- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിരൺ കുമാറിന് മൊത്തം ലഭിച്ചത് 25 വർഷത്തെ തടവ്; ശിക്ഷ എല്ലാം കൂടി പത്ത് വർഷമായി ഒരുമിച്ച് അനുഭവിച്ചാൽ മതി; പന്ത്രണ്ടര ലക്ഷം പിഴ അടച്ചില്ലെങ്കിൽ ശിക്ഷ വീണ്ടും ഉയരും; കേരളത്തെ നടുക്കിയ വിസ്മയ കേസിലെ വിധിയുടെ വിശദാംശങ്ങൾ ഇങ്ങനെ
കൊല്ലം: കോളിളക്കം സൃഷ്ടിച്ച വിസ്മയക്കേസിൽ കേരളം കാത്തിരുന്ന വിധിയാണ് പുറത്ത് വന്നത്.ഭർത്താവ് കിരൺ കമാരിന് 10 വർഷം തടവാണ് കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി വിധിച്ചത്. മൂന്ന് വകുപ്പുകളിലായി 25 വർഷം ശിക്ഷയാണ് കോടതി വിധിച്ചത്. കേസിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സ്ത്രീധന മരണം, ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങൾ പ്രകാരവും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരവുമാണു ശാസ്താംകോട്ട പോരുവഴി അമ്പലത്തുംഭാഗം ശാസ്താനട ചന്ദ്രാലയത്തിൽ കിരൺകുമാർ (31) കുറ്റക്കാരനാണെന്ന് ഒന്നാം അഡീഷനൽ സെഷൻസ് ജഡ്ജി കെ.എൻ.സുജിത്ത് വിധിച്ചത്.പിഴയിൽ രണ്ടുലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കൾക്ക് നൽകണം.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ 304 (ബി) 306, 498 (എ) വകുപ്പുകൾ സംശയാതീതമായി തെളിയിക്കപ്പെട്ടതോടെ പരമാവധി ശിക്ഷയായ ജീവപര്യന്തം നൽകണമെന്നാണു പ്രോസിക്യൂഷൻ വാദിച്ചത്. പ്രതിയുടെ പ്രായവും സ്ഥിരം കുറ്റവാളിയല്ല എന്നതും പരിഗണിച്ച് ശിക്ഷ പരമാവധി കുറയ്ക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു.
ശക്തമായ ഡിജിറ്റൽ തെളിവുകൾ നിർണായകമായെന്നു സ്പെഷ്യൽ പ്രോസിക്യൂട്ടർ ജി.മോഹൻരാജ് പറഞ്ഞു. വിചാരണ വേളയിലുണ്ടായ വൈകാരിക സംഭവങ്ങൾ മനസ്സിൽനിന്നും മായുന്നില്ലെന്നും ഫോൺ സംഭാഷണങ്ങൾ കോടതിയിൽ കേൾപ്പിച്ചപ്പോൾ വിസ്മയയുടെ മാതാപിതാക്കൾ വിങ്ങിപ്പൊട്ടിയെന്നും മോഹൻരാജ് പറഞ്ഞു. അന്വേഷണം ഏറെ വെല്ലുവിളികൾ നേരിട്ടാണ് പൂർത്തിയാക്കിയതെന്ന് നേതൃത്വം നൽകിയ ഡിവൈഎസ്പി പി.രാജ്കുമാർ പ്രതികരിച്ചു.
കേസിൽ കിരൺകുമാറിനെതിരെ വിധിച്ച ശിക്ഷയുടെ വിശദാംശങ്ങൾ ഇങ്ങനെ.. ചുമത്തപ്പെട്ട വകുപ്പുകളും ലഭിച്ച ശിക്ഷയും..സ്ത്രീധന മരണം (ഐപിസി 304എ) 10 വർഷം കഠിന തടവ്,ആത്മഹത്യാ പ്രേരണ (306) 6 വർഷം കഠിന തടവ്, 2 ലക്ഷം രൂപ പിഴ. പിഴയടച്ചില്ലെങ്കിൽ 6 മാസം കൂടി തടവ്,സ്ത്രീധന പീഡനം (498എ) 2 വർഷം കഠിന തടവ്, 50,000 രൂപ പിഴ. പിഴയടച്ചില്ലെങ്കിൽ 3 മാസം കൂടി തടവ്,സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പ് 3 (സ്ത്രീധനം ആവശ്യപ്പെടൽ) 6 വർഷം കഠിന തടവ്, 10 ലക്ഷം പിഴ. പിഴ അടച്ചില്ലെങ്കിൽ 18 മാസം കൂടി തടവ്,സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പ് 4 (സ്ത്രീധനം വാങ്ങൽ) 1 വർഷം കഠിന തടവ്, 5000 രൂപ പിഴ. പിഴ അടച്ചില്ലെങ്കിൽ 15 ദിവസം കൂടി തടവ്
ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നു കോടതി വ്യക്തമാക്കി. ഇതുകൂടാതെ 12,55,000 ലക്ഷം രൂപ പിഴയായും അടയ്ക്കണം. ഇതിൽ രണ്ടു ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കൾക്ക് നൽകണം. ജാമ്യം റദ്ദാക്കി ജില്ലാ ജയിലിലേക്ക് മാറ്റിയ കിരൺകുമാറിനെ കോടതിയിൽ ഹാജരാക്കിയിരുന്നു.
ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് കോടതി നടപടികൾ ആരംഭിച്ചത്. ശിക്ഷ വിധിക്കുന്നതിന് പ്രതിയായ കിരൺകുമാറിനെ എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചു. കോടതിക്ക് മുന്നിൽ ശിരസ് കുനിച്ചുനിന്നിരുന്ന കിരൺ, ഇതോടെ മറുപടി നൽകി. അച്ഛനും അമ്മയ്ക്കും സുഖമില്ല. അച്ഛന് ഓർമക്കുറവുണ്ട്, അതിനാൽ അപകടമുണ്ടാകാൻ സാധ്യതയുണ്ട്. കുടുംബത്തിന്റെ ഏക ആശ്രയം താനാണെന്നും തന്റെ പ്രായം പരിഗണിക്കണമെന്നും കിരൺ കോടതിയിൽ പറഞ്ഞു.
കിരണിന് ക്രിമിനൽ പശ്ചാത്തലമില്ലെന്നും മറ്റു കേസുകളിൽ മുമ്പ് ഉൾപ്പെട്ടിട്ടില്ലെന്നും പ്രതിഭാഗവും കഴിഞ്ഞദിവസം കോടതിയിൽ പറഞ്ഞിരുന്നു. അച്ഛനും അമ്മയും പ്രായമേറിയവരാണെന്നും പ്രതിഭാഗം കോടതിയെ അറിയിക്കുകയും ചെയ്തു. ഇതേകാര്യങ്ങൾ തന്നെയാണ് കിരണും ചൊവ്വാഴ്ച കോടതിയിൽ ആവർത്തിച്ചത്.
അതേസമയം, ഇത് ഒരു വ്യക്തിക്കെതിരേയുള്ള കേസല്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. സ്ത്രീധനമെന്ന സാമൂഹികവിപത്തിനെതിരേയുള്ള കേസാണ്. സ്ത്രീധനം വാങ്ങിയ പ്രതി ഒരു സർക്കാർ ജീവനക്കാരൻ കൂടിയാണ്. സ്ത്രീധനത്തിന് വേണ്ടി മാത്രമാണ് പ്രതി ഭാര്യയെ ഉപദ്രവിച്ചത്. വിസ്മയയുടെ ആത്മഹത്യ കൊലപാതകത്തിന് തുല്യമാണെന്നും അതിനാൽ ശിക്ഷാവിധി മാതൃകാപരമാകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
കേസിൽ കിരൺ കുമാർ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. സ്ത്രീധനപീഡനം (ഐ.പി.സി. 304ബി), ആത്മഹത്യാപ്രേരണ (306), ഗാർഹികപീഡനം (498 എ) എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരേ തെളിഞ്ഞത്. ഇതോടെ മുൻ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ ഇയാളെ ജാമ്യം റദ്ദാക്കി ജയിലിലേക്കയക്കുകയും ചെയ്തു. വിസ്മയ ജീവനൊടുക്കിയിട്ട് 11 മാസവും മൂന്നുദിവസവും തികഞ്ഞ ചൊവ്വാഴ്ചയായിരുന്നു കേസിലെ ശിക്ഷാവിധി.
കൊല്ലം പോരുവഴിയിലെ ഭർത്തൃവീട്ടിൽ കഴിഞ്ഞ ജൂൺ 21-നാണ് വിസ്മയയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്ത്രീധനമായി നൽകിയ കാറിൽ തൃപ്തനല്ലാത്തതിനാലും വാഗ്ദാനംചെയ്ത സ്വർണം ലഭിക്കാത്തതിനാലും ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടർന്ന് വിസ്മയ ജീവനൊടുക്കിയെന്നാണ് കേസ്. വിചാരണ നാലുമാസം നീണ്ടു. കിരൺകുമാറിന്റെ ഫോണിൽ റെക്കോഡ് ചെയ്തിരുന്ന സംഭാഷണങ്ങൾ സൈബർ പരിശോധനയിലൂടെ വീണ്ടെടുത്തു. ഈ സംഭാഷണങ്ങൾ കോടതിയിൽ തെളിവായി ഹാജരാക്കി.
2020 മെയ് 31-നാണ് നിലമേൽ കൈതോട് സീ വില്ലയിൽ വിസ്മയയെ മോട്ടോർവാഹനവകുപ്പിൽ എ.എം വിഐ. ആയ ശാസ്താംനട ചന്ദ്രവിലാസത്തിൽ കിരൺകുമാർ വിവാഹം കഴിച്ചത്.വിസ്മയ, അച്ഛൻ ത്രിവിക്രമൻ നായരോട് 'ഇങ്ങനെ തുടരാൻ വയ്യെന്നും താൻ ആത്മഹത്യ ചെയ്തുപോകുമെന്നും' കരഞ്ഞുപറയുന്ന ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. അറസ്റ്റിലായ കിരണിനെ പിന്നീട് സർവീസിൽനിന്നു പിരിച്ചുവിട്ടു.
പ്രോസിക്യൂഷൻ 41 സാക്ഷികളെ വിസ്തരിച്ചു.118 രേഖകളും 12 തൊണ്ടിമുതലുകളും കോടതിയിൽ സമർപ്പിച്ചു. പ്രതിയുടെ പിതാവ് സദാശിവൻ പിള്ള, സഹോദരപുത്രൻ അനിൽകുമാർ, ഭാര്യ ബിന്ദുകുമാരി, സഹോദരി കീർത്തി, ഭർത്താവ് മുകേഷ് എം.നായർ എന്നീ സാക്ഷികൾ വിസ്താരത്തിനിടെ കൂറുമാറിയിരുന്നു. വിധിപ്രസ്താവം കേൾക്കാനായി വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ നായർ കോടതിമുറിയിലെത്തിയിരുന്നു.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി.മോഹൻരാജ്, അഭിഭാഷകരായ നീരാവിൽ എസ്.അനിൽകുമാർ, ബി.അഖിൽ എന്നിവരാണ് ഹാജരായത്. അഡ്വ. പ്രതാപചന്ദ്രൻപിള്ള പ്രതിഭാഗത്തിന് വേണ്ടിയും ഹാജരായി. ശാസ്താംകോട്ട ഡിവൈ.എസ്പി. പി.രാജ്കുമാറാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.
മറുനാടന് മലയാളി ബ്യൂറോ