തിരുവനന്തപുരം: അതീവസുരക്ഷ മേഖലയിൽ ഹെലിക്യാം ഉപയോഗിച്ചുള്ള ചിത്രീകരണം നിരോധിക്കാൻ പൊലീസ് നീക്കം. വിവാഹങ്ങളുടെ പേരിൽ ഗുരുവായൂർ അടക്കമുള്ള പ്രധാന ക്ഷേത്രങ്ങളിൽ നടക്കുന്ന ഹെലിക്യാം ഷൂട്ടിങ് അനുവദിക്കില്ല. അതിവ സൂരക്ഷയുള്ള പ്രദേശമാണ് ഗുരുവായൂർ. ഇവിടെ ക്ഷേത്രത്തിന് മുകളിലേക്ക് ക്യമാറ അയച്ച് ഷൂട്ട് ചെയ്യുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് പൊലീസ് നിലപാട്.

കാലം മാറിയതോടെ വിവാഹ ചിത്രീകരണത്തിന്റെ സ്വഭാവവും ംാറി. ഹെലിക്യാം ഉപയോഗിച്ചുള്ള വിവാഹ ഷൂട്ടിങ് ഇന്ന് പതിവ് കാഴ്ചയാണ്. വിവിഐപി കല്യാണങ്ങളിൽ നിന്ന് ഇടത്തരം വിവാഹത്തിലേക്ക് പോലൂം ഈ മാതൃക മാറി. നേരത്തെ വൈക്കം ക്ഷേത്രത്തിൽ അനുമതിയില്ലാതെ കല്ല്യാണത്തിൽ ഹെലിക്യാം ഉപയോഗിച്ചത് വിവാദമായിരുന്നു. ഷൂട്ടിങ്ങ് ക്യാമറയിലെ മെമ്മറി കാർഡ് പോലും ഊരി വാങ്ങി. അവിടെ അനുമതിയില്ലാത്തതായിരുന്നു പ്രശ്‌നം. പക്ഷേ ഗുരുവായൂർ, ആറ്റുകാൽ, ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം, ശബരിമല എന്നീ പ്രധാന ക്ഷേത്രങ്ങളിൽ ഇത് അനുവദിക്കരുതെന്നാണ് ആവശ്യം. വലിയ സുരക്ഷാ പ്രശ്‌നങ്ങൾ ഇതുണ്ടാക്കും.

സ്വകാര്യ സ്ഥലങ്ങളിലെ കല്ല്യാണത്തിന് ഹെലിക്യാം ഉൾപ്പെടെ എന്തുമാകാം. ആരും എതിർക്കില്ല. ഷൈൻ വിൽസണിന്റെ മകളുടെ വിവാഹത്തിന് ഉൾപ്പെടെ ഇത്തരം ക്യാമറകൾ ഉപയോഗിച്ചിരുന്നു. എന്നാൽ ഗുരുവായൂരിൽ ഹെലിക്യാം ഉപയോഗിക്കുന്ന്ത അനുവദിക്കില്ലെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മറുനാടൻ മലയാളിയോട് പറഞ്ഞു. അതീവ സുരക്ഷാമേഖലയായ ക്ഷേത്രപരിസരത്തു വിവാഹസംഘത്തോടൊപ്പമുള്ള ക്യാമറസംഘം ഹെലിക്യാം ഉപയോഗിച്ചു ചിത്രീകരണം നടത്തിയതു ഇന്നലെ വിവാദമായിരുന്നു. ഇന്നലെ രാവിലെ ഒൻപതരയോടെയാണു കോഴിക്കോടുള്ള വരനും പാലക്കാട്ടുകാരിയായ വധുവും തമ്മിലുള്ള വിവാഹം ചിത്രീകരിക്കാൻ ഹെലിക്യാം ഉപയോഗിച്ചത്. ഈ സാഹചര്യത്തിലാണ് കർശന നിർദ്ദേശങ്ങൾ നൽകാൻ പൊലീസ് ഒരുങ്ങുന്നത്.

ഹെലികോപ്റ്ററിന്റെ ചെറുമാതൃകയിൽ ക്യാമറ ഘടിപ്പിച്ചു താഴെനിന്നു മോണിട്ടറും റിമോട്ടും ഉപയോഗിച്ചു നിയന്ത്രിച്ച് ആകാശത്തുനിന്നുള്ള ദൃശ്യങ്ങൾ ചിത്രീകരിക്കുന്ന സംവിധാനമാണു ഹെലിക്യാം. നാലു കിലോമീറ്റർ ഉയരത്തിൽ വരെ പറന്നുയർന്നു ചിത്രങ്ങൾ പകർത്താൻ കഴിവുള്ള ഹെലിക്യാം ഉപയോഗിച്ചാണു ചിത്രീകരണം നടത്തിയത്. ക്ഷേത്രം തെക്കേനടയിൽ വച്ചായിരുന്നു ചിത്രീകരണം. സംഭവമറിഞ്ഞു പൊലീസ് എത്തുമ്പോഴേക്കും വിവാഹസംഘം ക്ഷേത്രപരിസരത്തുനിന്നു പോയിരുന്നു. അങ്കമാലിയിൽനിന്നെത്തിയ ക്യാമറസംഘമാണു ചിത്രീകരണം നടത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ പടിഞ്ഞാറെ നടയിലെ ഹോട്ടലിലെ കല്യാണമണ്ഡപത്തിൽനിന്നു ക്യാമറസംഘത്തെ കണ്ടെത്തി.

മഫ്തിയിലെത്തിയ പൊലീസ് വിവാഹത്തിനു തടസമുണ്ടാക്കാത്തവിധം ക്യാമറക്കാരെ പുറത്തെത്തിച്ചു ചോദ്യം ചെയ്തു. ക്ഷേത്രപരിസരത്തു ചിത്രീകരണം നടത്തുന്നതു സുരക്ഷാനിയമങ്ങൾക്ക് എതിരാണെന്ന് അറിഞ്ഞില്ലെന്ന് ഇവർ പൊലീസിനോടു പറഞ്ഞു. ക്യാമറ പരിശോധിച്ചു ക്ഷേത്രത്തിന്റെയും സമീപ കെട്ടിടങ്ങളുടെയും ആകാശദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞു ക്യാമറ തിരികെ നൽകി സംഘത്തെ താക്കീതു ചെയ്തു വിട്ടയച്ചു. ഇക്കാര്യം ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചപ്പോഴാണ് ക്ഷേത്രപരിസരത്ത് ഹെലിക്യാം പോലെയുള്ള ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചു ചിത്രീകരണം നടത്തിയാൽ കർശന നടപടിയെടുക്കാൻ നിർദ്ദേശം നൽകിയത്.

ഇനി ഗുരുവായൂരിലെ എല്ലാ വിവാഹങ്ങളും പൊലീസ് നിരീക്ഷിക്കും. ഇത്തരം ക്യാമറകളുടെ ഉപയോഗം നടക്കുന്നുണ്ടോ എന്ന് മനസ്സിലാക്കാനാണ് ഇത്. ഇതിന് പ്രത്യേക സംവിധാനമൊരുക്കാനാണ് പൊലീസിന്റെ തീരുമാനം. പൊലീസിന്റെ വിലക്ക് ലംഘിക്കുന്നവർക്കെതിരെ കേസ് എടുക്കുകയും ചെയ്യും.