തീവ്ര വലതുപക്ഷ പാർട്ടി നടതതിയ ഇസ്ലാമിക വിരുദ്ധമായ ട്വീറ്റുകൾ അതിന്റെ ആധികാരികത പോലും പരിശോധിക്കാതെ റീട്വീറ്റ് ചെയ്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വിമർശിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌. തന്നെ വിമർശിക്കുന്നതിന് പകരം തെരേസ സ്വന്തം രാജ്യത്തെ ഇസ്ലാമിക ഭീകരത അടിച്ചമർത്തുന്നതിനുള്ള വഴികൾ ആലോചിക്കുകയാണ് വേണ്ടതെന്ന് ഡൊണാൾഡ് ട്രംപ്് തിരിച്ചടിച്ചു. ഇരുനേതാക്കളും ചേരിതിരിഞ്ഞതോടെ ബ്രിട്ടനും അമേരിക്കയും തമ്മിലുള്ള ബന്ധം മോശമായി.

ഇസ്ലാമിക വിരുദ്ധത തുളുമ്പുന്ന ട്വീറ്റുകൾ റീട്വീറ്റ് ചെയ്യുകയല്ല, അമേരിക്കയിലെ തീവ്ര വലതുവംശീയ വാദത്തെ ഇല്ലായ്മ ചെയ്യാനാണ് ട്രംപ് ശ്രമിക്കേണ്ടതെന്നാണ് തെരേസ പറഞ്ഞത്. വീഡിയോകൾ റീട്വീറ്റ് ചെയ്ത ട്രംപിന്റെ നടപടി തെറ്റായിപ്പോയെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കി. ബ്രിട്ടൻ ഫസ്റ്റ് എന്ന വലതുപക്ഷ സംഘടന പോസ്റ്റ് ചെയ്ത ട്വീറ്റുകളാണ് ട്രംപ് റീട്വീറ്റ് ചെയ്തത്. ഈ വീഡിയോകൾ അഞ്ചുവർഷം മുമ്പുള്ളതാണെന്നും അതിലൊന്നിൽ ഉൾപ്പെട്ടിരിക്കുന്നത് മുസ്ലീമല്ലെന്നും നെതർലൻഡ്‌സ് പൊലീസ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

തെരേസയുടെ വിമർശനമാണ് ട്രംപിനെ ചൊടിപ്പിച്ചത്. ബ്രിട്ടനിൽ വർധിച്ചുവരുന്ന ഇസ്ലാമിക ഭീകരതയെ അടിച്ചമർത്താനാണ് തെരേസ ശ്രമിക്കേണ്ടതെന്നായിരുന്നു ട്രംപിന്റെ മറുപടി. എന്നാൽ, ഇത്തരം മറുപടികൾ തന്നെ അലോസരപ്പെടുത്തുന്നില്ലെന്ന് തെരേസയും പറഞ്ഞതോടെ, അമേരിക്കയും ബ്രിട്ടനുമായുള്ള സവിശേഷബന്ധത്തിൽ ഉലച്ചിൽ വന്നു. മാത്രമല്ല, അടുത്തവർഷം ട്രംപ് ബ്രിട്ടനിലേക്ക് നടത്താനിരുന്ന സന്ദർശനവും ഈ പശ്ചാത്തലത്തിൽ അനിശ്ചിതത്വത്തിലായി.

ട്രംപ് വീഡിയോകൾ റീട്വീറ്റ് ചെയ്തപ്പോൾത്തന്നെ അതിനെതിരെ ബ്രിട്ടനിൽ ശക്തമായ വികാരമുയർന്നിരുന്നു. ട്രംപിനുള്ള ഔദ്യോഗിക ക്ഷണം പിൻവലിക്കണമെന്ന് ഒട്ടേറെ എംപിമാർ തെരേസയോട് ആവശ്യപ്പെടുകയും ചെയ്തു. പിന്നാലെയാണ് ഇരുനേതാക്കളും ട്വീറ്റിനെച്ചൊല്ലി നേർക്കുനേർ വന്നത്. പശ്ചിമേഷ്യൻ പര്യടനത്തിലാണ് തെരേസയിപ്പോൾ. ജോർദനിൽവെച്ച് മാധ്യമപ്രവർത്തകരുമായി സംസാരിക്കവെയാണ് പ്രധാനമന്ത്രി അമേരിക്കൻ പ്രസിഡന്റിനെതിരെ തിരിഞ്ഞത്.

പലകാര്യങ്ങളിലും ഒരുമിച്ച് പ്രവർത്തിക്കുന്നു എന്നതുകൊണ്ട് അമേരിക്ക തെറ്റ് ചെയ്താൽ അത് തുറന്നുപറയാൻ ബ്രിട്ടന് പേടിയുണ്ടെന്ന് കരുതരുതെന്ന് തെരേസ പരഞ്ഞു. ബ്രിട്ടൻ ഫസ്റ്റിന്റെ ട്വീറ്റുകൾ റീട്വീറ്റ് ചെയ്തത് തെറ്റാണെന്ന് പറയുന്നതിൽ തനിക്കൊരു മടിയുമില്ലെന്ന് അവർ പറഞ്ഞു. തീവ്ര വലതുപക്ഷ രാഷ്ട്രീയത്തെയാണ് പ്രധാനമായും ചെറുക്കേണ്ടത്. ഭീകരതപോലെ തന്നെ അപകടകരമാണ് തീവ്ര വലതുപക്ഷ രാഷ്ട്രീയവുമെന്നും അവർ പറഞ്ഞു.

ട്രംപ് തിന്മയുടെ മൂർത്തിയാണെന്ന് ലിബറൽ ഡമോക്രാറ്റിക് നേതാവവ് വിൻസ് കേബിൾ പറഞ്ഞു. തെരേസ മേയെ അവഹേളിക്കാനാണ് ട്രംപ് ശ്രമിച്ചതെന്ന് ഷാഡോ ഫോറിൻ സെക്രട്ടറി എമിലി തോൺബെറിയും പറഞ്ഞു. നേതാക്കളുടെ പ്രസ്താവനകളിൽ മാത്രമൊതുങ്ങി നിൽക്കുന്നില്ല ബ്രിട്ടന്റെ പ്രതിഷേധം. അമേരിക്കയിലെ ബ്രിട്ടന്റെ സ്ഥാനപതിയായ കിം ഡറോച്ച് റീട്വീറ്റുകൾ തെറ്റായ നടപടിയാണെന്ന് കാണിച്ച് വൈറ്റ് ഹൗസിന് ഔദ്യോഗിക പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.