- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹോദരന്റെ പ്രണയത്തേയും ചാറ്റിനേയും എതിർത്ത യുവതിയുടെ വീട്ടുകാർ; വാട്സാപ്പിലെ സന്ദേശങ്ങളിൽ തുടങ്ങിയ മാട്ടൂലിലെ സംഘർഷം; എല്ലാം പറഞ്ഞു തീർക്കാനെത്തിയവർ തമ്മിലുണ്ടായത് അടിപടി; ഹിഷാമിന്റെ ജീവനെടുത്തത് കൂടപ്പിറപ്പിന്റെ പ്രണയ മോഹം; കോളമ്പിയെ കുത്തി മലർത്തിയ സാജിദ് പിടിയിൽ
കണ്ണൂർ: പഴയങ്ങാടി മാട്ടൂലിൽ യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതിയായ യുവാവ് കസ്റ്റഡിയിൽ. പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്ന് പൊലിസ് അറിയിച്ചു. മാട്ടൂൽ സൗത്ത് ബദറുപള്ളിക്കു സമീപാണ് യുവാവ് കുത്തേറ്റു മരിച്ചത്. മാട്ടൂൽ സൗത്തിലെ ട്രാവൽ ഏജൻസി ഉടമയായ മാട്ടൂൽ കടപ്പുറത്തെ ഹിഷാമെന്ന കോളാമ്പി ഹിഷാമാ(30)ണ് ഇന്നലെ രാത്രി എട്ടരയോടെ നാട്ടുമധ്യസ്ഥത്തിനിടെ കുത്തേറ്റു മരിച്ചത്.
ഹിഷാമിന്റെ കൂടെയുണ്ടായിരുന്ന ഷക്കീബിനും(30) അക്രമം തടയുന്നതിനിടെ കുത്തേറ്റു.ഇയാൾ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഷക്കീബിന്റെ പരുക്ക് ഗുരുതരമല്ലെന്നാണ് പൊലിസ് റിപ്പോർട്ട്. ഹിഷാമിന്റെ സഹോദരൻ പ്രദേശത്തെ ഒരു പെൺകുട്ടിയുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റിനെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് സംഘർഷമുണ്ടായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരും ബന്ധുക്കളും ഈക്കാര്യത്തിൽ ക്ഷുഭിതരായിരുന്നു.
അനാവശ്യ സന്ദേശങ്ങൾ അയക്കരുതെന്നു ആവശ്യപ്പെട്ടതു ഹിഷാമിന്റെ സഹോദരൻ തള്ളിയതും ഇതിനെതുടർന്നുണ്ടായ വ്യകതി വൈരാഗ്യവുമാണ് ദാരുണമായ കൊലപാതകത്തിൽ കലാശിച്ചത്. പ്രശ്നം ചർച്ച ചെയ്തു തീർക്കുന്നതിനാണ് ഹിഷാമും സൃഹുത്തുക്കളുമെത്തിയത്. എന്നാൽ ഇതു പിന്നീട് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പരസ്പരം വാക്കേറ്റമുണ്ടാവുകയും പ്രകോപനപരമായ രംഗങ്ങളുണ്ടാവുകയും ചെയ്തു.
പരസ്പരമുണ്ടായ വെല്ലുവിളിയുടെ ഭാഗമായാണ് ഫിഷർമെൻ കോളനിയിലെ സാജിദ്(30) ഹിഷാമിനെ കത്തിക്കൊണ്ടു കുത്തികൊലപ്പെടുത്തിയതെന്നു പഴയങ്ങാടി പൊലിസ് പറഞ്ഞു. നെഞ്ചിന് ആഴത്തിലുള്ള കുത്തേറ്റ ഹിഷാമിനെ ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിനു ശേഷം ഒളിവിൽ പോയ സാജിദ്പിന്നീട് രാത്രി ഏറെ വൈകി പൊലിസ് കീഴടങ്ങുകയായിരുന്നു.
അക്രമത്തിനു പിന്നിൽ മറ്റു പ്രതികളാരെങ്കിലുമുണ്ടോയെന്നു പൊലിസ് അന്വേഷിച്ചുവരികയാണ്. ഹിഷാമിന്റെ സഹോദരൻ ചാറ്റു ചെയ്യുകയും പ്രണയിക്കാൻ ശ്രമിക്കുകയും ചെയ്ത പെൺകുട്ടിയുടെ ബന്ധുകൂടിയാണ് സാജിദ്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്നും വ്യക്തിപരമായ വൈരാഗ്യമാണ് കൊലയ്ക്കു കാരണമെന്നും പഴയങ്ങാടി പൊലിസ് അറിയിച്ചു. ദുരഭിമാന കൊലയാണിതെന്നു സംശയിക്കുന്നതായി പ്രദേശവാസികളിൽ ചിലർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ