പാലക്കാട്: ചെങ്കുത്തായ മലയിലെ സാഹസിക ദൗത്യത്തിന് ഇന്ത്യൻ സൈന്യത്തിന് നന്ദി പറയുകയാണ് നാടാകെ. 40 മിനിറ്റിൽ, ബാബുവിനെ ചെറാട് മലമുകളിൽ എത്തിച്ചത് മലകയറ്റത്തിൽ വിശേഷ പരിശീലനം കിട്ടിയ കമാൻഡോ. അതെ, ബാബു കെട്ടിപ്പിടിച്ച് ഉമ്മ വച്ച ബാല എന്ന ധീര സൈനികൻ. ബാലയാണ് റോപ്പിലൂടെ താഴെയിറങ്ങി ആദ്യം ബാബുവിന്റെ അടുത്ത് എത്തിയത്.

ബെംഗളൂരുവിലെ പാരച്യൂട്ട് റെജിമെന്റൽ സെന്ററിലെയും, വെല്ലിങ്ടണിലെ മദ്രാസ് റെജിമെന്റൽ സെന്ററിലെ മലകയറ്റ വിദഗ്ധരും, പർവതാരോഹകരും അടങ്ങുന്ന രണ്ടുടീമുകളെയാണ് സൈന്യം ദൗത്യത്തിനായി നിയോഗിച്ചത്. അർദ്ധരാത്രിയോടെ സംഘം മലമുകളിലെത്തി. ഒരു ടീമിനെ മലയടിവാരത്തിൽ നിയോഗിച്ചു. ദൗത്യം അവിടെ നിന്ന് ഏകോപിപ്പിക്കാൻ. എന്നാൽ, രാത്രിയിൽ വെളിച്ചക്കുറവ് കൊണ്ട് രക്ഷാദൗത്യം നടത്താൻ കഴിയുമായിരുന്നില്ല. പുലർച്ചെ ആദ്യം വെട്ടം വീണപ്പോൾ തന്നെ ഡ്രോൺ ഉപയോഗിച്ച് ബാബുവിനെ ലൊക്കേറ്റ് ചെയ്തു. ഇതിനെ തുടർന്നാണ് ബാബു അടങ്ങുന്ന ആർമി മൗണ്ടനേറിങ് ടീം പാറയിടുക്കിലേക്ക് ഇറങ്ങിയത്.

മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ മുകളിലേക്ക് എത്തിച്ച ബാല അതിസാഹസിക ദൗത്യമാണ് ഏറ്റെടുത്തത്. 48 മണിക്കൂറിനുള്ളിൽ ബാബുവിനെ മലയിടുക്കിൽ നിന്ന് പുറത്തെത്തിച്ചില്ലെങ്കിൽ കാര്യങ്ങൾ അപകടത്തിലേക്ക് നീങ്ങുമെന്ന് നേരത്തെ ബോധ്യമായിരുന്നു. വെള്ളവും ഭക്ഷണവും ലഭിക്കാതെ 42 മണിക്കൂറോളം മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ ഒരു നിമിഷം പോലും പാഴാക്കാതെ രക്ഷപ്പെടുത്തണമെന്ന് സൈന്യത്തിന് രാവിലെ തന്നെ നിർദ്ദേശം ലഭിച്ചിരുന്നു. ചെങ്കുത്തായ മലനിരകളിലൂടെ അതീവ ശ്രദ്ധയോടെയാണ് ബാല നീങ്ങിയിറങ്ങിയത്. അപകടം നിറഞ്ഞ സ്ഥലത്തേക്ക് ബാല ഇറങ്ങുമ്പോൾ എത്രത്തോളം വിജയമാവുമെന്ന കാര്യത്തിൽ ആശങ്കയുണ്ടായിരുന്നു.

ബാല അടുത്തെത്തുന്നതിന് മുൻപ് തന്നെ ബാബുവിന് ദൗത്യ സംഘം വെള്ളമെത്തിച്ചിരുന്നു. ബാല എത്തുമ്പോൾ എഴുന്നേറ്റ് നിന്ന ബാബു രണ്ട് പടി മുകളിലേക്ക് കയറി, ഇത് രക്ഷാപ്രവർത്തനത്തിന് ഗുണകരമായി. കനത്ത ചൂട് ബാബുവിന്റെ ആരോഗ്യം മോശമാക്കുമെന്ന് തിരിച്ചറിഞ്ഞ ബാല താഴേക്ക് ഇറങ്ങുന്നത് അതിവേഗത്തിലാക്കി.ബാബുവിന്റെ അടുക്കലെത്തിയപ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യം വളരെ മോശമായിരുന്നില്ല. ബാലയോടൊപ്പം കയറിൽ അള്ളിപ്പിടിക്കാൻ ബാബുവിന് കഴിഞ്ഞു.

ബാബുവിനെ രക്ഷിക്കാൻ ആദ്യം മുന്നിട്ടിറങ്ങിയത് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളാണ്. എന്നാൽ അസാധ്യമാണെന്ന് തോന്നിയതോടെ പൊലീസ്, ഫയർഫോഴ്‌സ്, ദുരന്തനിവാരണ സേന എന്നിവരെ വിവരമറിയിച്ചു. എന്നാൽ അതും പരാജയപ്പെട്ടു. ബാബു ഇരിക്കുന്ന മലയിടുക്കിലേക്ക് എത്തിച്ചേരുക അസാധ്യമാണെന്ന് വ്യക്തമായതോടെ ഹെലികോപ്റ്റർ ഉപയോഗിച്ച് എയർലിഫ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഹെലികോപ്റ്ററെത്തിയെങ്കിലും ശക്തമായ കാറ്റ് വില്ലനായി. ഹെലികോപ്റ്റർ എത്തി രക്ഷാ ദൗത്യം പൂർത്തീകരിക്കുമെന്ന് വിശ്വസിച്ചിരുന്നെങ്കിലും പ്രതീക്ഷകളെല്ലാം മങ്ങി. ഇതോടെ ഒരു രാത്രി ബാബു മലയിടുക്കിൽ തുടരേണ്ടി വരുമെന്ന് വ്യക്തമായിരുന്നു. ഇന്നലെ വൈകീട്ടോടെ കാര്യങ്ങൾ പൂർണമായും സൈന്യത്തിന്റെ മേൽനോട്ടത്തിലേക്ക് മാറി.

രാത്രി ബാബു ഉറങ്ങാതെ നോക്കേണ്ടത് വെല്ലുവിളിയായി

ഇന്നലെ രാത്രി ബാബുവിനെ ഉറങ്ങാതെ നിർത്തുകയെന്നതായിരുന്നു കുർമ്പാച്ചി ദൗത്യ സംഘത്തിന് മുന്നിലുണ്ടായിരുന്ന ഏറ്റവും വലിയ വെല്ലുവിളി. മലയാളി ഉദ്യോഗസ്ഥനായ ലഫ്റ്റനന്റ് കേണൽ ഹേമന്ദ് രാജിനായിരുന്നു ബാബുവുമായി സംസാരിക്കാനുള്ള ദൗത്യം. ഉറക്കെ വിളിച്ചു ഹേമന്ദ് രാജ് ബാബുവിനോട് സംസാരിച്ചു. 'ബാബു ഞങ്ങളെത്തി, അവിടെ ഇരുന്നോ, ഒന്നും പേടിക്കണ്ട, അധികം ശബ്ദമുണ്ടാക്കട്ടെ, എനർജി കളയരുത്' തുടങ്ങി ഹേമന്ദ് രാജ് നിർദ്ദേശങ്ങൾ നൽകിയിരുന്നു.

ബാബു രാത്രി ഉറങ്ങുകയോ, കാലാവസ്ഥയിൽ അപ്രതീക്ഷിത മാറ്റങ്ങളോ, പ്രത്യേകിച്ച് ചാറ്റൽ മഴയോ ഉണ്ടായാൽ കാര്യങ്ങൾ കൈവിട്ടു പോകുമായിരുന്നു. അതിനാൽ മുഴുവൻ സമയവും ബാബുവിനെ ഉണർത്തി നിർത്തുകയും വേണം. പക്ഷേ ശബ്ദമുണ്ടാക്കാൻ ബാബുവിനോട് പറയാൻ സാധിക്കില്ല.ഈ പ്രതിസന്ധിയെ മറികടക്കാൻ ഹേമന്ദ് രാജിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ നിരന്തരം ബാബുവുമായി സംസാരിച്ചു.

രാത്രി മുഴുവൻ അസാമാന്യ കരുത്ത് കാണിച്ച ബാബു രാവിലെ സുരക്ഷിത സ്ഥാനത്ത് എത്തുന്നത് വരെ ഉണർന്നിരുന്നു. ദക്ഷിണ ഭാരത ഏരിയ ജി ഒ സി ലഫ്റ്റനന്റ് ജനറൽ അരുണാണ് ദൗത്യം ഏകോപിപ്പിച്ചത്. സൈന്യത്തിന് ഉറച്ച പിന്തുണയുമായി നാട്ടുകാരും ഒപ്പമുണ്ടായിരുന്നു.