തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാദ്ധ്യത. നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും. ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. കേരളത്തിൽ രണ്ട് ദിവസം കൂടി കനത്ത മഴ തുടരും.

ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയും കേരളം മുതൽ വിദർഭ വരെ നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയും ശക്തമായ പടിഞ്ഞാറൻ കാറ്റും മഴയുടെ ശക്തി കൂട്ടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയെങ്കിലും നിർദ്ദേശം ലംഘിച്ച് കടലിൽ പോയ മൂന്നു മത്സ്യത്തൊഴിലാളികൾ കടലിൽ കുടുങ്ങി. മൂന്നുപേരെയും വിഴിഞ്ഞം കോസ്റ്റൽ പൊലീസ് രക്ഷിച്ചു.

ശക്തമായ മഴയിൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും വെള്ളക്കെട്ട് രൂപപ്പെട്ടു. തൃശൂർ പേരാമംഗലത്ത് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം വീണ് വാഹനം പൂർണ്ണമായും തകർന്നു. ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മഴയുടെ ശക്തി വർദ്ധിക്കുന്ന സാഹചര്യത്തിൽ മുന്നൊരുക്കങ്ങൾ നടത്താൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. ദുരന്ത സാദ്ധ്യത മേഖലകളുടെ പട്ടിക തദ്ദേശ സ്ഥാപനങ്ങൾ തയാറാക്കി പൊലീസിനും ഫയർഫോഴ്‌സിനും ദുരന്ത നിവാരണ അഥോറിറ്റിക്കും കൈമാറാനും നിർദ്ദേശം നൽകി. നദികളിൽ എക്കൽ അടിഞ്ഞ് കൂടി ഒഴുക്ക് തടസപ്പെടുന്നില്ലെന്ന് ജലവിഭവ വകുപ്പ് ഉറപ്പാക്കണം. മഴയുടെ ശക്തി കൂടുന്നതിനാൽ ക്യാമ്പുകൾ വേണ്ട ഇടങ്ങളിൽ അവ എത്രയും പെട്ടെന്ന് സജ്ജമാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

റവന്യു ജീവക്കാരുടെ അവധി റദ്ദാക്കി

റവന്യൂ ജീവനക്കാർ അവധി റദ്ദാക്കി തിരിച്ചു വരാൻ മന്ത്രി കെ.രാജൻ നിർദ്ദേശിച്ചു. കാലവർഷം ശക്തമാകുന്നതും സ്‌കൂൾ, കോളേജ് പ്രവേശനവും പരിഗണിച്ചാണിത്. ലാന്റ് റവന്യൂ വകുപ്പിൽ അവധിയിൽ പ്രവേശിച്ചിട്ടുള്ള എല്ലാ ജീവനക്കാരോടും അവധി റദ്ദാക്കി അടിയന്തിരമായി ജോലിയിൽ പ്രവേശിക്കാൻ റവന്യൂ മന്ത്രി കെ.രാജൻ ഉത്തരവിട്ടു.

കേരളത്തിൽ മഴ തുടരുകയും പല ജില്ലകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയുമാണ്. മഴ തീവ്രമായ ജില്ലകളിൽ താലൂക്ക് അടിസ്ഥാനത്തിൽ കൺട്രോൾ റൂമുകളും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അവധി ഒഴിവാക്കുന്നതിന് മന്ത്രി ഉത്തരവിട്ടത്.

ദുരന്ത സാദ്ധ്യത മേഖലകളുടെ പട്ടിക തയ്യാറാക്കുന്നു

ഏറ്റവും ദുരന്ത സാധ്യത കൂടിയ ഓരോ പ്രദേശത്തെയും ആളുകളുടെ പട്ടിക തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കി വില്ലേജ് ഓഫിസർ, പൊലീസ്, അഗ്നിശമന രക്ഷാസേന എന്നിവരെയും ജില്ലാ ദുരന്ത നിവാരണ അഥോറിറ്റികളേയും ഏൽപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. കാലവർഷ മുന്നൊരുക്ക യോഗത്തിലാണ് മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്.

മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങൾ ചുവടെ:

കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ച് അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും ആളുകളെ കുടിയൊഴിപ്പിച്ച് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കണം. ഓരോ പ്രദേശത്തും ദുരിതാശ്വാസ ക്യാമ്പുകളായി തെരഞ്ഞെടുത്ത കെട്ടിടങ്ങളും അവിടങ്ങളിലേക്കുള്ള സുരക്ഷിതമായ വഴിയും അടയാളപ്പെടുത്തി പ്രസിദ്ധീകരിക്കണം. ഇവ ദുരന്ത സാധ്യതാ പ്രദേശങ്ങളിലുള്ള ജനങ്ങളെ അറിയിക്കണം.

ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കേണ്ടി വരികയാണെങ്കിൽ മതിയായ സൗകര്യം ഉറപ്പാക്കണം. ഭക്ഷണം, കുടിവെള്ളം, ശുചിമുറികൾ എന്നിവ ഉറപ്പാക്കേണ്ടതുണ്ട്.മഴ ശക്തിപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ മുന്നൊരുക്ക പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പൂർത്തീകരിക്കണം. മെയ് 19 ന് ശേഷം മെയ് 25 വരെ താരതമ്യേനെ കുറവ് മഴയാണ് നിലവിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. അത് പ്രയോജനപ്പെടുത്തി മുന്നൊരുക്ക പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ കാര്യക്ഷമമായി പൂർത്തീകരിക്കണം.

മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കണം. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾക്ക് പുറമെ വീടുകളിലും ഓഫീസുകളിലും ഉൾപ്പെടെ ശുചീകരണ പ്രവർത്തനങ്ങൾ പൊതുജന പങ്കാളിത്തത്തോടെ നടത്താനാവണം. മെയ് 22 മുതൽ 29 വരെ മഴക്കാലപൂർവ്വ ശുചീകരണ യജ്ഞം നടത്തും.

എല്ലാ ജില്ലകളിലും ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തിൽ മഴക്കാല മുന്നൊരുക്ക യോഗം ചേരേണ്ടതാണ്. യോഗത്തിൽ വകുപ്പ് മേധാവികളെയും തദ്ദേശ സ്ഥാപന മേധാവികളെയും പങ്കെടുപ്പിക്കണം. കാലവർഷത്തിൽ സംഭവിക്കാൻ സാധ്യതയുള്ള ദുരന്തങ്ങളുടെ ലഘൂകരണത്തിനായുള്ള പ്രവർത്തനങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യണം. വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കണം.

മുഴുവൻ ഓടകളും വൃത്തിയാക്കി എന്നുറപ്പാക്കണം. ഓടകൾ വൃത്തിയാക്കിയ ശേഷമുള്ള മണലും ചെളിയും ഓടകളോട് ചേർന്നുതന്നെ നിക്ഷേപിക്കരുത്. അവ നിക്ഷേപിക്കാനുള്ള സൗകര്യം തദ്ദേശ സ്ഥാപനങ്ങൾ പ്രാദേശികമായി മുൻകൂട്ടി തയ്യാറാക്കണം.പുഴകളിലെ മണലും എക്കലും നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ ഇനിയും പൂർത്തീകരിക്കാത്ത ഇടങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ അവ പൂർത്തീകരിക്കേണ്ടതാണ്. എല്ലാ പുഴകളിലെയും ഒഴുക്ക് സുഗമമാക്കുന്നതിനുവേണ്ട നടപടികൾ ജലസേചന വകുപ്പ് പൂർത്തിയാക്കിയെന്ന് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റികൾ പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്.

സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയും കാലാവസ്ഥാ വകുപ്പും പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകൾ, സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ എന്നിവ പഞ്ചായത്ത് വാർഡ് തലം വരെ എത്തുന്നുണ്ടെന്ന് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റികൾ ഉറപ്പ് വരുത്തണം.അപകട സാധ്യതയുള്ള മരച്ചില്ലകൾ വെട്ടി മരങ്ങൾ കോതിയൊതുക്കുന്ന പ്രവൃത്തി തദ്ദേശ സ്ഥാപനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കണം. വൈദ്യുത ലൈനുകളുടെയും പോസ്റ്റുകളുടെയും സുരക്ഷാ പരിശോധന കെ.എസ്.ഇ.ബി ഉടനെ പൂർത്തീകരിക്കണം.

മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും മഴക്കാല കൺട്രോൾ റൂമുകൾ ആരംഭിച്ച് 24 മണിക്കൂറും പ്രവർത്തിക്കണം. കൺട്രോൾ റൂമുകളുടെ ഫോൺ നമ്പറുകൾ പൊതുജനങ്ങളിലേക്ക് എത്തിയെന്ന് ഉറപ്പാക്കണം. താലൂക്ക്, ജില്ലാതലത്തിലുള്ള ദുരന്ത നിവാരണ കൺട്രോൾ റൂമുകളുമായി ചേർന്നു കൊണ്ടായിരിക്കണം തദ്ദേശ സ്ഥാപന കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നത്.

പൊലീസ്, അഗ്നിശമന രക്ഷാസേന എന്നീ രക്ഷാസേനകൾ അവരുടെ പക്കലുള്ള ഉപകരണങ്ങൾ പ്രവർത്തനക്ഷമമാണോ എന്ന് മുൻകൂട്ടി പരിശോധിച്ച് ഉറപ്പ് വരുത്തണം. മറ്റ് വകുപ്പുകളിൽ നിന്നും സംഘടനകളിൽ നിന്നും സ്വകാര്യ വ്യക്തികളിൽ നിന്നും ലഭ്യമായ ഉപകരണങ്ങളുടെയും സൗകര്യങ്ങളുടെയും വിവരങ്ങൾ ശേഖരിക്കുകയും കൺട്രോൾ റൂമുകളിൽ ഇവ ലഭ്യമാക്കുകയും ചെയ്യണം.

സിവിൽ ഡിഫൻസ്, സന്നദ്ധ സേന, മറ്റ് സന്നദ്ധ സംഘടനകൾ എന്നിവയുടെ പ്രവർത്തനം ഏകോപിപ്പിച്ച് ആവശ്യാനുസരണം അവ ഉപയോഗിക്കേണ്ടതാണ്. പ്രത്യേക അടയാളങ്ങളോടെ സന്നദ്ധ പ്രവർത്തനത്തിന് വരാൻ അനുവദിക്കരുത്. വെള്ളപ്പൊക്ക, മണ്ണൊലിപ്പ് സാധ്യതാ പ്രദേശങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. വള്ളം, തോണി തുടങ്ങിയവ ആവശ്യാനുസരണം ഒരുക്കിവെക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.യോഗത്തിൽ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്, ഡിജിപി അനിൽകാന്ത്, വിവിധ വകുപ്പ് സെക്രട്ടറിമാർ, മേധാവികൾ, സേനാ പ്രതിനിധികൾ, ജില്ലാ കളക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.