- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദീപക് ശങ്കരനാരായണന്റെ പണി കളഞ്ഞ ഫേസ്‌ബുക്ക് പോസ്റ്റ്; കോപ്പിയടി പോസ്റ്റ് വിവാദത്തിൽ ദീപാ നിശാന്തിനും തിരിച്ചടി; 'ഭീഷണി' വാദങ്ങൾ ഹൈക്കോടതി തള്ളി; കെട്ടിച്ചമച്ച കേസെന്ന ബിജുവിന്റെ ഹർജിയിൽ തുടർ നടപടികൾ തടഞ്ഞ് കോടതി
കൊച്ചി: ഫേസ്‌ബുക്ക് പോസ്റ്റിലൂടെ തന്നെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് ഇടതു സഹയാത്രികയും കോളേജ് അദ്ധ്യാപികയുമായ ദീപാ നിശാന്ത് നൽകിയ പരാതിയിൽ എടുത്ത കേസിലെ തുടർ നടപടികൾ റദ്ദാക്കി ഹൈക്കോടതി. തൃശ്ശൂർ വെസ്റ്റ് പൊലീസ് എടുത്ത കേസിനെതിരേ തിരുവനന്തപുരം സ്വദേശി ബിജു നായരുടെ ഹർജിയിലാണ് ജസ്റ്റിസ് പി. ഗോപിനാഥ് ദീപാ നിശാന്തിന്റെ വാദം തള്ളിയത്. ഫേസ്‌ബുക്ക് പോസ്റ്റിട്ട് ഭീഷണിപ്പെടുത്താൻ ശ്രമിച്ചെന്നാണ് അദ്ധ്യാപിക പരാതിയിൽ ആരോപിച്ചിരുന്നത്.
2018 ആണ് കേസിന് ആസ്പദമായ സംഭവം ഉണ്ടാകുന്നത്. മോദി സർക്കാരിനും ബിജെപിക്കും വോട്ട് ചെയ്ത വോട്ടർമാരെ അപമാനിച്ചുകൊണ്ട് എച്ച്.പി. ഇന്ത്യ ജീവനക്കാരനായിരുന്ന ദീപക് ശങ്കരനാരായണൻ ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഈ പോസ്റ്റ് ദീപ നിശാന്ത് അതേപടി കോപ്പിയടിച്ച് പോസ്റ്റിയിരുന്നു. പോസ്റ്റ് വിവാദമായതോടെ എച്ച്.പി. കമ്പനി തന്നെ രംഗത്ത് എത്തുകയും തങ്ങളുടെ നിലപാടല്ല ദീപക് ശങ്കരനാരായണൻ പറഞ്ഞതെന്ന് വ്യക്തമാക്കുകയും ഇയാളെ ജോലിയിൽ നിന്നും പിരിച്ച് വിടുകയും ചെയ്തിരുന്നു.
ദീപക് ശങ്കരനാരായണൻ പോസ്റ്റ് പിൻവലിച്ചിട്ടും ദീപ നിശാന്ത് ഈ അധിക്ഷേപ പരാമർശങ്ങൾ അടങ്ങിയ പോസ്റ്റ് നിലനിർത്തി. ഇതേത്തുടർന്ന് ദീപാ നിശാന്തിനെതിരേ നിയമനടപടിക്ക് താൻ മുൻകൈയെടുക്കും എന്നതരത്തിൽ ബിജു ഫേസ്‌ബുക്കിൽ ഒരു പോസ്റ്റിട്ടു. ഇതിലൂടെ തന്നെ ഭീഷണിപ്പെടുത്തുകയാണെന്നുകാട്ടിയാണ് ബിജുവിനെതിരേ ദീപാ നിശാന്ത് പരാതിനൽകിയത്. ഈ പരാതിക്കെതിരെ നിയമപരമായി തന്നെ ബിജു നീങ്ങി. കെട്ടിച്ചമച്ച കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിൽ ഹർജിനൽകി. ഈ ഹർജിയിലാണ് കേസിന്റെ തുടർ നടപടികൾ ഹൈക്കോടതി തടഞ്ഞത്. യാതൊരു അടിസ്ഥാനവുമില്ലാത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ബിജു ഹർജിനൽകിയത്.
ജോലി തെറിപ്പിച്ച ഒരു ഫേസ്‌ബുക്ക് പോസ്റ്റ്
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായി ഇടപെടുന്ന ആളാണ് ദീപക് ശങ്കരനാരായണൻ. സിപിഎം ആഭിമുഖ്യം പുലർത്തുന്ന ദീപക്, സംഘപരിവാറിന്റെ രൂക്ഷവിമർശകൻ കൂടിയായിരുന്നു. കത്വ വിഷയത്തിൽ തുടർച്ചയായി സംഘപരിവാറിനെ വിമർശിച്ചുപോന്ന ദീപകിന്റെ ഒരു പോസ്റ്റ് ആണ് വിവാദങ്ങൾക്ക് വഴിവച്ചത്.
'നീതി നിർവ്വഹണത്തിന് തടസ്സം നിൽക്കുന്നപക്ഷം, ഹിന്ദു ഭീകരവാദത്തിന് വോട്ട് ചെയ്ത ആ 31 ശതമാനത്തിനെ, സെക്കൻഡ് വേൾഡ് വാർ കാഷ്വാലിറ്റിയുടെ ഏഴിരട്ടിയെ, വെടിവച്ച് കൊന്നിട്ടായാലും നീതി പുലരണം'- ദീപകിന്റെ പോസ്റ്റിലെ ഈ വരികളാണ് സംഘപരിവാർ അനുകൂലികൾക്ക് പ്രകോപനം സൃഷ്ടിച്ചത്. ബിജെപിക്ക് വോട്ട് ചെയ്തവരെ വെടിവച്ച് കൊല്ലണം എന്ന് ദീപക് നാരായണൻ ആഹ്വാനം ചെയ്തു എന്നാണ് ആക്ഷേപം.
ഒരു ബഹുരാഷ്ട്ര കന്പനിയിലെ ജീവനക്കാരനായ ദീപക്കിനെതിരെയുള്ള പ്രതിഷേധം അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് വാളിൽ മാത്രം ഒതുങ്ങി നിന്നില്ല. എച്ച്പി ഇന്ത്യയിൽ ജോലി ചെയ്യുന്ന ആൾ എന്ന് കരുതി എച്ച്പിയുടെ ഫേസ്‌ബുക്ക്, ട്വിറ്റർ പേജുകളിൽ ദീപക്കിനെതിരെ കടുത്ത ആരോപണങ്ങളുമായി സംഘപരിവാർ അനുകൂലികൾ രംഹത്ത് വരികയായിരുന്നു. ദീപക്കിനെ ജോലിയിൽ നിന്ന് പുറത്താക്കണം എന്നതാണ് ഇവരുടെ ആവശ്യം. ദീപക്കിനെതിരെയുള്ള കാമ്പയിനിൽ അന്ന് ബിജെപി ദേശീയ വക്താവായിരുന്ന മീനാക്ഷി ലേഖി ഏറ്റെടുത്തിരുന്നു.
ബിജെപിക്ക് വോട്ട് ചെയ്ത 31 ശതമാനം ഇന്ത്യക്കാരെ വെടിവച്ച് കൊല്ലാൻ ദീപക് ശങ്കരനാരായണൻ ആഹ്വാനം ചെയ്തു എന്നാണ് സംഘപരിവാർ അനുകൂലികളുടെ ആക്ഷേപം.
മാത്രമല്ല, അതിന്റെ ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കി സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രചരിപ്പിക്കുന്നും ഉണ്ട്. ദീപക് പറഞ്ഞതിന്റെ വാച്യാർത്ഥം മാത്രം എടുത്തുകൊണ്ടാണ് ഈ പ്രചാരണം. ദേശീയ തലത്തിൽ വലിയ വിവാദമാണ് സൃഷ്ടിച്ചത്
മറുനാടന് മലയാളി ബ്യൂറോ