ന്യൂഡൽഹി: അർജുന അവാർഡ് നിർണയത്തിനെതിരെ പരാതിയുമായി ഹോക്കി ഇന്ത്യയും ബില്യാർഡ്‌സ് ആൻഡ് സ്‌നൂക്കർ ഫെഡറേഷൻ ഓഫ് ഇന്ത്യയും രംഗത്തെത്തി. ഹോക്കിയിൽ നിന്നും ബില്യാർഡ്‌സിൽ നിന്നും ആരെയും പുരസ്‌കാരത്തിന് പരിഗണിച്ചില്ലെന്നു പരാതിപ്പെട്ട അസോസിയേഷനുകൾ അഞ്ച് മലയാളികൾക്ക് പുരസ്‌കാരം നൽകിയതിനെയും വിമർശിച്ചു. അഞ്ച് മലയാളികൾക്ക് പുരസ്‌കാരം നൽകിയതിൽ ഗൂഢാലോചനയുണ്ടെന്നാണ് ഹോക്കി ഇന്ത്യയുടെ ആരോപണം.

വിവാദങ്ങൾ ഉയർന്നതിനെ തുടർന്ന് 19ന് അവാർഡ് നിർണയ സമിതി വീണ്ടും ചേരാൻ തീരുമാനമായി. അവാർഡിനുള്ള ശുപാർശകൾ പുനഃപരിശോധിക്കാനും വീണ്ടും നിർണയിക്കാനും തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ. ബോക്‌സിങ് താരം മനോജ് കുമാറിനെ പരിഗണിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

കപിൽ ദേവ് അധ്യക്ഷനായുള്ള പുരസ്‌കാര നിർണയ സമിതിയിൽ രാജ്യാന്തര ലോങ്ജമ്പ് താരം അഞ്ജു ബോബി ജോർജ്, സായ് മേധാവി ജിജി തോംസൺ തുടങ്ങിയവർ അംഗങ്ങളായിരുന്നു.