കൊച്ചി: ഗുണ്ടകളുമായെത്തി ഭീഷണിപ്പെടുത്തി അമ്മയിൽനിന്നു ബലം പ്രയോഗിച്ചു വേർപെടുത്തി പിതാവ് വിദേശത്തേയ്ക്കു കടത്തിയ കുഞ്ഞുങ്ങളെ ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവ്. ഒറ്റപ്പാലം സ്വദേശിനിയുടെ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയോട് കേരള ഹൈക്കോടതി ഉത്തരവിട്ടത്.

അമേരിക്കയിലായിലാണ് ഇതു ചെയ്തതെങ്കിൽ പ്രതി പുറംലോകം കാണുകയില്ലായിരുന്നുവെന്ന് കേസ് പരിഗണിക്കുന്നതിനിടെ കോടതി പറഞ്ഞു. ജഡ്ജിമാരായ കെ.വിനോദ് ചന്ദ്രൻ, സി.ജയചന്ദ്രൻ എന്നിവരുടെ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. അമേരിക്കയിൽ ജോലി ചെയ്യുന്ന കോട്ടയം അരുവിക്കുഴി സ്വദേശിയായ 38കാരനെതിരെയാണു ഭാര്യ പരാതി നൽകിയിരിക്കുന്നത്.

കഴിഞ്ഞ അഞ്ചാം തീയതി ഇയാൾ ഒറ്റപ്പാലത്തെ വീട്ടിലെത്തി ബഹളം വച്ചതിന്റെ പശ്ചാത്തലത്തിൽ പട്ടാമ്പി പൊലീസിലും, ഒറ്റപ്പാലം പൊലീസിലും പരാതി നൽകിയെങ്കിലും കേസെടുക്കാൻ തയാറായില്ല. സിഐ പറഞ്ഞതിനാൽ കേസെടുത്തില്ലെന്നാണ് അറിഞ്ഞതെന്നു പരാതിക്കാരി പറയുന്നു. തൊട്ടടുത്ത ദിവസം ഗുണ്ടകളുമായി എത്തിയ ഇയാൾ കുഞ്ഞുങ്ങളെ പിടിച്ചുവലിച്ചു കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. ഇക്കാര്യം കാണിച്ചു നൽകിയ പരാതിയിലും നടപടിയുണ്ടായില്ല.

യുഎസ് പാസ്പോർട്ടുള്ള ആറും മൂന്നും വയസ്സുള്ള പെൺകുട്ടികളുടെയും ഭാര്യയുടെയും യാത്രാരേഖകൾ ഇയാളുടെ പക്കലാണ് ഉണ്ടായിരുന്നത്. എട്ടാം തീയതി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പിറ്റേന്നു പരിഗണിക്കുമ്പോൾ ഇതു സംബന്ധിച്ച റിപ്പോർട്ടു നൽകാൻ പാലക്കാട് ജില്ലാ പൊലീസ് സൂപ്രണ്ടിനോടു കോടതി നിർദേശിച്ചു. ഇയാൾ കുഞ്ഞുങ്ങളുമായി നാടുവിട്ടു പോയ വിവരം കാണിച്ചു കഴിഞ്ഞയാഴ്ച ജില്ലാ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു.

കോടതി കേസ് പരിഗണിക്കുന്നതിനു മുൻപുതന്നെ ഇയാൾ രാജ്യം വിട്ടിരുന്നു എന്നാണ് പൊലീസ് കണ്ടെത്തൽ. സ്ത്രീയുടെ പാസ്പോർട്ട് നൽകാതെയാണു പോയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര വകുപ്പിനെ സ്വമേധയാ കക്ഷി ചേർത്ത കോടതി, ഹോം സെക്രട്ടറിയോടു കുട്ടികളെ കോടതിയിൽ ഹാജരാക്കാൻ നിർദേശിക്കുകയായിരുന്നു.