അങ്കമാലി: ഐസിസ് തീവ്രവാദിയെന്ന് ഭീഷണിമുഴക്കി അങ്കമാലി ഫെഡറൽ ബാങ്ക് മുഖ്യശാഖയിൽ ബോംബുമായെത്തി ആശങ്ക പടർത്തിയ യുവാവിന് മാനസികപ്രശ്‌നങ്ങളുണ്ടെന്ന് പൊലീസ്. സാമ്പത്തികബുദ്ധിമുട്ടിൽ ഉഴലുന്ന വിനു ലോൺ തുക അടയ്ക്കാനുള്ളതുകൊണ്ടാണ് ഇത് ചെയ്തതെന്നാണ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി. ഇത് വിശ്വാസത്തിലെടുക്കേണ്ട സാഹചര്യമുണ്ടെന്ന് പൊലീസ് അറിയിച്ചു. എന്നാൽ ഉചിതമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യാനാണ് നീക്കം.

ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംഭവം. മാനേജറുടെ ക്യാമ്പിനുള്ളിൽ കയറിയ വിനു തന്റെ കൈയിലുള്ളത് ബോംബാണെന്നും അത്യുഗ്ര സ്‌ഫോടകശേഷിയുള്ള ബോംബുകൾ ബാങ്കിന്റെ മറ്റു സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുണ്ടെന്നും ഭീഷണി മുഴക്കി. ഉടനെ അമ്പതുലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. കൈവശമുണ്ടായിരുന്ന കത്ത് മാനേജർക്കു നൽകി. തങ്ങൾ ഇസ്ലാമിക് സ്‌റ്റേറ്റ് എന്ന സംഘടനയിലെ ജിഹാദി അംഗങ്ങളാണെന്നും സംഘടനക്കായി വന്ന മനുഷ്യ ബോംബാണ് താനെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു. അതിശക്തമായ ഒരു ബോംബുമായാണ് വന്നിരിക്കുന്നതെന്നും സമാനമായ നാല് ബോംബുകൾ ബാങ്ക് കെട്ടിടത്തിനു ചുറ്റും വച്ചിട്ടുണ്ടെന്നും കത്തിൽ പറയുന്നു.

പൊലീസിനെ വിളിച്ചാൽ ബോംബ് പൊട്ടിച്ച് എല്ലാവരെയും കൊല്ലുമെന്നും വ്യക്തമാക്കിയിരുന്നു. മിനിറ്റുകൾ മാത്രമേ കാത്തു നിൽക്കുകയുള്ളൂവെന്നും പണവുമായി തങ്ങൾ പുറത്തിറങ്ങിയശേഷം അരമണിക്കൂർ കഴിഞ്ഞേ പുറത്തിറങ്ങാനോ പൊലീസിനെ വിളിക്കാനോ പാടുള്ളൂവെന്നും കത്തിൽ പറഞ്ഞിരുന്നു. കത്ത് ഇംഗ്ലീഷിലും മലയാളത്തിലുമാണ് എഴുതിയിരുന്നത്. കത്ത് വായിച്ച് ബാങ്ക് മാനേജർ ആന്റണി സെബാസ്റ്റ്യൻ ചീഫ് മാനേജറുടെ അടുത്തേക്ക് വിനുവിനെ വിടുകയായിരുന്നു. ഇതിനിടെ ബാങ്ക് ഉദ്യോഗസ്ഥർ പൊലീസിനെ വിളിച്ചിരുന്നു. മഫ്തിയിൽ എത്തിയ പൊലീസ് വിനുവിനെ കീഴ്‌പ്പെടുത്തുകയായിരുന്നു. പിന്നീട് ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും എത്തി പരിശോധന നടത്തിയെങ്കിലും വേറെ ബോംബുകളൊന്നും കണ്ടെത്തിയില്ല. ഇതോടെയാണ് ആശങ്കമാറിയത്.

അങ്കമാലി കിടങ്ങൂർ തട്ടാൻപറമ്പിൽ ഹരിദാസിന്റെ മകൻ വിനുവാണ് (42) അറസ്റ്റിലായത്. വിനു കൊണ്ടുവന്ന ബോംബ്, സ്‌ക്വാഡ് എത്തി നിർവീര്യമാക്കി. ഇലക്‌ട്രോണിക് സാധനങ്ങളും പൈപ്പുകളും ടൈമറും സർക്യൂട്ടുകളും അടങ്ങിയ പെട്ടിയാണ് ബോംബ് ആക്കി മാറ്റിയത്. ഇലക്‌ട്രോണിക് എൻജിനീയറായ വിനു വെബ് ഡിസൈനർ കൂടിയാണ്. വെബ്‌സൈറ്റിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബോംബ് നിർമ്മിച്ചത്. ബോംബിൽ സ്‌ഫോടക സാധനങ്ങൾ നിറച്ചിരുന്നില്ല. സ്‌ഫോടക വസ്തുക്കൾ നിറയ്ക്കാനുള്ള പൈപ്പുകൾ തെർമോകോൾവച്ച് അടച്ചിരുന്നു. കല്യാൺ ജുവലറിയിലും സമാനമായ ഓപ്പറേഷനു വേണ്ടി തയാറാക്കിയ കത്തും പെട്ടിയിൽ നിന്നു കണ്ടെടുത്തിരുന്നു.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സാമ്പത്തികബുദ്ധിമുട്ടും ലോൺ തുക അടയ്ക്കാനുള്ളതുകൊണ്ടാണ് താൻ ഈ കൃത്യം ചെയ്തതെന്ന് വിനു പറഞ്ഞത്. വിനുവിന് ഐസിസുമായി യാതൊരു ബന്ധവുമില്ലെന്നും പൊലീസ് കണ്ടെത്തി. ഒരുമാസംകൊണ്ടാണ് ബോംബ് ഉണ്ടാക്കിയതെന്ന് വിനു പറഞ്ഞു. വിവാഹിതനാണെങ്കിലും എട്ടുവർഷം കഴിഞ്ഞിട്ടും കുട്ടികളില്ലാത്തത് വിനുവിനെ നിരാശനാക്കിയിരുന്നു. മാനസിക അസ്വസ്ഥത പലപ്പോഴും കാണിക്കാറുണ്ടെന്നും പറയപ്പെടുന്നു. ഇതും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.