ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിനെതിരായി കോൺഗ്രസ് നടത്തുന്ന ഇഡി ഓഫീസ് മാർച്ച് കണക്കിലെടുത്ത് അക്‌ബർ റോഡിലും പരിസരത്തും നിരോധനാജ്ഞ. എഐസിസി ആസ്ഥാന പരിസരം കനത്ത പൊലീസ് വലയത്തിലാണ്. അക്‌ബർ റോഡിലേക്കുള്ള എല്ലാ പ്രവേശന കവാടവും അടച്ചിട്ടുണ്ട്. എഐസിസി ആസ്ഥാനത്തിന് പുറത്ത് പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിനായി രാവിലെ പതിനൊന്ന് മണിക്കാണ് രാഹുൽ ഗാന്ധി ഇഡിക്ക് മുൻപിൽ ഹാജരാകുക. കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കള്ളക്കേസെടുത്ത് അപകീർത്തിപ്പെടുത്തുന്നെന്ന് ആരോപിച്ചാണ് കോൺഗ്രസ് മാർച്ച് നടത്താൻ തീരുമാനിച്ചത്. എഐസിസി ആസ്ഥാനത്ത് നിന്ന് തുടങ്ങുന്ന പ്രതിഷേധ മാർച്ചോടെ രാഹുൽ ഗാന്ധിക്കൊപ്പം ഇഡി ഓഫീസുകളിലേക്ക് പ്രതിഷേധ മാർച്ച് നടത്താനായിരുന്നു കോൺഗ്രസ് പദ്ധതിയിട്ടിരുന്നത്. എന്നാൽ, പൊലീസ് അനുമതി നൽകിയിരുന്നില്ല.

രാജസ്ഥാൻ, ഛത്തീസ്‌ഗഢ് മുഖ്യമന്ത്രിമാർ, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ, എംപിമാർ തുടങ്ങിയവർ ഡൽഹി പ്രതിഷേധത്തിൽ പങ്കെടുക്കും എന്നായിരുന്നു വിവരം. വർഗീയ ലഹളയ്ക്കുള്ള സാധ്യത വരെ തള്ളികളയാൻ കഴിയില്ലെന്നാണ് പൊലീസ് ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ, പൊലീസിന്റെ നിർദ്ദേശം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി ഡൽഹി പൊലീസിനെ സമീപിച്ചതായി കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.

അതേസമയം പൊലീസ് അനുമതി നിഷേധിച്ചെങ്കിലും രാഹുൽ ഗാന്ധിക്കൊപ്പം ഇഡി ഓഫീസിലേക്ക് മാർച്ചു ചെയ്യുമെന്ന് കെ സി വേണുഗോപാൽ വ്യക്തമാക്കി. രാഷ്ട്രീയമായി തന്നെ ഇഡി നടപടിയെ നേരിടാനാണ് കോൺഗ്രസിന്റെ തീരുമാനം.

രാഹുൽ ഗാന്ധിയുടെ മൊഴിയെടുക്കുന്നതിന് പിന്നാലെ 23ന് സോണിയ ഗാന്ധിയുടെ മൊഴിയുമെടുക്കും. ദിവസങ്ങൾക്ക് മുൻപ് കേസുമായി ബന്ധപ്പെട്ട് ഇഡി സോണിയ ഗാന്ധിക്കും നോട്ടീസയച്ചിരുന്നു. ജൂൺ 8ന് മുമ്പ് ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു നോട്ടീസ്. പിന്നീട് ഈ മാസം 23ന് മൊഴിയെടുക്കാൻ ഹാജരായാൽ മതിയെന്ന് വ്യക്തമാക്കി. 2012ലെ കേസുമായി ബന്ധപ്പെട്ടാണ് നോട്ടീസ് അയച്ചത്.

നാഷണൽ ഹെറാൾഡ് കേസിൽ നേരത്തെ ഇരുവർക്കും ഡൽഹി ഹൈക്കോടതി നോട്ടീസ് നൽകിയിരുന്നു. ബി ജെപി എംപി സുബ്രഹ്മണ്യൻ സ്വാമി നൽകിയ ഹർജിയിലായിരുന്നു നടപടി. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ കൈമാറ്റത്തിൽ വഞ്ചനയും സാമ്പത്തിക തട്ടിപ്പും ആരോപിച്ചാണ് സുബ്രഹ്മണ്യൻ സ്വാമി ഹർജി നൽകിയത്.