തിരുവനന്തപുരം: കേരളത്തിൽ സംഘപരിവാർ ഹിന്ദു നിധി ബാങ്കുകൾ ആരംഭിക്കുന്നു എന്ന വാർത്തയെ ചൊല്ലിയുള്ള തർക്കങ്ങൾ അവസാനിക്കുന്നില്ല. ബാങ്കിനെ പറ്റിയുള്ള തർക്കങ്ങൾക്ക് ആദ്യം തിരികൊളുത്തിയത് മുൻധനകാര്യമന്ത്രി ഡോ. തോമസ് ഐസക്കായിരുന്നു. അത്തരം ബാങ്കുകളോട് യാതൊരു സഹകരണവും പാടില്ലെന്ന സിപിഎം സർക്കുലറിനെതിരെ സംഘപരിവാർ സംഘടനകൾ മുന്നോട്ടുവന്നിരുന്നു.

നിരവധി മാധ്യമങ്ങളടക്കം സിപിഎമ്മിന്റെ സർക്കുലറിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ സർക്കുലറിനെ പറ്റി ആർഎസ്എസ് വ്യാജപ്രചരണം നടത്തുന്നുവെന്നാണ് സിപിഎമ്മിന്റെ വിമർശനം. സർക്കുലറിൽ ഉറച്ചുനിൽക്കുന്നുവെന്നും സമൂഹത്തിൽ വർഗീയ ചേരിതിരിവുണ്ടാക്കാൻ അനുവദിക്കില്ലെന്നും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പ്രതികരിച്ചു.

'സിപിഎം ജില്ല കമ്മിറ്റി പുറപ്പെടുവിച്ച ഒരു സർക്കുലറിന്റെ പേരിൽ ആർഎസ്എസ് അടിസ്ഥാനരഹിതവും വർഗ്ഗീയവുമായ ഒരു പ്രചരണം നടത്തുന്നതായി ശ്രദ്ധയിൽപെട്ടു. ആർഎസ്എസിന്റെയും ബിജെപിയുടെയും യഥാർത്ഥ മുഖം വെളിവാക്കുന്നതാണ് ഈ പ്രചരണം. മതത്തിന്റെ പേരിൽ ജനങ്ങളെ എല്ലാതലത്തിലും വിഘടിപ്പിക്കാൻ ആര് ശ്രമിച്ചാലും അതിനെ സിപിഎം അതിശക്തമായി എതിർക്കും എന്നത് ഞങ്ങളുടെ പ്രഖ്യാപിത നിലപാടാണ്. സ്ഥാപനങ്ങൾ തുടങ്ങാൻ ഈ രാജ്യത്ത് എല്ലാവർക്കും അവകാശമുണ്ട്,

അതേസമയം അത്തരം സ്ഥാപനങ്ങൾ നാടിന്റെ ഐക്യത്തിനും കെട്ടുറപ്പിനും ജനങ്ങളുടെ സമാധാനജീവിതത്തിനും ഭീഷണിയാണെങ്കിൽ അതിനോട് സഹകരിക്കാതിരിക്കാനും ജനങ്ങളെ ജാഗ്രതപ്പെടുത്താനും ഞങ്ങൾക്കും അവകാശമുണ്ട്. വർഗ്ഗീയതയ്‌ക്കെതിരെ സന്ധിയില്ലാതെ പോരാടുന്ന പാർട്ടിയാണ് സിപിഎം, അതുകൊണ്ട് തന്നെ സമൂഹത്തിൽ ഉയർന്ന് വരുന്ന വർഗ്ഗീയ ലക്ഷ്യത്തോടെയുള്ള ഏതൊരു നീക്കത്തെയും കുറിച്ച് പാർട്ടി സഖാക്കളെ നിരന്തരം ബോധവാന്മാരാക്കുന്ന പ്രവർത്തനം പാർട്ടി എക്കാലവും നടത്തുന്നതാണ്.' ആനാവൂർ നാഗപ്പൻ പറയുന്നു.

ഹിന്ദുവിന്റെ പേരിൽ ബാങ്ക്, ക്രിസ്ത്യാനിയുടെ പേരിൽ ബാങ്ക് , മുസ്ലിമിന്റെ പേരിൽ ബാങ്ക് എന്ന നില ഒരിക്കലും സിപിഎം അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും ഇതൊന്നുമല്ലാത്തവരും ചേർന്ന ജനസമൂഹത്തെയാണ് പാർട്ടി വിഭാവനം ചെയ്യുന്നത്. സമുദായികമായുള്ള വേർതിരിവ് കേരളീയ സമൂഹത്തിൽ ഗുരുതരമായ അപകടമുണ്ടാക്കും എന്ന തിരിച്ചറിവാണ് ഞങ്ങൾക്കുള്ളത്.

ശ്രീനാരായണഗുരു, മഹാത്മാ അയ്യങ്കാളി, ചട്ടമ്പിസ്വാമികൾ, വക്കം മൗലവി, ചാവറയച്ചൻ തുടങ്ങിയ നവോഥാന നായകന്മാർ എല്ലാ വിഭാഗം ജനങ്ങളെയും ഒത്തൊരുമിച്ച് പോകാനാണ് പ്രേരിപ്പിച്ചത്. നവോഥാന പ്രസ്ഥാനങ്ങൾ ഉയർത്തിപിടിച്ച മൂല്യങ്ങൾ ഉയർത്തിയാണ് കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളും സിപിഎം ഉം മുന്നോട്ട് പോയിട്ടുള്ളത്. അതുകൊണ്ട് തന്നെ മനുഷ്യരെ ജാതിയും മതവും പറഞ്ഞ് വേർതിരിക്കുന്ന എല്ലാത്തിനും ഞങ്ങൾ എതിരാണ്. ഇത്തരത്തിലുള്ള അങ്ങേയറ്റം കുൽസിതമായ നീക്കങ്ങളോട് സഹകരിക്കരുത് എന്ന് പാർട്ടി അനുയായികളെ നിരന്തരം ഉൽബോധിപ്പിച്ച് കൊണ്ടിരിക്കുകയാണെന്നും ആനാവൂർ പറഞ്ഞു.

മാധ്യമം ദിനപത്രത്തിൽ വന്ന വാർത്തയാണ് ഇത്തരം ചർച്ചകൾക്ക് തുടക്കം കുറിച്ചത്. ബാങ്കുകളുടെ രജിസ്ട്രേഷൻ നടപടികൾ ഏകോപിപ്പിക്കുന്നതിന് ബിജെപി കർഷക മോർച്ചാ സംസ്ഥാന ഉപാദ്ധ്യക്ഷനും പ്രധാനമന്ത്രി യോജന സെല്ലിന്റെ സംഘാടകരിൽ ഒരാളുമായ വെങ്ങാനൂർ ഗോപകുമാറിനെ ആർഎസ്എസ് ചുമതലപ്പെടുത്തിയെന്നായിരുന്നു വാർത്ത. തുടർന്നാണ് തോമസ് ഐസക്ക് പ്രതികരണവുമായി രംഗത്തെത്തിയത്.

2014-ൽ പാർളമെന്റ് പാസാക്കിയ നിധി ആക്ട് പ്രകാരമുള്ള പബ്ലിക് ലിമിറ്റഡ് കമ്പനികളാണ് നിധി ലിമിറ്റഡ് കമ്പനികൾ. കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് കീഴിലാണ് നിധി ലിമിറ്റഡ് കമ്പനികൾ രജിസ്റ്റർ ചെയ്യുന്നത്. മൂന്ന് ഡയറക്ടർമാർ ഉൾപ്പെടെ ഏഴ് അംഗങ്ങളും അഞ്ചു ലക്ഷം രൂപയുടെ ഓഹരി മൂലധനവും ഉണ്ടെങ്കിൽ നിയമ വിധേയമായി ആർക്കും നിധി ലിമിറ്റഡ് കമ്പനികൾ ആരംഭിക്കാം. കമ്പനി തുടങ്ങി ഒരു വർഷത്തിനു ശേഷം 200 അംഗങ്ങളെ ചേർത്തിരിക്കണമെന്നും വ്യവസ്ഥ ഉണ്ട്. സ്ഥാപനത്തിന്റെ പേരിന്റെ അവസാന ഭാഗത്ത് നിധി ലിമിറ്റഡ് എന്നു ചേർക്കണമെന്നും നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു.