കൊച്ചി: നിയമ വിദ്യാർത്ഥിനിയെ അപകീർത്തിപ്പെടുത്തിയ മതപ്രഭാഷകൻ മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി നൗഷാദ് അഹ്സനിയുടെ ഹരജി ഹൈക്കോടതി തള്ളി. പൊതുവേദിയിൽ വച്ച് നിയമവിദ്യാർത്ഥിനിയെ അപകീർത്തിപ്പെടുത്തി പ്രസംഗിച്ചതിന് ഇയാൾക്കെതിരെ കുന്ദമംഗലം പൊലീസ് കേസെടുത്തിരുന്നു. കേസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് നൗഷാദ് അഹ്സനി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹരജി തള്ളുകയും ഇദ്ദേഹത്തിനെതിരെ പ്രത്യേക അന്വേഷണം ഊർജ്ജിതമാക്കണമെന്നും ജസ്റ്റിസ് വി വിജയരാഘവൻ ആവശ്യപ്പെട്ടു. 2016 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

മതപ്രഭാഷകനായി അറിയപ്പെടുന്ന ഇദ്ദേഹം മർക്കസ് ലോകോളേജിലെ നിയമ വിദ്യാർത്ഥിനി കേരള ധനകാര്യ മന്ത്രി ഡോ.തോമസ് ഐസകിൽ നിന്ന് ഹസ്തദാനം സ്വീകരിച്ചതിനെ അശ്ലീല പദങ്ങൾ ഉപയോഗിച്ച് പ്രസംഗങ്ങളിൽ വിവരംക്കുകയായിരുന്നു. മർക്കസ് ലോ കോളേജ് രണ്ടാം വർഷ നിയമ വിദ്യാർത്ഥിയാണ് പരാതിക്കാരി. അപകീർത്തിപ്പെടുത്തിയതായും പ്രഭാഷണത്തിനിടെ മോശമായി ചിത്രീകരിക്കുകയും ചെയ്തതായി ചൂണ്ടിക്കാട്ടിയാണ് വിദ്യാർത്ഥിനി കുന്ദമംഗലം പൊലീസിൽ പരാതി നൽകിയിരുന്നത്.

പെൺകുട്ടി പഠിക്കുന്ന സ്ഥാപനത്തിൽ ഒരു പരിപാടിക്കെത്തിയ ധനമന്ത്രി തോമസ് ഐസക്ക് സമ്മാനം കൊടുക്കുന്നതിനിടെ ഷെയ്ക്ക് ഹാന്റ് നൽകിയിരുന്നു. ഇത് ശരീഅത്ത് വിരുദ്ധമാണെന്നും ലൈഗിക ചുവയോടെ മോശമായി ചിത്രീകരിക്കുന്നതുമായിരുന്നു നൗഷാദ് അഹ്സനിയുടെ പ്രഭാഷണം. മതപ്രഭാഷണം എന്ന പേരിൽ ഇത് പരസ്യമായി പ്രസംഗിക്കുകയുമായിരുന്നു അദ്ദേഹം. പരസ്യ പ്രസംഗം മാനസികമായി പ്രയാസമുണ്ടാക്കിയതായും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പെൺകുട്ടി വ്യക്തമാക്കിയിരുന്നു.

മലപ്പുറം കോട്ടക്കൽ സ്വദേശിയായ നൗഷാദ് അഹ്സനി നേരത്തെ എപി സുന്നി വിഭാഗത്തിലെ പ്രമുഖ പ്രഭാഷകനായിരുന്നു. എപി വിഭാഗത്തിന് വേണ്ടി നിരവധി ഖണ്ഡന പ്രഭാഷണങ്ങളിലും സംവാദങ്ങളിലും സജീവമായിരുന്നു അദ്ദേഹം. പിന്നീട് എ.പി വിഭാഗം പുറത്താക്കിയതോടെ കൂടുതൽ യാഥാസ്ഥിതിക നിലപാടുമായി ഖാദിമുസുന്ന എന്ന പേരിൽ പുതിയ സംഘടന രൂപീകരിച്ച് പ്രവർത്തനം നടത്തി വരികയായിരുന്നു നൗഷാദ് അഹ്‌സനി.

കേരളാ പൊലീസ് ആക്ട് 119(മ) വകുപ്പനുസരിച്ചും സ്ത്രകൾക്കെതിരെ അപമനിച്ചതിനുമാണ് ഇദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പ്രതിപക്ഷ ബഹുമാനമില്ലാതെ മോശമായ വാക്കുൾ ഉപയോഗിച്ച് പ്രസംഗം നടത്തുന്ന നൗഷാദ് അഹ്സനിക്കെതിരെ വ്യാപക പരാതിയുണ്ട്. മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഇദ്ദേഹത്തിന്റെ പ്രസംഗം പൊലീസും സ്പെഷൽ ബ്രാഞ്ചും ഇടപെട്ട് നിർത്തി വച്ചിരുന്നു.