കൊച്ചി: നാൽപതുവർഷമായി ഉപയോഗിക്കുന്ന കളിസ്ഥലം സംരക്ഷിക്കാൻ പെടാപ്പാടുപെടുകയാണ് കളമശ്ശേരി കുറ്റിക്കാട്ടുകര സ്വദേശികൾ. ഹിൻഡാൽക്കോ കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം ഇപ്പോൾ ചുറ്റുമതിൽ കെട്ടി സംരക്ഷിച്ച് സോളാർപാനലുകൾ സ്ഥാപിക്കാൻ ഒരുങ്ങുകയാണ്. ഇതിനെതിരെയാണ് നാട്ടുകാർ സമരപരിപാടിയുമായി മുന്നിൽ നിൽക്കുന്നത്. ഏലൂർ മുൻസിപ്പാലിറ്റിയിൽ കുറ്റിക്കാട്ടുകരയിൽ 13,14,15 വാർഡുകളിലെ ജനങ്ങൾ കഴിഞ്ഞ ഒരുവർഷത്തിലേറെയായി ഇവിടെ സമരത്തിലാണ്. അലുപുരം ജനകീയ സമരസമിതിയുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്.

കളിസ്ഥലം നിലനിർത്തുക എന്ന ആവശ്യവുമായി നിരവധി ജന പ്രതിനിധികളുടെ മുന്നിൽ എത്തിയെങ്കിലും ആരും തിരിഞ്ഞു നോക്കുന്നില്ല. സമീപത്തെ നിരവധിക്കുട്ടികളുടെ ഏക കളിസ്ഥലമാണിത്. കൂടാതെ വർഷങ്ങളായി നിരവധി ഫുഡ്ബോൾ, വോളീബോൾ, ക്രിക്കറ്റ് ടൂർണ്ണമെന്റുകൾ നടക്കുന്ന സ്ഥമാണിത്. ഐ.എം വിജയനുൾപ്പെടെ നിരവധി പ്രതിഭകൾ ഇവിടെ കളിക്കുവാനായി എത്തിയിട്ടുണ്ട്. നിരവധി ഡിപ്പാർട്ട്മെന്റൽ കളിക്കാരെയും ഇവിടെ നിന്നും സമ്മാനിച്ചിട്ടുണ്ട്. അങ്ങനെയൊരു കളിസ്ഥലം ഇല്ലാതാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

നൂറ്റി അൻപതോളം ഏക്കറിൽ പരന്ന് കിടക്കുന്ന ഹിൻഡാൽക്കോ അലൂമിനിയം ഫാക്ടറിയുടെ അലുപുരത്തെ ഗ്രൗണ്ട് ജനങ്ങൾക്ക് ഉപയോഗിക്കാനായി നൽകിയിരുന്നത്ാണ്. അതാണ് ഇപ്പോൾ അടച്ചു പൂട്ടി സോളാർ പാനൽ സ്ഥാപിക്കാൻ ഒരുങ്ങുന്നത്. കമ്പനിക്ക് പുറക് വശത്തായി തരിശായി കിടക്കുന്ന സ്ഥലത്ത് സോളാർ പാനൽ സ്ഥാപിക്കാൻ കഴിയും എന്നാൽ അതിന് ശ്രമിക്കാതെ കളിസ്ഥലം ഇതിനായി ഉപയോഗിക്കാൻ ശ്രമിക്കുന്നത് കുറച്ചു നാളുകൾക്ക് ശേഷം മറിച്ചു വിൽക്കാനാണെന്നാണ് നാട്ടുകാർ പറയുന്നത്. അത് കൂടാതെ കളിസ്ഥലം നിൽക്കുന്ന സ്ഥലം ഗ്രീൻബെൽട്ട് മേഖലകൂടിയാണ്.

ഇവിടെ നേരത്തെയുണ്ടായിരുന്ന ഗ്രീൻബെൽട്ട് പദ്ധതിയുടെ ഭാഗമായി വെച്ചുപിടിപ്പിച്ചിരുന്ന മരങ്ങൾ കമ്പനി അധികൃതർ വെട്ടി നശിപ്പിക്കുകയും ഗ്രൗണ്ടിനോട് ചേർന്നുള്ള സ്ഥലത്ത് സോളാർ പാനൽ സ്ഥാപിക്കുകയും ചെയ്തിരുന്നു. കമ്പനി നടത്തിപ്പിന്റെ ഭാഗമായുള്ള ചട്ടങ്ങളിൽ പബ്ലിക്കിന് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ചെയ്തുകൊടുക്കണമെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടുള്ളതാണ് ഈ ഗ്രൗണ്ടും. കമ്പനി കൈവശപ്പെടുത്തിയിരിക്കുന്ന നൂറ്റി അൻപതിൽപരം ഏക്കറിൽ പത്തേക്കറോളം സ്ഥം പുറമ്പോക്കുണ്ട്.

കമ്പനി ഈ സ്ഥലം അളന്ന് തിട്ടപ്പെടുത്തിയതിന് ശേഷം പുറമ്പോക്ക് ഭൂമിക്ക് പകരമായി ഗ്രൗണ്ട് പൊതു സ്ഥലമാക്കി ജനങ്ങൾക്ക് നൽകണമെന്നാണ് ആവശ്യം. എന്നാൽ കമ്പനി അധികൃതർ ഇതിന് തയ്യാറല്ല. ഗ്രൗണ്ട് കെട്ടിയടക്കാൻ മതിൽ പണിത സമയം നാട്ടുകാർ സംഘടിച്ചെത്തി തടഞ്ഞിരുന്നു. അന്ന് കമ്പനി പ്രവർത്തനം തടസ്സപ്പെടുത്തി എന്ന് കാട്ടി കോടതിയിൽ നിന്നും ഏതാനം ചില നാട്ടുകാർക്ക് എതിരെ ഇൻജഷൻ ഓർഡർ വാങ്ങിയിരുന്നു.

വീണ്ടും പ്രതിഷേധം ജനങ്ങൾ നടത്തിയതോടെ ചുറ്റുമതിൽ നിർമ്മാണം കമ്പനി നിർത്തിവച്ചു. എന്നാൽ കഴിഞ്ഞ ദിവസം വീണ്ടും നിർമ്മാണം തുടങ്ങിയതോടെ നാട്ടുകാർ തടഞ്ഞു. സ്ഥലത്തെ ബിജെപി, എസ്.ഡി.പി നേതൃത്വം പരസ്യ പിൻതുണയുമായെത്തി. തൊട്ടു പിന്നാലെ സിപിഎം കൂടി എത്തി. ഇതോടെ സമരം കൂബടുതൽ ശക്തി പ്രാപിക്കുകയാണ്. ഗ്രൗണ്ട് സംരക്ഷിക്കവാനായി ഏതറ്റം വരെ പോകാനും ജനങ്ങൾ തയ്യാറാണെന്ന് സമരസമിതി നേതാക്കൾ മറുനാടൻ മലയാളിയോട് പറഞ്ഞു.