കണ്ണൂർ: ജില്ലയിലെ കൈത്തറി പെരുമയുമായി ബന്ധപ്പെടുത്തിയായിരുന്നു കണ്ണൂർ വിമാനത്താവളമെന്ന ആശയത്തിനു തുടക്കമിട്ടത്. മൂന്നു പതിറ്റാണ്ടു മുമ്പ് കണ്ണൂരിലെ കൈത്തറി വ്യവസായികളും സാമൂഹ്യ രാഷ്ട്രീയരംഗത്തുള്ളവരും കൈകോർത്തുന്നയിച്ച ആവശ്യത്തിന്്് സാക്ഷാത്ക്കാരമാവുമ്പോഴേക്കും കണ്ണൂരിൽ കൈത്തറി തന്നെ ഇല്ലാതായി.

ഇരുനൂറ്റമ്പതു കോടിയോളം രൂപയുടെ കൈത്തറി തുണിത്തരങ്ങൾ കയറ്റുമതി ചെയ്തിരുന്ന കേരളത്തിലെ ഏകകേന്ദ്രമായിരുന്നു കണ്ണൂർ. കേരളത്തിലെ മാഞ്ചെസ്റ്റർ എന്നു കീർത്തികേട്ട കൈത്തറി വാങ്ങാൻ യൂറോപ്യന്മാരും അമേരിക്കക്കാരും കാനഡക്കാരും എത്താൻ വിമാനത്താവളവും ആധുനിക ഹോട്ടലുകളും വേണമെന്ന ആവശ്യത്തിന് മുപ്പതാണ്ടിന്റെ പഴക്കമുണ്ട്.

കൈത്തറി ഉടമകൾതന്നെ കണ്ണൂരിൽ ഹോട്ടലുകൾ പണിതപ്പോൾ സായിപ്പന്മാർ തുണികൾ തേടി എത്തി. അങ്ങനെ ലോകത്ത് ആദ്യമായി കണ്ണൂർ ക്രെയിപ്പ് എന്ന തുണി രൂപപ്പെട്ടു. ദിനം പ്രതി കണ്ണൂരിൽ നിന്നും വിവിധ വർണ്ണത്തിലുള്ള ക്രെയിപ്പ് തുണികൾ കടൽ കടന്നു. കൈത്തറിതൊഴിലാളികൾ മുതൽ ഉടമകൾ വരെ സാമ്പത്തിക ഭദ്രതയിലുമായി. എന്നാൽ ഇക്കാലത്ത് രൂക്ഷമായ ഗതാഗതക്കുരുക്ക് മറുനാട്ടുകാരുടെവരവിനെ സാരമായി ബാധിച്ചു.

കോഴിക്കോട് വിമാനമിറങ്ങുന്ന വിദേശികൾക്ക് റോഡുമാർഗം കണ്ണൂർ വരെയുള്ള യാത്ര ദുസ്സഹമായി. ഇഷ്ടമുള്ള തുണിക്ക് ഓർഡർ കൊടുത്ത് അവർക്ക് യഥാസമയം തിരിച്ചു പോകാൻ വയ്യാതായി. ഓർഡറുകൾ യഥാസമയം അയയ്ക്കാൻ കഴിയാതെ കൈത്തറി മേഖല ബുദ്ധിമുട്ടി. വിമാനത്താവളത്തിന്റെ മുറവിളി അപ്പോഴും മുഴങ്ങി. പിന്നീട് ഒരു തലമുറ മുഴുവൻ കൈത്തറി നെയ്ത്തിൽ നിന്നും വിരമിച്ചു. ക്രെയിപ്പ് നെയ്യുന്നവർ ഇന്ന് വിരലിലെണ്ണാവുന്നവർ. അമ്പതു വയസ്സ് കഴിഞ്ഞവരുടെ ലോകമാണ് ഇന്ന് കണ്ണൂർ കൈത്തറിയുടേത്.

എന്നിട്ടും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിമാനത്താവളത്തിന്റെ പരീക്ഷണ പറക്കലിൽ കണ്ണൂർ ഇന്ത്യയിലെ കൈത്തറി ഹബ്ബാകും എന്ന് പ്രത്യാശ പ്രകടിപ്പിച്ചു. മറ്റു മന്ത്രിമാരോ നേതാക്കളോ കൈത്തറിയെക്കുറിച്ച് ഒരു അക്ഷരവും മിണ്ടിയില്ല. കൈത്തറിയന്വേഷിച്ച് വിദേശികൾ വന്നാലും അവർ ഉദ്ദേശിക്കുന്ന കൈത്തറി യഥാസമയം നൽകാൻ ഇന്ന് കണ്ണൂരിലാവില്ല. കണ്ണൂർ കൈത്തറി എന്ന മറവിൽ യൂറോപ്യൻ രാജ്യങ്ങളിലേക്കും അമേരിക്ക, കാനഡ എന്നിവിടങ്ങളിലേക്കും കയറ്റി അയയ്ക്കുന്നത് തമിഴ് നാട്ടിലെ ഈറോഡ്, കരൂർ എന്നിവിടങ്ങളിൽ ഉത്പ്പാദിപ്പിക്കുന്ന പവർലൂം തുണികളാണ്. കണ്ണൂർ മുദ്ര ഉപയോഗിച്ച് ഏർജെറ്റ്, റാപ്പിയർ ലൂം എന്നിവയിൽ നെയ്ത തുണികളാണ് അവർ കയറ്റുന്നത്. കണ്ണൂരിലെ കൈത്തറി ഉടമകളും തമിഴ്‌നാട്ടിൽ നിന്ന് കൈത്തറി ഉത്പ്പാദിപ്പിച്ച് കയറ്റുമതി ചെയ്യുന്നുണ്ട്.

മുഖ്യമന്ത്രി പ്രതീക്ഷിക്കുന്ന കണ്ണൂർ കൈത്തറി ഹബ്ബും കണ്ണൂർ വിമാനത്താവളം വഴി മുന്നൂറ് കോടി രൂപയുടെ കൈത്തറി കയറ്റുമതിയും എവിടെ ഉത്പ്പാദിപ്പിക്കുന്ന കൈത്തറിയാണെന്ന് അറിയാതെയാണ്. 250 കോടി രൂപയുടെ കണ്ണൂർ കൈത്തറിയുടെ മാർക്കറ്റ് ഇന്നും നിലനിൽക്കുന്നുണ്ട്. അത് കേരളത്തിൽ ഉത്പ്പാദിപ്പിച്ച് കയറ്റുമതി ചെയ്യാൻ നിലവിൽ ഒരു സാഹചര്യവുമില്ല. മുപ്പതോളം സഹകരണ സംഘങ്ങളും എഴുപതോളം സ്വകാര്യ സംരംഭകരുമാണ് കണ്ണൂർ കൈത്തറി മേഖലയിൽ ഇപ്പോൾ അവശേഷിക്കുന്നത്. നിലവിലുള്ളവർ കൊഴിഞ്ഞു പോവുകയല്ലാതെ ഒറ്റയാളും പുതുതായി കൈത്തറിയിലേക്ക് കടന്നുവരുന്നില്ല. പത്തു വർഷം മുമ്പ് 60,000 പേർ ജോലി ചെയ്ത കണ്ണൂർ കൈത്തറിയിൽ ഇന്ന് അവശേഷിക്കുന്നത് ഇരുപത്തിഅയ്യാരത്തിൽ താഴെ മാത്രമാണ്. അവരും ഈ മേഖലയിൽനിന്നകന്നുകൊണ്ടിരിക്കുന്നു. ഏതു മേഖലയുടെ വളർച്ച ഉദ്ദേശിച്ചാണോ കണ്ണൂരിൽ വിമാനത്താവളം കൊണ്ടു വന്നത്, ആ മേഖല നാമമാത്രമായിക്കഴിഞ്ഞുവെന്നർത്ഥം.

വിമാനത്താവളത്തിന്റെ പരീക്ഷണ പറക്കൽ മഹാമഹമായിരുന്നെങ്കിലും വിമാനത്താവളം പ്രാവർത്തികമാകുമ്പോൾ യാത്രികർക്ക് ഹെലികോപ്ടർ സർവീസ് കൂടി ഒരുക്കിക്കൊടുക്കേണ്ടി വരും. കണ്ണൂരിൽനിന്നും തലശ്ശേരിയിൽനിന്നും 25 കിലോ മീറ്റർ സഞ്ചരിച്ച് എത്തേണ്ട വിമാനത്താവളത്തിലേക്കുള്ള റോഡിന്റെ നിലവാരം അതാണ്. ഉദ്ദേശിച്ച വിമാനം പിടിക്കണമെങ്കിൽ തലേ ദിവസം തന്നെ വിമാനത്താവളത്തിലെത്തേണ്ടി വരും. കുടകിൽനിന്നും വരുന്ന റോഡാണ് അല്പമെങ്കിലും ഭേദം. ഗതാഗത കുരുക്കു മൂലം പൊതുവെ സ്തംഭനത്തിലായ കണ്ണൂരിൽ വിമാനത്താവളത്തിലേക്ക് കടക്കാൻ മൂന്ന് ദിശയിലെ റോഡുകൾ വികസിപ്പിക്കണം. വിമാനത്താവളം സർവീസ് ആരംഭിക്കുമെന്ന് അവകാശപ്പെടുന്ന സെപ്റ്റംബറിനു മുമ്പ് റോഡുകൾ പൂർത്തിയാവില്ല. അതിനാൽ വിമാനയാത്രക്കാർക്ക് കണ്ണൂർ, തലശ്ശേരി, ഇരിക്കൂർ എന്നിവിടങ്ങളിൽ ഹെലിപ്പാഡ് പണിത് ഹെലികോപ്ടർ സർവീസ് ഒരുക്കേണ്ടി വരും. കൈത്തറി ഹബ്ബ് പോലെ എത്ര നടക്കാത്ത സ്വപ്‌നം!