ന്യൂഡൽഹി: ആദ്യം വേണ്ടത് അയൽപക്കത്തെ ഒപ്പം നിർത്തുക-ഇതായിരുന്നു തുടക്കം മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വച്ച നയതന്ത്രം. തന്റെ സത്യപ്രതിജ്ഞയ്ക്ക് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ക്ഷണിച്ചതു പോലും ഇതിനായിരുന്നു. അന്ന് സാർക്കിലെ മറ്റ് രാജ്യ തലവന്മാരും അതിഥികളായി. പിന്നീട് സാർക്കിലെ അംഗരാജ്യങ്ങൾക്ക് നൽകിയ ഉറപ്പായിരുന്നു ഇന്ത്യയുടെ വക ഉപഗ്രഹം. എന്നാൽ പാക്കിസ്ഥാന് ഇതിൽ നിന്ന് പിന്മാറേണ്ടി വന്നു. അപ്പോഴും സാർക്കിലെ മറ്റുള്ളവരെ നിരാശരാക്കിയില്ല. അവർക്ക് ആ സമ്മാനം മോദി നൽകുകയും ചെയ്തു. അതുകൊണ്ട് തന്നെ സാർക്കിലെ മറ്റ് രാജ്യങ്ങളെല്ലാം ഒപ്പമാണെന്ന് ഉറപ്പിച്ച് മുന്നോട്ട് പോകാൻ ഇനി ഇന്ത്യയ്ക്ക് ആകും. മേഖലയിൽ സ്വാധീനം വളർത്താൻ ചൈന കിണഞ്ഞു ശ്രമിക്കുകയും ഇന്ത്യ പാക്ക് ബന്ധത്തിലെ ഉലച്ചിലുകൾ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മോദിയുടെ 'ബഹിരാകാശ നയതന്ത്രം'.

ദുരന്തനിവാരണ ഏകോപനം, വിദ്യാഭ്യാസ സേവനങ്ങൾ, ആശയവിനിമയം, ടെലിമെഡിസിൻ തുടങ്ങിയ മേഖലകളിൽ ദക്ഷിണേഷ്യൻ രാജ്യങ്ങൾ തമ്മിൽ കൂടുതൽ സഹകരണം സാധ്യമാക്കുന്ന വാർത്താവിനിമയ ഉപഗ്രഹമാണ് 'സൗത്ത് ഏഷ്യ സാറ്റലൈറ്റ്'. ഇന്നലെ ആയിരുന്നു ഇത് വിക്ഷേപിച്ചത്. അയൽരാജ്യങ്ങൾക്ക് സൗജന്യമായി ഉപയോഗിക്കാവുന്ന ഉപഗ്രഹം ഇതാദ്യമാണ്. ബഹിരാകാശ ഗവേഷണ രംഗത്തെ സമാനതകളില്ലാത്ത നേട്ടങ്ങൾ അയൽരാജ്യങ്ങളുമായി സൗജന്യമായി പങ്കുവയ്ക്കുക എന്ന ഇന്ത്യയുടെ സ്വപ്നമാണ് ഇതോടെ പൂവണിയുന്നത്. 12 വർഷം നീണ്ടുനിൽക്കുന്ന ദൗത്യത്തിന് 450 കോടിയോളം രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. ഉപഗ്രഹത്തിനു മാത്രം 235 കോടി രൂപ ചെലവായി. ഉപഗ്രഹത്തിലൂടെ 10,000 കോടിയോളം രൂപയുടെ ഗുണമാണ് സാർക് രാജ്യങ്ങൾക്കു ലഭിക്കുക.

ഐഎസ്ആർഒയുടെ ജിഎസ്എൽവിഎഫ്09 റോക്കറ്റാണു ഉപഗ്രഹവിക്ഷേപണം നടത്തിയത്. വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയ ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞന്മാരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഉപഗ്രഹ വിക്ഷേപണം ചരിത്രമുഹൂർത്തമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സാമ്പത്തിക രംഗത്തു വൻ കുതിച്ചുചാട്ടത്തിനു ഇതു വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ സഹകരണ സംഘമായ 'സാർക്കി'നായി നിർമ്മിച്ച വാർത്താവിനിമയ ഉപഗ്രഹമാണ് 'സൗത്ത് ഏഷ്യ സാറ്റലൈറ്റ്'. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു സാർക്ക് രാജ്യങ്ങൾക്കു വേണ്ടി ഉപഗ്രഹമെന്ന നിർദ്ദേശം ഐഎസ്ആർഒയ്ക്കു മുൻപിൽ വച്ചത്. കൃത്യസമയത്ത് തന്നെ മോദിയുടെ ആഗ്രഹ പ്രകാരം ഉപഗ്രഹ വിക്ഷേപണം നടക്കുകയും ചെയ്തു.

സാർക് രാജ്യങ്ങളിൽ പാക്കിസ്ഥാൻ ഒഴികെ എല്ലാവരും ഭാഗമാണ്. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, ഭൂട്ടാൻ, മാലദ്വീപ് എന്നീ രാജ്യങ്ങൾക്ക് സേവനങ്ങൾ ലഭ്യമാകും. 2014 ൽ പ്രധാനമന്ത്രി സ്ഥാനമേറ്റശേഷം നരേന്ദ്ര മോദിയുടെ ആദ്യ പ്രഖ്യാപനങ്ങളിലൊന്നായിരുന്നു ഇത്. 'സാർക് സാറ്റലൈറ്റ്' എന്നാണ് ആദ്യം പേരിട്ടതെങ്കിലും പാക്കിസ്ഥാൻ പിന്മാറിയതോടെ 'ദക്ഷിണേഷ്യൻ സാറ്റലൈറ്റ്' എന്നാക്കി മാറ്റി. സബ്കാ സാത്, സബ്കാ വികാസ് ആശയത്തിന്റെ തുടർച്ചയാണ് ബഹിരാകാശത്തെ സൗജന്യസേവനം. സാർക്ക് രാജ്യതലവന്മാരെല്ലാം ഇതിനെ സ്വാഗതം ചെയ്തിട്ടുണ്ട്. നേരത്തെ പാക്കിസ്ഥാനിൽ നടക്കാനിരുന്ന സാർക്ക് സമ്മേളനം ബഹിഷ്‌കരിക്കാൻ ഇന്ത്യ തീരുമാനിച്ചു. ഭീകരാക്രമണങ്ങളെ തുടർന്നായിരുന്നു. ഇതേ തുടർന്ന് സാർക്കിലെ ബഹുഭൂരിപക്ഷം പേരും പിന്മാറി. അങ്ങനെ പാക്കിസ്ഥാൻ ഒറ്റപ്പെടുകയും ചെയ്തു. ഈ സൗഹൃദം പുതിയ തലത്തിലേക്ക് എത്തിക്കുന്നതാണ് ബഹിരാകാശ നയതന്ത്രവും.

ദക്ഷിണേഷ്യൻ സാറ്റലൈറ്റ് വിക്ഷേപണം പ്രകൃതിയെ കുറിച്ച് അറിയാനുള്ള സുപ്രധാന ചുവടുവയ്പാണെന്ന് അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് മുഹമ്മദ് അഫ്‌റഫ് ഗനി പ്രതികരിച്ചു. വികസനം ജനങ്ങൾക്കു വേണ്ടിയാകണം. കുട്ടികൾക്കും സ്ത്രീകൾക്കും ഭരണനേട്ടങ്ങൾ ലഭ്യമാകണം. പാവങ്ങൾക്കും അധഃസ്ഥിതർക്കും ഏറെ ഗുണകരമാകും ഈ സഹകരണമെന്നും ഗനി പറഞ്ഞു. ഈ സുപ്രധാന നിമിഷത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നതായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും അറിയിച്ചു. ഇന്ത്യക്കും പ്രധാനമന്ത്രി മോദിക്കും ബംഗ്ലാദേശിന്റെ അഭിനന്ദനം. ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ ജനങ്ങളുടെ പുരോഗതിക്കു ദക്ഷിണേഷ്യൻ സാറ്റലൈറ്റ് സഹായകരമാകുമെന്നും ഷെയ്ഖ് ഹസീന പറഞ്ഞു. സൗഹൃദത്തിന്റെയും പരസ്പര സഹകരണത്തിന്റെയും ഉദാഹരണമാണ് ഇന്ത്യയുടെ സമ്മാനമെന്നു ഭൂട്ടാൻ പ്രധാനമന്ത്രി ഷിറിങ് ടോഗ്‌ബെയുടെ പ്രതികരണം. ഈ മേഖലയുടെ സമഗ്ര വളർച്ചക്കിത് സഹായിക്കും. ഭൂട്ടാൻ ഉൾപ്പെടുന്ന ദക്ഷിണേഷ്യയുടെ വികസനത്തിനായി ദീർഘദർശനത്തോടെ പ്രവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹൃദയം നിറഞ്ഞ നന്ദി. പ്രാദേശിക സഹകരണത്തിനു വിക്ഷേപണം മുതൽക്കൂട്ടാണെന്നും ടോഗ്‌ബെ പറഞ്ഞു.

അയൽരാജ്യങ്ങളോടുള്ള ഇന്ത്യയുടെ പ്രഥമപരിഗണനയുടെ ഉദാഹരണമാണിതെന്ന് മാലദ്വീപ് പ്രസിഡന്റ് അബ്ദുള്ള യമീൻ അബ്ദുൾ ഗയൂം അഭിപ്രായപ്പെട്ടു. സന്തോഷം നിറഞ്ഞ വേളയിൽ പ്രധാനമന്ത്രിക്ക് മാലദ്വീപിന്റെ നന്ദി. പൊതുനന്മയ്ക്കും മികച്ച സാമ്പത്തിക അവസരങ്ങൾക്കുമായി ഒരുമിച്ച് ജോലിചെയ്യാം. സബ്കാ സാത്ത് സബ്കാ വികാസ്- ഗയൂം പറഞ്ഞു. സാറ്റലൈറ്റ് വിക്ഷേപണം നേപ്പാളിന്റെ പർവത പ്രദേശത്തു ആശയവിനിമയത്തിനു സഹായിക്കുമെന്നു പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പറഞ്ഞു.  ഇന്ത്യക്കും മോദിക്കും അഭിനന്ദനവും അറിയിച്ചു.

മേഖലയിലെ സമ്പദ് വ്യവസ്ഥ പോഷിപ്പിക്കാനും ദാരിദ്യം ഇല്ലാതാക്കാനും ഇന്ത്യയുടെ നിലപാട് സഹായിക്കുമെന്നു ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന പറഞ്ഞു. അങ്ങനെ പ്രത്യക്ഷത്തിൽ തന്നെ സാർക് നേതാക്കളെല്ലാം ഇന്ത്യയ്ക്ക് പിന്നിൽ അണിനിരക്കുകയാണ്.