- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ മലയോര മേഖലകളിൽ കനത്ത മഴ; മൂന്നിലവിലും മൂലമറ്റത്തും ഉരുൾപൊട്ടൽ; എരുമേലി- മുണ്ടക്കയം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു; മലവെള്ളപ്പാച്ചിലിൽ പെട്ട് രണ്ട് പേർ മരിച്ചു; വിനോദ സഞ്ചാര മേഖലകളിൽ സന്ദർശന വിലക്ക് ഏർപ്പെടുത്തി; അപ്രതീക്ഷിത മിന്നൽ പ്രളയത്തിൽ കനത്ത ആശങ്ക
കോട്ടയം: സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽ കനത്ത മഴ പെയ്തോടെ അപ്രതീക്ഷിത ദുരന്തം. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ മലയോര മേഖലകളിൽ കനത്ത മഴയാണ് പെയ്യുന്നത്. ശക്തമായ മഴയെത്തുടർന്ന് മൂന്നിലവ് വാളകം കവനശേരി ഭാഗത്ത് ഉരുൾപൊട്ടി. വലിയ കല്ലുകൾ വീണ് മേച്ചാൽ വാളകം റോഡിൽ ഗതാഗതം മുടങ്ങി. മരങ്ങൾ കടപുഴകി വൈദ്യുതി തൂണുകൾ ഒടിഞ്ഞ് വൈദ്യുതി ബന്ധം പൂർണമായും തടസപ്പെട്ടു. വിവിധ ഇടങ്ങളിലെ അപകടങ്ങളിൽ ഇതുവരെ രണ്ട് പേർ മരിച്ചു.
അച്ചൻകോവിൽ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒരാൾ മരിച്ചു. ഗുരുതര പരുക്കുകളോടെ രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായർ വൈകിട്ട് നാലിനായിരുന്നു അപകടം. മധുര സ്വദേശി കുമരൻ(55) ആണ് മരിച്ചത്. ഈറോഡ് സ്വദേശി കിഷോർ(27) പുനലൂർ താലൂക്ക് ആശുപത്രിയിലും മറ്റൊരാൾ തിരുനെൽവേലി ജില്ല ആശുപത്രിയിലും ചികിത്സയിലാണ
ജലപാതത്തിൽ നൂറോളം പേർ കുളിച്ചുകൊണ്ട് നിൽക്കുമ്പോൾ പൊടുന്നനെ വെള്ളം ഉയരുകയായിരുന്നു. ഇരച്ചെത്തിയ വെള്ളത്തിൽ ഇരുപതോളം പേർ ഒഴുക്കിൽപ്പെട്ടെങ്കിലും ബാക്കിയുള്ളവരെ മറ്റു സഞ്ചാരികളും ഇവിടെയുണ്ടായിരുന്ന ഗൈഡുകളും ചേർന്ന് രക്ഷപ്പെടുത്തി. കുളിക്കടവിന്റെ മറുവശത്തുണ്ടായിരുന്ന നാലു പേരാണ് അപകടത്തിൽപ്പെട്ടത്. വെള്ളം കലങ്ങി മറിയുന്നത് കണ്ടയുടനെ വനംവകുപ്പ് ഉദ്യോഗസ്ഥർ വനിതകളോട് കരയ്ക്കു കയറാൻ ആവശ്യപ്പെട്ടിതുകൊണ്ട് വലിയ അപകടം ഒഴിവായി.
അതേസമയം എരുമേലി മുക്കൂട്ടുതറയിൽ ഒഴുക്കിൽപ്പെട്ട് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ചാത്തൻതറ സ്വദേശി അദ്വൈതിനെയാണ് കാണാതായിരുന്നു. യുവാവിന്റെ മൃതദേഹം കണ്ടെത്തി. റാഡിലെ ചെറിയ പാലം കടക്കുന്നതിനിടെ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു.
വൈകിട്ട് എട്ട് മണിയോടെ മുക്കൂട്ടുതറ പലകക്കാവ് ഭാഗത്ത് ആണ് സംഭവം. അദ്വൈതിന് ഒപ്പമുണ്ടായിരുന്ന ചേന്നാമ്മറ്റം സാമുവൽ, തോട്ടിലെ കുത്തൊഴുക്കിൽനിന്ന് അദ്ഭുതകരമായി രക്ഷപെടുകയായിരുന്നു. ഏറെ നേരം തെരച്ചിൽ നടത്തിയെങ്കിലും അദ്വൈതിനെ കണ്ടെത്താനായില്ല. വെച്ചൂച്ചിറ പൊലീസിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെയാണ് തെരച്ചിൽ നടത്തിയത്. മഴയും ഇരുട്ടും മൂലം രക്ഷാപ്രവർത്തനത്തിന് തടസ്സം നേരിട്ടിരിക്കുകയാണ്. കാലിൽ നിസാര പരിക്കേറ്റ സാമുവലിനെ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി.
കിഴക്കൻ മേഖലയായ മൂന്നിലവ് മേലുകാവ് തലനാട് പഞ്ചായത്തുകളിൽ ഞായറാഴ്ച നാല് മണി മുതൽ ശക്തമായ മഴയായിരുന്നു. മഴയെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. മേച്ചാൽ വാളകം റോഡിൽ വാളകം പോട്ടൻപരകല്ല്, കവനശേരി എന്നീ ഭാഗങ്ങളിൽ വലിയ കല്ലുകൾ വീണ് വീണ് ഗതാഗതതടസമുണ്ടായി. മേലുകാവ് കാഞ്ഞിരംകവല മെച്ചാൽ റോഡിൽ മോസ്‌കോ, , വാളകം പള്ളികവല എന്നിവിടങ്ങളിൽ മണ്ണിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ടു.
പത്തനംതിട്ടയിൽ എരുമേലി- മുണ്ടക്കയം റോഡിൽ ഗതാഗതം വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ആറിന്റെ തീരത്ത് താമസിക്കുന്ന പ്ലാക്കൂട്ടത്തിൽ സെലിൻ വെള്ളപ്പാച്ചിലിൽ അകപ്പെട്ടെങ്കിലും നാട്ടുകാർ രക്ഷപെടുത്തി. വാളകത്ത് രണ്ട് കുടുംബങ്ങളിൽ നിന്നായി എട്ട് പേരെ മേച്ചാൽ ഗവ. യു.പി. സ്‌കൂളിലേയ്ക്ക് സുരക്ഷിതമായി മാറ്റി. ഇല്ലിക്കൽ കല്ലിലെത്തിയ വിനോദ സഞ്ചാരികൾ റോഡിൽ കുടങ്ങി. രാത്രി വൈകി ഈരാറ്റുപേട്ട അഗ്നിരക്ഷാ സേനയെത്തി ഗതാഗതതടസം നീക്കിയെങ്കിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുവാനായില്ല. വാകക്കാട് രണ്ടാറ്റുമുന്നി പാലം വെള്ളത്തിലായി വാകക്കാട് ഇടമറുക് റോഡിൽ ഗതാഗതം മുടങ്ങി. മഴയെത്തുടർന്ന് മൂന്നിലവ് ടൗണിൽ എട്ട് അടിയോളം വെള്ളമുയർന്നു.
മുക്കൂട്ടുതറ മുപ്പത്തിയഞ്ചാം മൈൽ, എരുമേലി- മുണ്ടക്കയം റോഡിലെ കനകപ്പലം പ്രദേശങ്ങൾ എന്നിവ വെള്ളത്തിനടിയിലായി. ഞായർ ഉച്ചവരെ വെയിലായിരുന്നു. പകൽ മൂന്നോടെ മഴ പെയ്തു തുടങ്ങി. രാത്രിയിലും മഴ തുടരുകയാണ്. കിഴക്കൻ മേഖലയിൽ ഉരുൾപൊട്ടൽ സാധ്യതയുമുണ്ട്. എരുമേലി ചരളയിൽ കൃഷിഭവൻ ഉദ്യോഗസ്ഥൻ പി എ നെജിയുടെ വീട്ടിലെ സംരക്ഷഷണഭിത്തി ഇടിഞ്ഞുവീണു.
ഇടുക്കിയിൽ ശക്തമായമഴയിൽ അറക്കുളം മൂന്നുങ്കവയലിനു സമീപം ഉരുൾപൊട്ടി, ആളപായമില്ല. ശനി രാത്രിയുണ്ടായ കനത്തമഴയിൽ മൂന്നുങ്കവയൽ വാളാട്ടുപാറക്ക് സമീപത്താണ് ഉരുൾപൊട്ടിയത്. ഇതുമൂലം കാഞ്ഞാർമുന്നുങ്കവയൽ വാഗമൺ റോഡിലെ മൂന്നുങ്കവയൽ തോട് കരകവിഞ്ഞൊഴുകുകയും, സമീപത്തെ പുരയിടങ്ങളിൽ വെള്ളംകയറി കൃഷിനാശമുണ്ടായി. തോട് കവിഞ്ഞൊഴുകിയതോടെ വാഹനങ്ങൾ ഇരുവശത്തുമായി കുരുക്കിൽപ്പെട്ടു.
മണപ്പാടി ചപ്പാത്ത് കരകവിഞ്ഞൊഴുകി. തൊടുപുഴ-പുളിയന്മല റോഡിൽ ശക്തമായ വെള്ളമൊഴുക്കിൽ ഗതാഗതം തടസ്സപ്പെട്ടു. കനത്തമഴ തുടർന്നുകൊണ്ടിരിക്കുകയാണ്. വൈദ്യുതി, ടെലിഫോൺ സേവനങ്ങൾ തടസ്സപ്പെട്ടു. മലങ്കര ജലാശയത്തിൽ കനത്ത വെള്ളമൊഴുക്ക് ഉണ്ടായി. നിരവധി സ്ഥലങ്ങളിൽ മരം ഒടിഞ്ഞു നാശനഷ്ടമുണ്ടായി. മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.
പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴയും വെള്ളപ്പാച്ചിലും അനുഭവപ്പെട്ടതോടെ നദികളിൽ ജലനിരപ്പുയരുന്നു, തോടുകൾ കരകവിഞ്ഞു. അച്ചൻകോവിലാറിൽ ജലനിരപ്പ് ഉയർന്നു. കൂടൽ, കലഞ്ഞൂർ, കോന്നി മേഖലകളിലും നദിയിൽ വെള്ളം ഉയരുന്നു. സീതത്തോടിനു സമീപം കൊച്ചുകോയിക്കൽ തോട് കരകവിഞ്ഞു. കൊച്ചുകോയിക്കൽ നാലാം ബ്ലോക്കിൽ മണ്ണിടിഞ്ഞ് വീടു തകർന്നു. തിരുവനന്തപുരം ജില്ലയിൽ വിതുരയിൽ ശക്തമായ മഴയാണ് പെയ്യുന്നത്. മഴ ശക്തമായതിനെ തുടർന്ന് നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകൾ രണ്ടര സെന്റിമീറ്റർ ഉയർത്തി. പൊന്മുടി, കല്ലാർ, മങ്കയം വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു.
മറുനാടന് മലയാളി ബ്യൂറോ