- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈക്കോടതി ഉത്തരവിന് പിന്നാലെ ചിലർ ഇന്നലെ ഉച്ചയ്ക്ക് ഓഫീസിൽ എത്തി ഒപ്പിട്ടു; കോടതി ഇടപെടൽ പൊളിക്കുന്നത് ശമ്പളം വാങ്ങി പണിമുടക്കുന്ന ജോലി ചെയ്യാ ചതി; രണ്ട് ദിവസം ശമ്പളം കൊടുത്തില്ലെങ്കിൽ ആശ്വാസം ഖജനാവിനും; കടകൾ തുറക്കാൻ വ്യാപാരികൾ; പണിമുടക്കിന്റെ രണ്ടാം ദിനം സംഘർഷഭരിതമാകും
തിരുവനന്തപുരം: 'കോടതികൾക്കു സമരം തടയാനാകില്ല. സമരം തടഞ്ഞുകൊണ്ടുള്ള വിധിക്കെതിരെ സർക്കാർ ജീവനക്കാർക്കു മേൽക്കോടതിയെ സമീപിക്കാം.'-എൽഡിഎഫ് കൺവീനർ എ. വിജയരാഘവന്റെ ആഹ്വാനമാണ് ഇത്. ഹൈക്കോടതി കർശന നിർദ്ദേശം നൽകിയതോടെ, സർക്കാർ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നതു തടഞ്ഞു സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിനൊപ്പമാണ് വിജയരാഘവന്റെ ആഹ്വാനം എത്തുന്നത്. എന്നാൽ പണിമുടക്ക് നിരോധിക്കുകയല്ല ഹൈക്കോടതി ചെയ്തത്. പണിമുടക്കുകയും അവധിയോടെ ശമ്പളം വാങ്ങുകയും ചെയ്യുന്ന സർക്കാർ ജീവനക്കാരുടെ തട്ടിപ്പാണ് കോടതി ഇടപെടലിൽ പൊളിയുന്നത്.
ഹൈക്കോടതി ഇടപെടലോട് പണിമുടക്കിന്റെ രണ്ടാം ദിനമായ ഇന്നു ജോലിക്കെത്താത്തവർക്ക് ഡയസ്‌നോൺ ബാധകമാകും. അനിവാര്യ കാരണമില്ലാതെ അവധി അനുവദിക്കില്ല. അനധികൃതമായി ഹാജരാകാതിരുന്നാൽ ശമ്പളം നഷ്ടപ്പെടും. താൽക്കാലിക നിയമനം ലഭിച്ചവരാണെങ്കിൽ ജോലി നഷ്ടപ്പെടുമെന്നും ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയ് ഇറക്കിയ ഉത്തരവിൽ പറയുന്നു. ഇതോടെ താൽക്കാലിക ജോലിക്കാർക്ക് ജോലിക്ക് എത്തേണ്ടി വരും. സർക്കാർ ജീവനക്കാർ വീട്ടിലിരുന്നാൽ ശമ്പളം നഷ്ടമാകും. ഇങ്ങനെ രണ്ടു ദിവസം ശമ്പളം കൊടുക്കാതിരിക്കുമ്പോൾ ഖജനാവിനും ലാഭമുണ്ടാകും. 150 കോടിയെങ്കിലും ഇങ്ങനെ ലാഭിക്കാൻ കഴിയും.
സർക്കാർ ജീവനക്കാർക്ക് ഓഫിസിലെത്താൻ കലക്ടർമാരും കെഎസ്ആർടിസി എംഡിയും വാഹനസൗകര്യം ഏർപ്പെടുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. ഇക്കാര്യം ഹൈക്കോടതി പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. സർക്കാർ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നതു തടഞ്ഞ് ഉത്തരവിറക്കണമെന്നാണ് ചീഫ് ജസ്റ്റിസ് എസ്.മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചത്. പെരുമാറ്റച്ചട്ടപ്രകാരം ഒരു സമരത്തിലും പങ്കെടുക്കാൻ സർക്കാർ ജീവനക്കാർക്ക് അവകാശമില്ലെന്നും അവർ സമരത്തിൽ പങ്കെടുക്കുന്നതു തടയാൻ സർക്കാരിനു കടമയുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
സെക്രട്ടേറിയറ്റ് സെക്ഷൻ ഓഫിസറായി വിരമിച്ച ചന്ദ്രചൂഡൻ നായർ നൽകിയ പൊതുതാൽപര്യ ഹർജിയിലായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ജീവനക്കാർ പണിമുടക്കുന്നതു തടഞ്ഞു സർക്കാർ മുൻകൂർ നോട്ടിസ് പുറപ്പെടുവിച്ചില്ലെന്നും ഓഫിസിൽ ഹാജരാകാൻ വേണ്ട സംവിധാനം ഒരുക്കിയില്ലെന്നും കോടതി കുറ്റപ്പെടുത്തി. ഉത്തരവിനു പിന്നാലെ ഇന്നലെ ഉച്ചയ്ക്കുശേഷം തന്നെ ചിലയിടങ്ങളിൽ ജീവനക്കാർ ഓഫിസുകളിലെത്തി ഒപ്പിട്ടിരുന്നു. സെക്രട്ടേറിയറ്റിലെ 4824 ജീവനക്കാരിൽ 32 പേർ മാത്രമാണ് ഇന്നലെ ജോലിക്കു ഹാജരായത്.
ഇന്നും പണിമുടക്കുമെന്ന് എൻജിഒ യൂണിയൻ അറിയിച്ചു. ജോലിക്കെത്തുന്നവർക്ക് കലക്ടറും ജില്ലാ പൊലീസ് മേധാവിയും സംരക്ഷണം നൽകണമെന്നു ചീഫ് സെക്രട്ടറി നിർദേശിച്ചിട്ടുണ്ട്. ഇതോടെ ഓഫീസുകളിൽ സംഘർഷ സാഹചര്യം ഉണ്ടാകും.
കടകൾ ഇന്ന് തുറക്കും
തൊഴിലാളി സംഘടനകളുടെ 48 മണിക്കൂർ അഖിലേന്ത്യാ പണിമുടക്കിന്റെ ആദ്യദിനം കേരളം പൂർണമായി അടഞ്ഞുകിടന്നു. ബംഗാളിലും പണിമുടക്കു പൂർണമായിരുന്നു. ദേശീയതലത്തിൽ ഗതാഗത, ബാങ്കിങ് മേഖലകളെ പണിമുടക്കു ഭാഗികമായി ബാധിച്ചു. കേരളത്തിൽ വിവിധ ഭാഗങ്ങളിൽ അക്രമസംഭവങ്ങളും റിപ്പോർട്ട് ചെയ്തു. ജോലിക്കെത്തിയ കോതമംഗലം പിണ്ടിമന പഞ്ചായത്ത് സെക്രട്ടറി കെ. മനോജിനു സമരാനുകൂലികളുടെ ക്രൂര മർദനമേറ്റു. സിപിഎം ലോക്കൽ സെക്രട്ടറിയുൾപ്പെടെ രണ്ടുപേർ അറസ്റ്റിലായി.
കോഴിക്കോട് കൊയിലാണ്ടിയിലും എറണാകുളം പറവൂരിലും കട തുറന്നവർക്കു നേരെ അക്രമമുണ്ടായി. മലപ്പുറം തിരൂരിലും കൊല്ലം കൊട്ടാരക്കരയിലും ആശുപത്രിയിലേക്കു പോയവർ ആക്രമിക്കപ്പെട്ടു. ആലപ്പുഴ ന്മ സംസ്ഥാനത്ത് ഇന്നു കൂടുതൽ വ്യാപാര സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കുമെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് പി. കുഞ്ഞാവു ഹാജിയും ജനറൽ സെക്രട്ടറി രാജു അപ്‌സരയും അറിയിച്ചു. ട്രേഡ് യൂണിയനുകൾ ഉന്നയിക്കുന്ന ആവശ്യങ്ങളെ പിന്തുണയ്ക്കുന്നു. എന്നാൽ തുടർച്ചയായ കടയടയ്ക്കൽ വ്യാപാരികളെ പ്രതിസന്ധിയിലാക്കുമെന്നും ഇവർ പറഞ്ഞു. കൊച്ചിയിലെ ലുലു മാളിന് ഇളവ് കൊടുത്തത് വലിയ ചർച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് ചെറുകിട കച്ചവടക്കാരും കട തുറക്കുന്നത്.
എറണാകുളം ഇന്ന് സജീവമാകുമോ?
എറണാകുളം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങൾ ചൊവ്വാഴ്ച തുറന്നുപ്രവർത്തിപ്പിക്കുമെന്ന് വ്യാപാരിസംഘടനകൾ അറിയിച്ചു. തിങ്കളാഴ്ച എറണാകുളത്ത് മാളുകൾ ഉൾപ്പെടെ പ്രവർത്തിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് കേരള വ്യാപരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര അറിയിച്ചു. എന്നാൽ കടകൾ അടപ്പിക്കുമെന്ന നിലപാടിലാണ് യൂണിയനുകൾ.
തൊഴിലാളിസമരത്തിന്റെ പേരിൽ ചെറുകിട-ഇടത്തരം-വ്യാപാരസ്ഥാപനങ്ങളെ നിർബന്ധമായി അടപ്പിച്ചപ്പോൾ, കുത്തക മുതലാളിമാരുടെ മാളുകളും സൂപ്പർമാർക്കറ്റ് ശൃംഖലകളും തുറന്നുപ്രവർത്തിച്ചു. ഇത് ചെറുകിട-ഇടത്തരം വ്യാപാരസ്ഥാപനങ്ങളെ ഉന്മൂലനം ചെയ്യും. ഉപജീവനം കണ്ടെത്തുന്നതിനുള്ള മൗലികാവകാശത്തെ അടിയറവയ്ക്കാനാവില്ല. ലുലുമാളിന് ഇളവ് നൽകിയതാണ് ഈ ചർച്ചകൾക്ക് കാരണം.
ചൊവ്വാഴ്ച സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കുമെന്ന് വ്യാപാരി-വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ്, ജനറൽ സെക്രട്ടറി എ.ജെ. റിയാസ്, ട്രഷറർ സി.എസ്. അജ്മൽ, കേരള മർച്ചന്റ് ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് കെ.എം. മുഹമ്മദ് സഗീർ, ജനറൽ സെക്രട്ടറി സോളമൻ ചെറുവത്തൂർ, ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വിൻസെന്റ് ജോൺ, കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സി.ജെ. മനോഹരൻ, സെക്രട്ടറി കെ.ടി. റഹിം, ബേക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വിജേഷ് വിശ്വനാഥൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
മനോജിന് നേരെയുണ്ടായത് ക്രൂര മർദ്ദനം
പണിമുടക്കു ദിവസം ജോലിക്കെത്തിയ എറണാകുളം കോതമംഗലം പിണ്ടിമന പഞ്ചായത്ത് സെക്രട്ടറി കെ.മനോജിനെ സമരാനുകൂലികൾ ക്രൂരമായി മർദിച്ചു. മൂക്കിനു സാരമായി മുറിവേറ്റു. ഇന്നലെ ഉച്ചയോടെ പഞ്ചായത്ത് ഓഫിസിലെ സെക്രട്ടറിയുടെ മുറിയിലെത്തി നടത്തിയ ആക്രമണത്തിൽ അവിടെയുണ്ടായിരുന്ന 3 ബിജെപി പ്രവർത്തകർക്കും സുരക്ഷയ്ക്കായി വന്ന ഒരു പൊലീസുകാരനും പരുക്കേറ്റു. എല്ലാവരെയും താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സെക്രട്ടറിയുടെ സുരക്ഷയ്ക്കാണ് ബിജെപി പ്രവർത്തകർ എത്തിയതെന്നു സമരാനുകൂലികൾ ആരോപിച്ചു. എന്നാൽ, കരം അടയ്ക്കാൻ എത്തിയതാണെന്നാണ് ബിജെപി പ്രവർത്തകരുടെ വാദം. സംഭവത്തിൽ സിപിഎം ലോക്കൽ സെക്രട്ടറി ബിജു പി. നായർ, ലോക്കൽ കമ്മിറ്റി അംഗം ജെയ്‌സൺ ബേബി എന്നിവരെ അറസ്റ്റ് ചെയ്തു.
കോഴിക്കോട് കൊയിലാണ്ടിയിൽ കട തുറന്ന വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് കെ.പി.ശ്രീധരനു നേരെ സമരാനുകൂലികൾ നായ്ക്കുരണപ്പൊടി എറിഞ്ഞു മർദിച്ചു. ക്ഷേത്രത്തിൽ പോയ ശേഷം തിരികെ ഓട്ടോറിക്ഷയിൽ വന്ന കുടുംബത്തെ തടഞ്ഞ സമരാനുകൂലികൾ ഓട്ടോറിക്ഷയുടെ ചില്ലു തകർത്തു. മലപ്പുറം തിരൂരിൽ രോഗിയുമായി ജില്ലാ ആശുപത്രിയിലേക്കു പോയ ഓട്ടോ തടഞ്ഞ് ഡ്രൈവറെ മർദിച്ചു.
എറണാകുളം പറവൂർ തെക്കേനാലുവഴിക്കു സമീപം പ്രവർത്തിക്കുന്ന ഐസ്‌ക്രീം കടയിൽ എത്തിയ സമരക്കാർ കസേരകൾ തകർത്തു. കടയുടമയെയും ജീവനക്കാരനെയും കടയുടെ അകത്തിട്ടു പൂട്ടി. പൊലീസ് എത്തിയാണു തുറന്നുകൊടുത്തത്. വ്യാപാരികൾക്കു ഹൈക്കോടതി പൊലീസ് സംരക്ഷണം നൽകണമെന്ന് ഉത്തരവിട്ട കിഴക്കമ്പലം പള്ളിക്കരയിൽ കടകൾ തുറന്നു പ്രവർത്തിച്ചു. 2017 മുതൽ മേഖലയിലെ വ്യാപാരികൾ ഹർത്താൽ ദിവസങ്ങളിൽ കടകൾ തുറന്നു പ്രവർത്തിച്ചിരുന്നു. തൊഴിലാളികൾ പണിമുടക്കുന്നത് ഹൈക്കോടതി തടഞ്ഞ അമ്പലമുകൾ ബിപിസിഎൽ റിഫൈനറിയിൽ ജീവനക്കാരുമായി എത്തിയ വാഹനങ്ങൾ സമരക്കാർ ഗേറ്റിൽ തടഞ്ഞു. പൊലീസ് സംഘം എത്തിയാണ് കയറ്റിവിട്ടത്.
മറുനാടന് മലയാളി ബ്യൂറോ