കണ്ണൂർ: എച്ച്.ഐ.വി. ബാധിതയാണെന്ന് ആരോപിച്ച് ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന ഹോസ്റ്റലിൽ നിന്നും വിദ്യാർത്ഥിനിയെ പുറത്താക്കി. അതോടെ വിദ്യാർത്ഥിനിയുടെ പഠനവും നിലച്ചു.

പിലാത്തറയിലെ ഒരു സ്വകാര്യ കോളേജിലെ ബി.എസ്.സി. സൈക്കോളജി വിദ്യാർത്ഥിനിക്കാണ് ഈ ദുരനുഭവമുണ്ടായത്. കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായ കൊട്ടിയൂർ സ്വദേശിനിയാണ് വിദ്യാർത്ഥിനി. രക്ഷിതാക്കൾ എച്ച്.ഐ.വി. ബാധിതരായിരുന്നു.

വർഷങ്ങൾക്കു മുമ്പ് പിതാവ് മരണമടഞ്ഞിരുന്നു. എച്ച്.ഐ.വി. ബാധിതരായ അമ്മ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. കൊട്ടിയൂരിലെ സ്‌ക്കൂളിൽ അക്കാലത്ത് വിദ്യാർത്ഥിനിക്കും സഹോദരനും പഠനം നിഷേധിക്കപ്പെട്ടത് ഏറെ വിവാദങ്ങൾക്കിടയായിരുന്നു. നിരവധി സാമൂഹ്യ രാഷ്ട്രീയ സംഘടനകൾ കുട്ടികളുടെ സ്‌കൂൾ പ്രവേശനത്തിനു വേണ്ടി രംഗത്തിറങ്ങിയിരുന്നു. ചലച്ചിത്ര നടൻ സുരേഷ് ഗോപി ഉൾപ്പെടെയുള്ളവർ പ്രശ്‌നത്തിൽ ഇടപെട്ടതോടെയാണ് കുട്ടികളുടെ പഠനത്തിന് വഴിതെളിഞ്ഞത്.

പഠിക്കാൻ മിടുക്കിയായ വിദ്യാർത്ഥിനി സൈക്കോളജി കോഴ്‌സ് തന്നെ ഉപരി പഠനത്തിന് തിരഞ്ഞെടുക്കുകയായിരുന്നു. അങ്ങനെയാണ് പിലാത്തറയിലെ വിറാസ് കോളേജിൽ പഠനം ആരംഭിച്ചത്. വിളയാങ്കോട് കോളേജ് മാനേജ്‌മെന്റിന്റെ കീഴിൽത്തന്നെയുള്ള വാദിഹൂദ ട്രസ്റ്റ് നടത്തുന്ന ഹോസ്റ്റലിലാണ് കുട്ടി പഠനം ആരംഭിച്ചത്. ഏതാനും ദിവസം മുമ്പ് വിദ്യാർത്ഥിനി എച്ച്.ഐ.വി. ബാധിതയാണെന്ന് ആരോപിച്ച് ഹോസ്റ്റലിൽ നിന്നും ഇറക്കി വിടുകയായിരുന്നു.

ഹോസ്റ്റലിൽ നിന്നും ഇറങ്ങിയപ്പോൾ ഒരു അഗതി മന്ദിരത്തിൽ താമസിച്ച് പഠനം ആരംഭിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ വയോധികരും നിരാലംബരും മാത്രമാണ്് അവിടെയുണ്ടായിരുന്നത്. സൈക്കോളജി വിഷയമെടുത്ത് പഠിക്കുന്ന പെൺകുട്ടിക്ക് അവിടെ പഠിക്കാനുള്ള അന്തരീക്ഷം ഉണ്ടായിരുന്നില്ല. അതോടെ മാനസികമായി തകർന്ന വിദ്യാർത്ഥിനി പഠനം ഉപേക്ഷിക്കുകയായിരുന്നു.

താൻ എച്ച്.ഐ.വി. ബാധിതയാണെന്ന് പെൺകുട്ടി തന്നെ മറ്റുള്ളവരെ അറിയിച്ചിരുന്നുവെന്നാണു ഹോസ്റ്റൽ അധികൃതർ പറയുന്നത്. അതോടെയാണ് വിദ്യാർത്ഥിനികളിൽ ഭൂരിഭാഗം പേരും ഹോസ്റ്റൽ വിട്ട് പോയതെന്നും അധികൃതർ വാദിക്കുന്നു. ഇതോടെ പെൺകുട്ടി ഹോസ്റ്റൽ വിട്ട് പോകുകയായിരുന്നുവെന്നാണ് ഹോസ്റ്റൽ അധികൃതർ പറയുന്നത്.