്രദ്ധിക്കണം. കടലിൽ മണിക്കൂറിൽ 85 കിലോമീറ്റർവരെയും വേഗതയുള്ള കാറ്റിനിടയുണ്ട്. . കടൽപ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന നിർദ്ദേശമുണ്ട്. തിങ്കളാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായി മഴകിട്ടും. ഒറ്റപ്പെട്ട കനത്തമഴയും ഉണ്ടാകും.

ഇതിനിടെ ഇടുക്കി ചെറുതോണി അണക്കെട്ട് തുറന്നിട്ടുണ്ട്. ഒരു ഷട്ടർ തുറന്ന് ഒരു സെക്കൻഡിൽ അമ്പതിനായിരം ലിറ്ററാണ് പുറത്തേക്ക് ഒഴുക്കുന്നത്. കെ.എസ്.ഇ.ബി പലതവണ തീരുമാനം മാറ്റിയത് ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കിയെന്ന് റോഷി അഗസ്റ്റിൻ എംഎ‍ൽഎ. പറഞ്ഞു. ആശയക്കുഴപ്പം ഇല്ലെന്നും അവസാന വാക്ക് കെ.എസ്.ഇ.ബിയുടേതാണെന്നും ജില്ലാ കലക്ടർ പറഞ്ഞു.

അണക്കെട്ട് തുറക്കുന്ന സമയം പല തവണ മാറ്റിയെങ്കിലും കൃത്യം 11:02 ന് ചെറുതോണി അണിക്കെട്ടിന്റെ നടുവലത്തെ ഷട്ടർ' 70 സെന്റീമീറ്റർ ഉയർത്തി. സാധ്യമായ ഏറ്റവും കുറഞ്ഞ നിരക്കിൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. ഇന്നലെ വൈകിട്ട് നാല് മണിക്ക് അണക്കെട്ട് തുറക്കാനാണ് അദ്യം തീരുമാനിച്ചത്. പിന്നീട് രണ്ട് തവണ സമയം നീട്ടിയത് ജനങ്ങളിൽ ആശ കുഴപ്പം ഉണ്ടാക്കിയെന്ന് ഇടുക്കി എം എൽ എ ആരോപിച്ചു.

മഴയിലും നീരൊഴുക്കിലും ഉണ്ടാകുന്ന വ്യത്യാസങ്ങൾ അടിസ്ഥാനപ്പെടുത്തി കെ എസ് ഇ ബി നൽകുന്ന നിർദ്ദേശങ്ങൾ നടപ്പിലാക്കുകയാണ് ചെയ്യുന്നതെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിലെ സാഹചര്യം തമിഴ്‌നാട് ഉദ്യോഗസ്ഥരുമായി ചേർന്ന് നിരന്തരം ചർച്ച ചെയ്യുന്നുണ്ട്. ഇടുക്കിയിൽ മാട്ടുപ്പെട്ടി ലോവർ പെരിയാർ കല്ലാർ പൊന്മുടി മലങ്കര കുണ്ടള കല്ലാർകുട്ടി അണക്കെട്ടുകളും തുറന്ന നിലയിലാണ്.