കണ്ണൂർ: മതത്തിന്റെ വേലിക്കെടുക്കൾ തകർത്ത് പ്രണയ വിവാഹിതരായി എന്ന കാരണത്താൽ തീവ്ര മുസ്ലിം മതമൗലികവാദികളുടെ കണ്ണിലെ കരടായി മാറിയ കോഴിക്കോട്ടെ യുവദമ്പതികൾ അൻഷിദയുടെയും ഗൗതമിന്റെയും കഥ മറുനാടൻ മലയാളി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഈ മുസ്ലിം-ഹിന്ദു വിവാഹത്തിന്റെ പേരിൽ സൈബർ ലോകത്തു നിന്നുമായിരുന്നു ഇവർക്ക് കടുത്ത ഭീഷണി നേരിടേണ്ടി വന്നത്. ജീവന് പോലും ഭീഷണിയാകുന്ന ഘട്ടത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരാണ് ഇവരെ സഹായിക്കാൻ എത്തിയത്. ഇപ്പോൾ സമാനമായ അവസ്ഥയിലാണ് കണ്ണൂർ ജില്ലയിലെ പയ്യന്നൂരിലെ യുവദമ്പതികൾ. പ്രണയിച്ചു വിവാഹം കഴിച്ചു എന്ന കാരണത്താൽ ഇവരുടെ പേരിൽ ഫേസ്‌ബുക്കിലൂടെ ഇല്ലാക്കഥകൾ പ്രചരിപ്പിക്കുകയാണ് ഒരുകൂട്ടം വർഗീയവാദികൾ.

കുഞ്ഞിമംഗലം അബ്ദുൾ ലത്തീഫിന്റെ മകൾ മുബഷിറ(21)ഉം കുഞ്ഞിമംഗലം സ്വദേശിയായ രാഹുൽ (23)മാണ് പ്രണയവിവാഹത്തിന്റെ പേരിൽ ഫേസ്‌ബുക്കിലെ തീവ്രവാദികളുടെ നോട്ടപ്പുള്ളിയായത്. ഇവരുടെ ചിത്രങ്ങൾ സഹിതം ഫോട്ടോഷോപ്പിന്റെ സഹായത്തോടെ ഇല്ലാക്കഥകൾ പ്രചരിപ്പിക്കുയാണ് ഫേസ്‌ബുക്കിലെ ചില ഗ്രൂപ്പുകാർ. 'പൂജാരിയോടൊപ്പം ഒളിച്ചോടിയ പെൺകുട്ടി പീഡനം മൂലം വീട് വിട്ടിറങ്ങി. തെരുവിൽ പട്ടിയുടെ കടിയേറ്റ പെൺകുട്ടിക്ക് അമ്മാവൻ അഭയം നൽകി' എന്നും എഴുതികൊണ്ടുള്ള പോസ്റ്റർ തയ്യറാക്കിയാണ് മതമൗലികവാദികൾ ആക്രമണം അഴിച്ചുവിടുന്നത്. ഹിന്ദു യുവാവിനെ മുസ്ലിം പെൺകുട്ടി വിവാഹം കഴിച്ചതു തന്നെയാണ് ഇവരുടെ പ്രധാന പ്രശ്‌നം. ഫോട്ടോഷോപ്പിൽ പ്രചരിപ്പിക്കുന്ന പോസ്റ്ററിന്റെ താഴെ ഇരുവരെയും രൂക്ഷമായി അധിക്ഷേപിച്ചുകൊണ്ടുള്ള കമന്റുകളുമുണ്ട്.

പരസ്പ്പരം വർഗീയത വളർത്തുന്ന വിഷധത്തിലാണ് ഫേസ്‌ബുക്കിൽ ഇവരെ കുറിച്ചുള്ള ചർച്ചകൾ നടക്കുന്നത്. ഒരു വശത്ത് തീവ്രചിന്താഗതിയുള്ള മുസ്ലീങ്ങൾ രംഗത്തെത്തിയപ്പോൾ യുവാവിനെ അനുകൂലിച്ചുകൊണ്ട് സംഘപരിവാർ അനുയായികളും രംഗത്തെത്തി. ഇതോടെ പരസ്പ്പരം തെറിവിളികളാണ് കൊഴുക്കുന്നത്. ദ്വീർഘകാലമായി പ്രണയത്തിലായിരുന്നു മുബഷിറയും രാഹുലും. മറ്റൊരു വിവാഹം നിശ്ചയിച്ച വേളയിലായിരുന്നു മുബഷിറ രാഹുലിനൊപ്പം പോയത്. തുടർന്ന് മുബഷിറയുടെ പിതാവ് പയ്യന്നൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പിന്നീട് പയ്യന്നൂർ പൊലീസ് സ്‌റ്റേഷനിൽ ഹാജരായി, കോടതിയുടെ അനുമതിയോടെ വിവാഹിതരാകുകയും ചെയ്തു.

എന്നാൽ, പൂജാരിക്കൊപ്പം ഒളിച്ചോടി എന്ന വിധത്തിലാണ് ഇവരുടെ പ്രണയവിവാഹത്തെ സൈബർ ലോകത്ത് തീവ്രവാദികൾ പ്രചരിപ്പിച്ചത്. മതംമാറ്റൽ ലക്ഷ്യത്തോടെയാണെന്ന വിധത്തിലും പ്രചരിപ്പിച്ചു. എന്നാൽ, താൻ പൂജാരിയല്ല, അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്യുന്ന ആളാണെന്നുമാണ് രാഹുൽ പറയുന്നത്. പൂജാരിയെന്ന വിധത്തിൽ ഫേസ്‌ബുക്കിൽ പ്രചരിപ്പിക്കുന്ന കള്ളക്കഥകൾ തെറ്റാണെന്നും യുവാവ് പറയുന്നു. ചില പ്രമുഖ പ്രാസംഗികർ ഇതേക്കുറിച്ച് എതിർത്ത് സംസാരിച്ചു എന്ന വിധത്തിൽ വീഡിയോകൾ ഉണ്ടാക്കിയും മൗലികവാദികൾ ഫേസ്‌ബുക്കിൽ വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു.

ഇതിന്റെ തുടർച്ചയായാണ് പീഡനം മൂലം പെൺകുട്ടി വീടു വിട്ടിറങ്ങിയെന്ന വിധത്തിലും വാർത്തകൾ വന്നത്. എന്നാൽ, ഇതൊക്കെ കുപ്രചരണങ്ങളാണെന്നാണ് രാഹുൽ പറയുന്നത്. 'വിവാഹത്തിന് ശേഷം പെൺവീട്ടുകാരിൽ നിന്നും ചെറിയ എതിർപ്പുണ്ടായിരുന്നു. മറ്റൊന്നും സംഭവിച്ചിട്ടില്ല. പ്രദേശത്തെ മതനേതാക്കളിൽ നിന്നോ നാട്ടുകാരിൽ നിന്നും രാഷ്ട്രീയ സംഘടനകളിൽ നിന്നോ ഭീഷണിയും ഉണ്ടായിട്ടില്ലെ. മുബഷിറ വീടുവിട്ടിറങ്ങിയ ശേഷം രണ്ട് ദിവസം മാറിനിന്നിരുന്നു. തുടർന്ന് പയ്യന്നൂർ പൊലീസ് സ്‌റ്റേഷനിൽ ഹാജരാകുകയും കോടതിയുടെ അനുമതിയോടെ വിവാഹിതരാകുകയുമായിരുന്നു. ഇപ്പോൾ, സന്തുഷ്ട ജീവിതമാണ് ഞങ്ങൾ നയിക്കുന്നത്-രാഹുൽ വ്യക്തമാക്കി.

രാഷ്ട്രീയമായി ഡിവൈഎഫ്‌ഐയോട് അനുഭാവമുണ്ട്. എന്നാൽ, സജീവ പ്രവർത്തകനല്ല. തന്റെ വീട്ടിൽ തന്നെയാണ് താമസം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് പോലെ പട്ടികടിക്കുകയോ വേർപിരിയുകയോ ഉണ്ടായിട്ടില്ലെന്നും രാഹുൽ വ്യക്തമാക്കുന്നു.