തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൂടി വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ വ്യാപകമായ മഴ ലഭിക്കും. ഈ സാഹചര്യം കൂടി കണക്കിലെടുത്ത് എട്ട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. ആന്ധ്രയിലെ റായലസീമക്കും സമീപ പ്രദേശങ്ങൾക്ക് മുകളിലുമായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനമാണ് മഴ കനക്കാൻ ഇടയാക്കുന്നത്. അടുത്ത 24 മണിക്കൂർ കേരളത്തിൽ വ്യാപകമായ മഴക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഞായറാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർമുതൽ 115.5 മില്ലി മീറ്റർ മഴയാണ് ഈ ജില്ലകളിൽ പ്രതീക്ഷിക്കുന്നത്.

അടുത്ത 24 മണിക്കൂർ വടക്കൻ കേരള തീരങ്ങളിലും തെക്കൻ കർണാടക തീരങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ ഈ ദിവസങ്ങളിൽ കേരള - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു. അതേസമയം ലക്ഷദ്വീപ് തീരങ്ങളിൽ തടസ്സമില്ല.

മെയ്‌ 25 വരെ വടക്കൻ അന്തമാൻ കടൽ, അതിനോട് ചേർന്നുള്ള മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗത്തിലും മധ്യ കിഴക്കൻ അറബിക്കടൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗത്തിലും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.