മുംൈബ: പ്രശസ്ത ചിത്രകാരി ഹേമ ഉപാധ്യായ കൊലക്കേസിൽ ഭർത്താവ് ചിന്തൻ ഉപാധ്യായ അറസ്റ്റിലായി. ഇന്നലെ രാത്രി ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ ഇദ്ദേഹത്തിന്റെ അറസ്റ്റ് പുലർച്ചെ 3.30നാണ് രേഖപ്പെടുത്തിയത്. സംഭവത്തിൽ അറസ്റ്റിലാകുന്ന അഞ്ചാമത്തെയാളാണ് ചിന്തൻ ഉപാധ്യായ. ഏറെ നാളായി അകൽച്ചയിലായിരുന്ന ഹേമയും ഭർത്താവും വിവാഹമോചനത്തിന്റെ വക്കിലായിരുന്നു. കഴിഞ്ഞ ആഴ്ചയിലാണ് ഹേമയുടേയും അഭിഭാഷകൻ ഹരീഷ് ബംഭാനിയുടേയും മൃതദേഹങ്ങൾ മുംബൈ കാണ്ഡിവിലിയിലെ അഴുക്കുചാലിൽ കാർഡ്‌ബോർഡ് പെട്ടിക്കുള്ളിൽ കണ്ടെത്തിയത്.

കലാകാരനായ ചിന്തനും ഹേമയും വിവാഹമോചനത്തിന് ഹർജി നൽകിയിരിക്കുകയായിരുന്നു. പീഡനത്തിന് 2013ൽ ഭർത്താവിനെതിരെ കേസ് കൊടുത്തപ്പോൾ ഹേമയ്ക്കായി വാദിച്ചത് ബംഭാനിയായിരുന്നു. അന്ന് മുതൽ ഇവർ അടുപ്പത്തിലായി. ഇതിലുള്ള പ്രശ്‌നങ്ങളാണ് കൊലയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ. ഭർത്താവ് ചിന്തൻ ഉപാധ്യായക്കെതിരേ 2013ൽ മുംബൈയിലെ തങ്ങളുടെ അപ്പാർട്ട്‌മെന്റിന്റെ ഭിത്തിയിൽ അശഌല ചിത്രങ്ങൾ വരച്ചെന്നാരോപിച്ചാണു ഹേമ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. വിവഹാമോചനക്കേസിലും ബംഭാനിയായിരുന്നു അഭിഭാഷകൻ. ഏറെ നാളായി അകൽച്ചയിലായിരുന്ന ചിന്തൻ ഉപാധ്യായ്ക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് ഹേമയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആസൂയക്കഥ പുറത്തുവന്നത്.

ഹേമ ചിത്രങ്ങൾ സൂക്ഷിക്കാനുപയോഗിച്ചിരുന്ന ചാർകോപ് വെയർഹൗസ് ഉടമ ഗോട്ടുവാണ് മുഖ്യപ്രതിയെന്നായിരുന്നു പൊലീസ് സംശയിച്ചിരുന്നത്. അഞ്ച് ലക്ഷം രൂപ പങ്കു വെക്കുന്നതിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു വിലയിരുത്തൽ. വെയർഹൗസ് ഉടമയെ കണ്ടെത്താനായി പൊലീസ് ഊർജിത ശ്രമം നടത്തുന്നുണ്ട്. ഹേമയുടേയും അഭിഭാഷകൻ ഹരീഷ് ബംഭാനിയുടേയും മൊബൈൽ ഫോണുകളിൽ നിന്നും ലഭിച്ച അവസാന കോളുകൾ ചാർകോപ് വെയർഹൗസിനും കാണ്ഡിവാലിക്കും ഇടയിലുള്ള ടവറിലായിരുന്നു. വെള്ളിയാഴ്ച 8.30നോടടുത്ത് രണ്ട് ഫോണുകളും സ്വിച്ച് ഓഫ് ചെയ്തിരുന്നു. എന്നാൽ എല്ലാം മാറി മറിയുന്നതാണ് ചിന്തന്റെ അറസ്റ്റ്.

കഴിഞ്ഞ ആഴ്ചയാണ് ഹേമയുടേയും അഭിഭാഷകൻ ഹരീഷ് ബംഭാനിയുടേയും മൃതദേഹങ്ങൾ മുംബൈ കാണ്ഡിവിലിയിലെ അഴുക്കുചാലിൽ കാർഡ്‌ബോർഡ് പെട്ടിക്കുള്ളിൽ കണ്ടെത്തിയത്. കൊലപ്പെടുത്തിയശേഷം ചരടുകൊണ്ട് കെട്ടിയാണ്കാർഡ്‌ബോർഡ് പെട്ടിയിലാക്കിയത്. അടിവസ്ത്രങ്ങൾ മാത്രം ധരിച്ചനിലയിലായിരുന്നു മൃതദേഹങ്ങൾ. ധനൂകർ വാഡി പ്രദേശത്തെ ശ്മശാനത്തിന് സമീപമുള്ള അഴുക്കുചാലിൽ സംശയാസ്പദമായ സാഹചര്യത്തിൽ പെട്ടി കണ്ട തൂപ്പുകാരനാണ് പൊലീസിനെ വിവരമറിയിച്ചത്.

കേന്ദ്ര ലളിതകലാ അക്കാദമി, ഗുജറാത്ത് ലളിതകലാ അക്കാദമി എന്നിവയുടേതുൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ചിത്രകാരിയും കൺടെംപററി ആർടിസ്റ്റുമാണ് ഹേമ ഉപാധ്യായ.