കൊച്ചി: ഇതര സംസ്ഥാനത്തൊഴിലാളികൾ ഇപ്പോൾ കേരളത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. എല്ലാ മേഖലയിലും ഇവർ സ്വാധീനം ഉറപ്പിക്കുകയും ചെയ്തു. എന്നാൽ, ദൈവവിശ്വാസമുള്ളവർ ഇവരുടെ കൂട്ടത്തിലും ഉണ്ടാകില്ലേ. അവർക്ക് പ്രാർത്ഥിക്കാൻ നമ്മുടെ നാട്ടിൽ അവസരമുണ്ടോ.

ഇതാ, ഈ പ്രശ്‌നത്തിനു പരിഹാരം കണ്ടിരിക്കുകയാണു കൊച്ചിയിലെ ഒരു ദേവാലയം. കലൂരിലെ പ്രശസ്തമായ സെന്റ് ആന്റണീസ് ദേവാലയമാണ് ഇതരസംസ്ഥാന തൊഴിലാളികൾക്കും പ്രാർത്ഥനയ്ക്കായി അവസരം ഒരുക്കിയിരിക്കുന്നത്.

ഞായറാഴ്ചകളിൽ ഹിന്ദിയിലും കുർബാന ഒരുക്കിയാണ് ഇതരസംസ്ഥാന തൊഴിലാളികളോടുള്ള അനുഭാവം പള്ളി അധികൃതർ തെളിയിച്ചത്. ഏകദേശം 20 ലക്ഷം ഇതരസംസ്ഥാനത്തൊഴിലാളികളാണ് എറണാകുളം ജില്ലയിൽ ഉള്ളതെന്നാണു കണക്ക്. ഇതാദ്യമായാണു നഗരപരിധിയിൽ ഉള്ള ഒരു ദേവാലയം ഇതര സംസ്ഥാനത്തൊഴിലാളികൾക്കായി ഹിന്ദിയിൽ കുർബാന ഒരുക്കുന്നത്. എല്ലാ ഞായറാഴ്ചയും വൈകിട്ടു മൂന്നിനാണു കുർബാന ഒരുക്കിയിട്ടുള്ളത്.

ഏറെ നാളത്തെ ചർച്ചകൾക്കൊടുവിലാണ് ഇതരസംസ്ഥാന തൊഴിലാളികൾക്കും പ്രാർത്ഥനയ്ക്ക് അവസരമൊരുക്കാൻ തീരുമാനിച്ചതെന്ന് ദേവാലയ അധികൃതർ പറഞ്ഞു. ഇവരുടെ കാര്യങ്ങൾ പഠിക്കാനായി പ്രത്യേകം കമ്മീഷനും രൂപം നൽകിയിട്ടുണ്ട്.

നവംബർ 29നായിരുന്നു ആദ്യമായി ഹിന്ദിയിൽ കുർബാന ഒരുക്കിയത്. ഹിന്ദി ഗാനങ്ങൾ ആലപിക്കുന്ന പ്രാർത്ഥനാസംഘത്തിനും തുടക്കം കുറിച്ചിട്ടുണ്ട്. ഹിന്ദി കുർബാനയുടെ കാര്യം പരമാവധി വിശ്വാസികളെ അറിയിക്കണമെന്ന് മറ്റു ദേവാലയങ്ങളിലും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രാർത്ഥിക്കാനുള്ള സൗകര്യം മാത്രമല്ല, ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള വൈദ്യ-നിയമസഹായത്തിനും അവസരമുണ്ടാക്കുമെന്ന് കമ്മിഷൻ വ്യക്തമാക്കി. വിദഗ്ധ ഡോക്ടർമാരുടെയും നിയമജ്ഞരുടെയും പാനൽ ഇതിനായി തയ്യാറാക്കിയിട്ടുണ്ട്.

വൈദ്യസഹായത്തിന് ഇൻഷുറൻസും അടിയന്തരഘട്ടങ്ങളിൽ ചികിത്സയും നൽകാൻ ധാരണയായിട്ടുണ്ട്. ക്രിസ്മസ് കാലത്ത് വിവിധ പള്ളികളിൽ ഹിന്ദിയിൽ കുർബാനയ്ക്ക് അവസരമൊരുക്കുമെന്നും സൂചനയുണ്ട്. പെരുമ്പാവൂർ സെന്റ് ജോർജ് ദേവാലയത്തിൽ ഒറിയയിൽ കുർബാന കൊള്ളാനും ഇതരസംസ്ഥാനത്തൊഴിലാളികൾക്ക് അവസരമുണ്ട്.